ഗ്യാസിനും മീനിനും വിലകൂടുന്നതുമാത്രമല്ല സ്ത്രീകളുടെ പ്രശ്നങ്ങളെന്നും അവർക്ക് മുന്നിൽ വെല്ലുവിളികൾ അനവധിയുണ്ടെന്നും തെളിയിച്ചു തരുന്ന ചിത്രം. അതാണ് ‘പുതിയ നിയമം’. ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന നല്ല ചിത്രമാണ് മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ഈ സിനിമ.

കമ്മ്യൂണിസ്റ്റ് സഹയാത്രികനും അഭിഭാഷകനുമായ ലൂയിസ്‌ പോത്തനും ഭാര്യ വാസുകിയും മകളും അടങ്ങുന്ന കുടുംബം‌. നഗരമദ്ധ്യത്തിലെ ഫ്ലാറ്റിലാണ് താമസം. സന്തോഷകരമായി പോകുന്ന കുടുംബജീവിതത്തിൽ പെട്ടന്നൊരു ദിവസം വാസുകിക്കെന്തോ ഒരു മാറ്റം. പെരുമാറ്റത്തിലും മറ്റും ദുരൂഹതയും അസ്വഭാവികതയും.

വാസുകിയുടെ ഈ ദുരൂഹതയ്ക്ക് പിന്നിലെ യാഥാർത്ഥ്യം തേടിയുള്ള അന്വേഷണമാണ് ഈ സിനിമ. അത് നമ്മളെ കൊണ്ടെത്തിക്കുന്നത് അതിക്രൂരമായ യാഥാർത്ഥ്യത്തിലേക്കും. കൂട്ടികൊടുപ്പുകാരും കൊലയാളികളും നമ്മുടെ നിയമത്തിന് മുന്നിലൂടെ കൂസലില്ലാതെ നടക്കുമ്പോൾ അവിടെ സാധാരണക്കാരന് വേണ്ടി ഒരു പുതിയ നിയമം സൃഷ്ടിക്കപ്പെടുന്നു. ഇത് വാസുകിയുെട നിയമമാണ്.

തുടക്കം മുതൽ ഒടുക്കം വരെ കാത്തു സൂക്ഷിക്കുന്ന സസ്പൻസ്. അതു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും. ഏച്ചുകെട്ടിയ സംഭാഷണങ്ങളും വലിച്ചുനീട്ടിയ ആദ്യ പകുതിയും സിനിമയുടെ പോരായ്മയാണ്. എന്നാൽ രണ്ടാം പകുതി പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലേക്കാണ്. പെെട്ടന്നൊരു യു ടേൺ. പൂർണമായും ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ മാറുന്നു.

കാലത്തിനതീതമായ കഥ. കെട്ടുറപ്പുള്ള തിരക്കഥ. ഇത്ര മൂർച്ചയേറിയ പ്രമേയത്തിന്റെ അവതരണത്തിൽ കൂടുതൽ പുതുമയാകാമായിരുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന എ.കെ സാജന് സംവിധാനത്തിൽ ചിലപാകപ്പിഴവുകൾ സംഭവിച്ചതായി തോന്നിയേക്കാം. കഥയിലെ ചില സാങ്കേതികപരമായ വസ്തുതകളും കുറ്റമറ്റതാക്കാമായിരുന്നു.

ലൂയിസ്‌ പോത്തൻ എന്ന വക്കീൽ കഥാപാത്രത്തെ മമ്മൂട്ടി അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. കുടുംബനാഥനായും വക്കീലായും അവതാരകനായും മമ്മൂട്ടി, ലൂയിസിനെ ഒന്നുകൂടി മികച്ചതാക്കി. എസ്‌.എൻ.സ്വാമി, കോട്ടയം പ്രദീപ്‌, അജു വർഗ്ഗീസ്, ജീന ഭായ്‌ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷീലു അബ്രഹാം, ബേബി അനന്യ, രചന നാരായണൻകുട്ടി, ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രദ്ധനേടിയ സോഹൻലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

നയൻതാരയുടെ അഭിനയപ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. മലയാളത്തിൽ ആദ്യമായി ഡബു ചെയ്ത് നോക്കിലും വാക്കിലും തുടക്കം മുതൽ തന്നെ ദുരൂഹത ഉണർത്തുന്ന വാസുകിയായി നയൻസ് തിളങ്ങി. തഴക്കം ചെന്ന പ്രകടനം. ഒരുപക്ഷേ മലയാളത്തിൽ നയൻതാരയുടെ ഏറ്റവും മികച്ച കഥാപാത്രവും പുതിയ നിയമത്തിലെ വാസുകി അയ്യരായിരിക്കും

വിവേക് ഹർഷന്റെ ചിത്രസംയോജനവും ത്രില്ലർ സിനിമയ്ക്ക് യോജിക്കുന്ന രീതിയിൽ തന്നെയായിരുന്നു. നവാഗതനായ റോബി വർഗ്ഗീസ്‌ രാജ് ആണ് ഛായാഗ്രഹണം. ആദ്യ സിനിമയാെണന്ന തോന്നൽ ഒരു ഫ്രെയിമിൽ പോലും കാണില്ല. ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകർന്നിരിക്കുന്നത് വിനു തോമസ് ആണ്. ടൈറ്റിൽ ഗാനം അതിമനോഹരം. ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം പശ്ചാത്തലസംഗീതത്തില്‍ പുതുമകളൊന്നും അവകാശപ്പെടാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here