ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വമായ നടപടികളിലൊന്നില്‍ സുപ്രീംകോടതി കൊളീജിയത്തിന്‍റെ സ്ഥലംമാറ്റ ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി സ്റ്റേ ചെയ്തു. സ്ഥലം മാറ്റത്തെക്കുറിച്ച് ഏപ്രില്‍ 29നകം രേഖാമൂലം വിശദീകരണം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് സി.എസ്. കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാവശ്യപ്പെട്ടു. അസാധാരണ നടപടി ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി, ജസ്റ്റിസ് കര്‍ണന് ചുമതലയൊന്നും നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ തീര്‍ത്തും അസാധാരണമായ നടപടിയായാണ് സുപ്രീംകോടതി കൊളീജിയത്തിന്‍റെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കര്‍ണന്‍റെ നടപടി വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ശുപ്രാര്‍ശപ്രകാരമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് കര്‍ണനെ ഈമാസം പന്ത്രണ്ടിന് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലംമാറ്റ ഉത്തരവ് സ്വമേധയാ സ്റ്റേ ചെയ്ത ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം തേടുകയായിരുന്നു.

സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിന്‍റെ പകര്‍പ്പ്, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും, നിയമമന്ത്രിക്കും, ദേശീയ പട്ടികജാതി കമ്മിഷനും അയക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശിച്ചു. വിഷയം മദ്രാസ് ഹൈക്കോടതി റജിസ്ട്രാല്‍ ജനറല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണന് ചുമതലകളൊന്നും നല്‍കരുതെന്ന് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചത്. ഇക്കാര്യം ജസ്റ്റിസ് കര്‍ണനെ അറിയിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ജസ്റ്റിസ് കര്‍ണന് സ്വന്തം ചെലവില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് കെഹാര്‍ വ്യക്തമാക്കി. അതേസമയം ദലിതനായതുകൊണ്ടാണ് സുപ്രീംകോടതി തന്നെ വേട്ടയാടുന്നതെന്ന് ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു. ജാതിവെറി പിടിച്ച നാടാണ് ഇന്ത്യയെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായും ജസ്റ്റിസ് കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here