കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിയാരം മെഡിക്കൽ കോളജിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നീക്കം അവസാനനിമിഷം ഒഴിവാക്കി. ജയരാജൻ പരിയാരത്തു തന്നെ ചികിൽസയിൽ തുടരും.

റിമാൻഡു തടവുകാരനായ ജയരാജനെ അടിയന്തരഘട്ടമെന്ന നിലയിലാണ് പരിയാരത്തേക്കു മാറ്റിയതെന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തേക്കു മാറ്റണമെന്നും കാണിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പരിയാരം മെഡിക്കൽ കോളജ് അധികൃതർക്ക് കത്തുനൽകിയിരുന്നു. ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജയരാജൻ നാലു തവണ ആൻജിയോപ്ലാസ്റ്റിക്കു വിധേയനായിട്ടുണ്ടെന്നും തുടർചികിൽസ ആവശ്യമാണെന്നുമായിരുന്നു പരിയാരം മെഡിക്കൽ കോളജിൽ നിന്നും സെൻട്രൽ ജയിൽ അധികൃതർക്കു ലഭിച്ച റിപ്പോർട്ട്. ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനു തടസ്സമില്ലെന്നും മെഡിക്കൽ ആംബുലൻസിലേ യാത്ര ചെയ്യാൻ പാടുള്ളുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജയരാജനെ ഇന്നു തന്നെ കോഴിക്കോടേക്കു മാറ്റാനുള്ള ഒരുക്കങ്ങൾ സെൻട്രൽ ജയിൽ അധികൃതർ നടത്തുന്നതിനിടെയാണു നടപടികൾ തൽക്കാലത്തേക്കു നിർത്തിവക്കാൻ ആഭ്യന്തരവകുപ്പിൽ നിന്നു നിർദേശമെത്തിയത്.

ജയരാജന്റെ ആശുപത്രി മാറ്റം രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവക്കുമെന്നതിനാലാണു തീരുമാനം. അതേ സമയം കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നു ഹൃദ്രോഗവിദഗ്ധർ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാലാണ് ജയരാജനെ മാറ്റാത്തതെന്നാണു ജയിൽ അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം.