കൊല്ലം > മോഡിഭരണത്തിന് കീഴില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കരിദിനങ്ങളിലൂടെയാണ് ജെഎന്‍യു സര്‍വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കടന്നുപോകുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ രാജ്യത്തിന്റെ അഭിമാനമായ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുകയെന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജെഎന്‍യുവില്‍ ചില വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആചരിച്ചെന്ന പേരില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളെയും മറ്റും മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്ത സംഭവം ന്യായീകരിക്കാനാകില്ല. മോഡിഭരണത്തിന് കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ജെഎന്‍യു സംഭവം തെളിയിക്കുന്നു.

ഹൈന്ദവ ഫാസിസത്തിന്റെ കടന്നാക്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത പാരമ്പര്യമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്. ഈ അര്‍ഥത്തില്‍ ജെഎന്‍യു തീവ്രഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടാണ്. ഇവിടെ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വേരോട്ടം കിട്ടുമോയെന്ന അന്വേഷണം കേന്ദ്രം തുടങ്ങിയിട്ട് ഏറെനാളായി. സുബ്രഹ്മണ്യന്‍ സ്വാമിയെ ജെഎന്‍യു വൈസ് ചാന്‍സലറാക്കാനുള്ള നീക്കം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍, എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു.

എന്നാല്‍, ഇതേത്തുടര്‍ന്ന് ജെഎന്‍യു ഭീകരരുടെ ഒളിത്താവളമാണെന്ന രീതിയിലുള്ള കുപ്രചാരണങ്ങള്‍ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ടു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നതായി ആര്‍എസ്എസ് മുഖമാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ജെഎന്‍യുവില്‍ ഭീകരവിദ്യാര്‍ഥികളെ നേരിടാന്‍ പ്രത്യേക പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നുവരെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

പല ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ‘ജെഎന്‍യു അടച്ചുപൂട്ടണം’ എന്ന പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. ചെറിയ വിഭാഗം വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റിന് ജെഎന്‍യു പോലെയുള്ള വിദ്യാര്‍ഥി സ്ഥാപനം അടച്ചുപൂട്ടണമെന്ന് വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്.

രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറുമുണ്ട്. ഇദ്ദേഹം എബിവിപിയെ തോല്‍പ്പിച്ചാണ് പ്രസിഡന്റാകുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജെഎന്‍യുവില്‍ നടന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കങ്ങളാണെന്നു വ്യക്തമാകും.

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന ദളിത് ഗവേഷക വിദ്യാര്‍ഥി കടുത്ത വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദഗതിയും അയാള്‍ രാജ്യദ്രോഹിയാണ് എന്നതാണ്. എന്നാല്‍, ആ വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്കുവരെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി വാര്‍ത്ത ദുരുപദിഷ്ടം
കൊല്ലം > ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഔദ്യോഗിക കാലാവധി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടെന്ന വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നാണ് വിശ്വാസം. ചീഫ് സെക്രട്ടറിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ എതിരുനിന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചിട്ടില്ലെന്നിരിക്കെ ഇത്തരം വാര്‍ത്ത സൃഷ്ടിക്കുന്നത് ദുരുപദിഷ്ടമാണ്– വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here