ആഷിക്ക് അബു എന്തിന് രാഷ്ട്രീയം പറയുന്നു?

സിനിമക്കാർ പൊതുവെ രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ല എന്നൊന്നും ഇല്ല. രാഷ്ട്രീയ നിലപാട് എടുക്കാൻ പാടില്ലാത്തവരാണെന്നുള്ള തെറ്റായ ധാരണ എങ്ങനെയോ നമുക്ക് വന്നുകഴിഞ്ഞു. പലരും നിങ്ങൾ സിനിമ ചെയ്താൽ പോരെ എന്തിനാണ് രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതെന്നു ചോദിച്ചപ്പോൾ ഞാനും ആലോചിച്ചു. ഇതൊക്കെ പറയാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ടല്ലോ എന്തിനാണ് സിനിമക്കാരുടെ ആവശ്യം. സത്യത്തിൽ കലാകാരന്മാരായിട്ടുള്ള ആളുകളും സിനിമാക്കാരായിട്ടുള്ള ആളുകളും എഴുപതുകളിൽ വയലാർ, പ്രേംനസീർ അങ്ങനെ ഒരുപാടാളുകളിൽ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ കലാകാരന്മാരെല്ലാം തന്നെ അവരുടെ രാഷ്ട്രീയ നിലപാട് വളരെ ക്ലിയറായിട്ട് പ്രകടിപ്പിച്ചിട്ടുള്ള ആൾക്കാരാണ്. പലരും രാഷ്ട്രീയപ്രവർത്തകരായിരുന്നു. പിന്നീടെപ്പോഴൊക്കെയോ ആ ഒരു ഗൗരവം ഇതിൽ നിന്നു മാറി എല്ലാവരും വളരെ വ്യക്തിപരമായ സുഖസൗകര്യങ്ങളിലോട്ട് ഒതുങ്ങി. ഇപ്പോഴും പൊതുകാര്യങ്ങളിൽ സ്വതന്ത്രമായിട്ടുള്ള നിലപാടെടുക്കാൻ ഭയക്കുന്നു. ഇപ്പോഴും ഭയമുള്ള ആൾക്കാരുണ്ട്. ഒരു മുറിയിൽ ഇരുന്ന് എല്ലാവരും ചർച്ചചെയ്യുന്ന സമയത്ത് അവർക്ക് അഭിപ്രായം ഉണ്ടാകും. പൊതു വേദിയിൽ ഭയക്കും.അതിന്റെ പ്രധാനകാരണം ഇവർ ആക്രമിക്കപ്പെടും എന്നാണ്. അപ്പോൾ ഒരു ചോദ്യം വരും സിനിമാക്കാരല്ലേ. നിങ്ങളെന്തിനാണ് ഈ കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായം പറയുന്നത്.

രാഷ്ട്രീയമാണ്. പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ വ്യക്തിപരമായിട്ട് സ്വകാര്യ സദസിലൊക്കെ അവർ വളരെ ശക്തമായിട്ടുള്ള നിലപാടുകൾ എടുക്കുകയും ചെയ്യും. എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന ആൾക്കാർക്കും അങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടായിട്ടില്ല. നമുക്ക് നമ്മുടെ അഭിപ്രായം പറയാം. മുമ്പും അഭിപ്രായം പറഞ്ഞിരുന്നു. സിനിമ എന്നു പറയുന്നത് ഭയങ്കര പോപ്പുലറായിട്ടുള്ള മീഡിയ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ്. എന്നെ ആൾക്കാർ അറിയാൻ തുടങ്ങിയത്. ആ പോപ്പുലാരിറ്റിയിൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരു കലാകാരനെന്ന നിലയ്ക്ക് നാട്ടിൽ നടക്കുന്ന കാര്യങ്ങളോട് എന്തെങ്കിലും തരത്തിലുള്ള പ്രതികരണം ആളുകളുടെ മുമ്പിലേക്ക് ഒരു ചർച്ചയ്ക്ക് വഴിവയ്ക്കുമെങ്കിൽ അതൊരു നല്ല കാര്യമായിട്ടാണ് കരുതുന്നത്.

ഞങ്ങൾ പറയുന്നത് രാഷ്ട്രീയപരമായി കറക്ടായിട്ടുള്ള കാര്യങ്ങളായിരിക്കണമെന്നില്ല. അത് വേറൊരു ചർച്ചയ്ക്ക്, അല്ലെങ്കിൽ ഒരു വിവാദത്തിന് മാർഗമുണ്ടാകുമെങ്കിൽ വളരെ പോസിറ്റീവായിട്ടുള്ള കാര്യമായിട്ടാണ് തോന്നുന്നത്. കാരണം ഡെമോക്രസിയിലാണ് ജീവിക്കുന്നതെങ്കിലും ആ ഡെമോക്രസിയുടെ പൂർണമായ അർഥത്തിൽ ഇവിടെ ഇംപ്ലിമെന്റഡ് ആണോ എന്നു ചോദിച്ചുകഴിഞ്ഞാൽ ഒരുപാട് തരത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ഒരു കറക്ഷൻ ആവശ്യമുണ്ട്. എവിടെത്തുടങ്ങണം ആരുതുടങ്ങണം എന്ന് ഞങ്ങളെപ്പോലുള്ള ആർട്ടിസ്റ്റുകൾക്ക് പറയാനേ പറ്റൂ. ഇവിടെ പ്രശ്നങ്ങളുണ്ട് അത് കറക്ട് ചെയ്യണമെന്ന്.

സൈലൻസ് ഒരു ക്രൈം ആണ്. നമ്മുടെ നിശബ്ദത വലിയൊരു കുറ്റമായിട്ട് ഭവിക്കും. അത് ഇപ്പോൾ ആയിരിക്കില്ല പലതും കണ്ട് കണ്ണടക്കും. ഇപ്പോഴത്തെ റോഡുകളുടെ സ്ഥിതി നോക്കിയാൽ ആ അവസ്ഥയുമായിട്ട് നമ്മൾ ഇണങ്ങി, ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുടെ ശാരീരിക അവസ്ഥ, ആരോഗ്യം നശിച്ച് അങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്നു. ഒരു റോഡിലെ കുഴിയൊന്നും നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രശ്നമല്ലല്ലോ. നമ്മൾ മിണ്ടാതിരിക്കും. ആ നിശബ്ദത പലപ്പോഴും ഇങ്ങനെയുള്ള ആൾക്കാർക്ക് ലൈസൻസ് ആയി മാറും. പിന്നെ ശബ്ദിക്കണമെന്നു തോന്നുന്ന സമയത്ത് അത് സാധിച്ചു എന്ന് വരികയില്ല.

ഒരു രാഷ്ട്രീയപാർട്ടിയോ, രാഷ്ട്രീയ നേതാവോ, സിനിമാ സംവിധായകനോ, സാംസ്കാരിക പ്രവർത്തകനോ പറയുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കണമെന്നില്ല. പക്ഷേ അതിനെപ്പറ്റി ആലോചിക്കാനുള്ള അവസരം സാധാരണക്കാരായ ജനങ്ങൾക്കുണ്ട്. അങ്ങനൊരവസരം കിട്ടിയാൽ ആലോചിക്കുന്നത് നല്ലതാണ്.

പരസ്യമായി നിലപാടുകൾ എടുക്കുമ്പോൾ ആഷിക്കിന് ഭയമില്ലേ ?

സത്യം പറയാൻ പേടിക്കണ്ട. നുണ പറയുമ്പോഴാണ് പേടിക്കേണ്ടത്. ഒരു നിലപാടെടുക്കണം. എന്റെ നിലപാടുകളെല്ലാം ശരിയാകണമെന്ന അവകാശവാദമൊന്നുമില്ല. അതൊരു വിവാദത്തിലേക്ക് തുറക്കാം. എന്റെ ഉദ്ദേശവും അതുതന്നെയാണ്. ആളുകൾ സംസാരിക്കട്ടെ. എന്നെ എന്തെങ്കിലും പറയുന്നു എന്നുള്ളതുകൊണ്ട് ആ വിഷയത്തിന്റെ പ്രസക്തി മാറുന്നില്ലല്ലോ. ചീത്തവിളി കേട്ടാലും സാരമില്ല. ഡിസ്കഷൻ ഉണ്ടാകുമ്പോഴാണല്ലോ ജനങ്ങൾ കുറച്ചുകൂടി ജാഗരൂകരാകുന്നത്. അങ്ങനെയൊരവസ്ഥ ഉണ്ടാകട്ടെ എന്നാണ്. അതിൽ ഒരു ഭയവും ഇല്ല.

ആഷിക്ക് അബു എങ്ങനെ കമ്യൂണിസ്റ്റായി ?

ഇടതുപക്ഷ അനുഭാവിയാണെന്നു പറയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. കാരണം ഇടതുപക്ഷം ഒരു രാഷ്ട്രീയപാർട്ടി അല്ല എന്നും അത് ഐഡിയോളജിയാണ്. ലെഫ്റ്റ് എന്താണെന്ന് ഗൂഗിൾ ചെയ്താൽ അറിയാം പറ്റും. ഹ്യുമാനിറ്റി, സെക്യുലറിസം, സോഷ്യലിസം ഇതെല്ലാംകൂടെ ഒരുപാട് കാര്യങ്ങൾ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു ഐഡിയോളജി ആയിട്ടാണ് അതിനെ പഠിച്ചിട്ടുള്ളത്. ഞാൻ ജനിച്ച വീട്ടിൽ നിന്നു കിട്ടിയിട്ടുള്ള ഫീഡ് ബാക്കുകളുണ്ടാകും.വായിച്ച പുസ്തകങ്ങളുണ്ടാകും, കോളജിൽ വന്നതിനുശേഷം അല്ലെങ്കിൽ ഹൈസ്കൂൾ കാലഘട്ടത്തിൽ ഒക്കെ നമ്മൾ അറിഞ്ഞ കാര്യങ്ങൾ നമ്മുടെ അറിവ് എല്ലാത്തിനേയും അടിസ്ഥാനപ്പെടുത്തിയാണ് ഒരു തീരുമാനം എടുക്കുന്നത്. മറ്റൊന്നും ഇത്രയേറെ എന്നെ ആകർഷിച്ചിട്ടില്ല. മറ്റൊരു ഐഡിയോളജിയും സംതൃപ്തിപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയത്തെ ആഷിക്ക് അബു എങ്ങനെ കാണുന്നു ?

നമ്മുടെ ഡെമോക്രസിയിൽ വോട്ടു ചെയ്തു ജീവിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്ന് വിശ്വസിക്കുന്ന ആളാണ്.ഡെമോക്രസിയുടെ ജീവവായു ആണ് രാഷ്ട്രീയം. പക്ഷേ നമ്മുടെ ചില മോശം നേതാക്കന്മാരുടെ പ്രവർത്തനം കൊണ്ടും അവരെ കളിയാക്കിക്കൊണ്ട് മിമിക്രിക്കാർ ഉണ്ടാക്കിയ കുറേ കാര്യങ്ങൾകൊണ്ടും. കുറേ സിനിമകൾ രാഷ്ട്രീയക്കാരെ പരിഹസിച്ചുണ്ടാക്കിയതുകൊണ്ടൊക്കെ ഈ രാഷ്ട്രീയപ്രവർത്തനം എന്നു പറയുന്നത് പ്രത്യേക തരം ആളുകൾക്ക് പതിച്ച് നൽകിയിട്ടുള്ള സംഗതിയാണെന്ന് കരുതി പൊതുജനം എന്നുള്ളതിൽ നിന്നും മാറിനിൽക്കുക. നല്ല നേതാക്കൻമാർ അവിടെ വരുന്നില്ല. കാരണം പൊതുജനം ജനാതിപത്യ പ്രക്രിയയിൽ ആക്ടീവായി പങ്കെടുക്കുന്നില്ല. അപ്പോൾ വളരെ നിലവാരം കുറഞ്ഞ ആളുകൾ ആ സ്ഥാനങ്ങൾ കയ്യാളുകയും ഡെമോക്രസി ഉപയോഗിക്കുകയും ചെയ്യും. ആ സമയം നമ്മൾ രാഷ്ട്രീയക്കാർ അല്ല എന്നു പറഞ്ഞ് മാറിനിന്നാൽ സംഭവിക്കുന്നത് ഈ സിസ്റ്റം നമുക്കെതിരെ ഉപയോഗിക്കും അല്ലെങ്കിൽ ആ സിസ്റ്റം അവർക്കുവേണ്ടി ഉപയോഗിക്കും അതാണ് പലപ്പോഴും നടക്കുന്നത്.

നമുക്കൊന്നും വയ്യാത്ത അവസ്ഥയിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഡെമോക്രാറ്റിക് ആയുള്ള രാജ്യത്ത് താമസിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണെന്നുള്ളതാണ്. അതിനൊരു ഡ്രസ്കോഡോ പ്രത്യേകരീതിയിൽ സംസാരിക്കുന്ന ആൾക്കാരോ മാത്രമല്ല രാഷ്ട്രീയക്കാർ. ഒരു വീട്ടമ്മവരെ രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. അടുക്കളത്തോട്ടം കൃത്യമായിട്ട് ഉപയോഗിക്കുന്ന വീട്ടമ്മവരെ രാഷ്ട്രീയപ്രവർത്തനത്തിൽ ഉള്ളതാണ്. അതാണ് സത്യത്തിൽ രാഷ്ട്രീയപ്രവർത്തനം.

എന്തു കൊണ്ട് ഇതു വരെ ഒരു രാഷ്ടീയ സിനിമ സംവിധാനം ചെയ്തില്ല ?

ഞാൻ ചെയ്ത സിനിമകളിലെല്ലാം കൃത്യമായിട്ടും പൊളിറ്റിക്സ് ഉണ്ട്. റാണി പദ്മിനിയിലും പൊളിറ്റിക്സ് ഉണ്ട്. ടാ തടിയാ എന്ന സിനിമ ഏറ്റവും വലിയ പൊളിറ്റിക്കൽ സിനിമയായി കാണുന്നു. രണ്ടു കൊടിവച്ചാൽ മാത്രമേ പൊളിറ്റിക്കൽ സിനിമയാകൂ എന്ന് പൊതുസമൂഹത്തിനൊരു ബോധമുണ്ട്. മുദ്രാവാക്യം വിളിച്ചാൽ മാത്രമേ രാഷ്ട്രീയ സിനിമ ആകൂ. ടാ തടിയാ എന്തുകൊണ്ടാണ് പൊളിറ്റിക്കൽ സിനിമ അല്ലാത്തത്. പൊളിറ്റിക്കൽ സിനിമ ആയത് മേയറായിട്ട് മത്സരിക്കുന്നതുകൊണ്ടല്ല. സൊസൈറ്റിയിൽ മനപൂർവ്വമല്ലാത്ത ശരീരഭാരം കൂടുതലുള്ള ആളുകളെ കളിയാക്കുകയും, തടിയൻമാർ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. അവരുടെ കഥപറയുന്ന സിനിമ ഒരു പൊളിറ്റിക്കൽ സിനിമയാണ്.

സ്ത്രീകളുടെ സിനിമ അല്ലെങ്കിൽ സ്ത്രീകളുടെ പക്ഷം പറയുന്ന സിനിമ പൊളിറ്റിക്കൽ സിനിമ തന്നെയാണ്. പൊളിറ്റിക്കലി ഇൻകറക്ടായിട്ടുള്ള കാര്യം ഒരിക്കലും സിനിമയിൽ വരരുതെന്ന് ശ്രദ്ധിക്കും. ഞാൻ ചെയ്തിട്ടുള്ള സിനിമകളിലൊക്കെ രാഷ്ട്രീയം കൃത്യമായിട്ട്, രണ്ട് കൊടികളുണ്ടോ, മൂന്നു കൊടികളുണ്ടോ എന്ന് നോക്കാതെ ഈ നിലയ്ക്കു നോക്കുകയാണെങ്കിൽ കൃത്യമായിട്ടുള്ള രാഷ്ട്രീയം കാണാം.

ഫെയ്സ്ബുക്കിലെ സിനിമാ റിവ്യൂസിനെ ആഷിക്ക് എന്ന സംവിധായകൻ ഭയക്കുന്നുണ്ടോ ?

നമ്മളിലാരും വേറൊരാളുടെ പോസ്റ്റിൽ പോയിട്ട് അയാളെ ചീത്ത വിളിക്കും എന്നുതോന്നുന്നില്ല. പക്ഷേ ചില വിഭാഗം ആൾക്കാർ അത് ചെയ്യുന്നുണ്ട്. ഈ ആളുകൾ തന്നെ ഒരുപാടാളുകളുടെ പോസ്റ്റുകളിൽ പോയി ചീത്തവിളിക്കുന്നവരുണ്ട്. അതുകൊണ്ട് ഫേയ്സ്ബുക്കുപയോഗിക്കുന്നവർ മോശക്കാരാണെന്ന് അല്ല. പല ആൾക്കാരും ഒരു പോസ്റ്റ്പോലും ഇടാതെ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവരുണ്ട്. ഫേയ്സ്ബുക്കുകൊണ്ടൊരു സിനിമ നശിപ്പിക്കാമെന്നോ വൈരാഗ്യം തീർക്കാമെന്നോ ഒക്കെ ഉണ്ടാകും. അതൊന്നും ഒരു ഡിസൈഡിങ് ഫാക്ടറാണെന്ന് തോന്നുന്നില്ല.തെറ്റും ശരിയുമേതാണെന്ന് ആളുകൾക്ക് ഏകദേശം ഓൺലൈനിൽ കൂടി തിരിച്ചറിയാൻ തുടങ്ങി. ആളുകൾക്ക് വിവേചന ബുദ്ധിയുണ്ടെന്ന് തന്നെയാണ് തോന്നുന്നത്.

മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്നതിനോട് യോജിപ്പുണ്ടോ ?

മതം തന്നെ ഒരു സംഘടനയാണ്. മതം എന്നു പറയുന്നത് പ്രത്യേക ഐഡിയോളജിയിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ സംഘടനയാണ്. ആ സംഘടനയുടെ പേരിൽ വേറൊരു സംഘടന എന്ന ലോജിക് മനസിലാകുന്നില്ല. ആളുകളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നത് ശക്തമായിട്ടുള്ള എതിർപ്പുണ്ട്. അത് ശരിയായ പ്രവർത്തനമല്ല. അത് ഏതു മതക്കാര് ചെയ്താലും ഏതു മതത്തിന്റെ പേരിൽ ചെയ്താലും കാരണം മതവിശ്വാസം വളരെ വ്യക്തിപരമായ കാര്യമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കലർത്തി അതിന്റെ അഡ്വാന്റേജ് രാഷ്ട്രീയത്തിലുണ്ടാക്കാൻ നോക്കുന്നതിനോട് രാജ്യത്ത് തന്നെ വലിയ എതിർപ്പുണ്ട്. പ്രത്യേക മതവിഭാഗം എന്നില്ല. ഈ പ്രവർത്തി നമ്മുടെ നാടിന് ഒരിക്കലും ഗുണം ചെയ്യാൻ പോകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here