കുവൈത്തില്‍ കൃഷിപ്പണിക്കായുള്ള വീസ നിയമ വിരുദ്ധമായി കാര്‍ റെന്‍റല്‍ കമ്പനിയിലേക്ക് മാറ്റിയ ഈജിപ്തുകാരായ 12 പേരെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബിദൂനിയും പിടിയിലായിട്ടുണ്ട്.

കാര്‍ഷിക മേഖലയിലെ വീസ സ്വകാര്യമേഖലയിലേക്ക് മാറ്റാന്‍ പാടില്ലെന്നാണ് നിയമം. മൂന്നു വര്‍ഷത്തിനുശേഷം കാര്‍ഷിക മേഖലയില്‍ തന്നെ മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ മാത്രമേ അനുമതിയുള്ളൂ. എന്നാല്‍ ഇടനിലക്കാരനായ ബിദൂനി സാമൂഹിക-തൊഴില്‍ മന്ത്രാലയത്തിലെ ജീവനക്കാരനുമായി ചേര്‍ന്ന് പന്ത്രണ്ടു പേര്‍ക്ക് വീസാ മാറ്റി നല്‍കുകയായിരുന്നു. 700 ദിനാര്‍ വീതമാണ് ഓരോരുത്തരില്‍നിന്നും ഈടാക്കിയിരുന്നത്. മന്ത്രാലയത്തിന്‍റെ രേഖകളില്‍ ചേര്‍ക്കാതെയായിരുന്നു ജീവനക്കാരന്‍ കൃത്രിമമായി കാര്‍ റെന്‍റല്‍ കമ്പനിയിലേക്ക് ഇഖാമ മാറ്റി നല്‍കിയതെന്ന് ഇടനിലക്കാരന്‍ പൊലീസിനു മൊഴിനല്‍കി. പിടിയിലായവരെ പ്രോസിക്യൂഷന് കൈമാറി.

സ്വകാര്യമേഖലയില്‍ വീസ ലഭിക്കാന്‍ പ്രയാസമായതിനാല്‍ വിദേശികളെ കൊണ്ടുവരുന്നതിന് പലരും കാര്‍ഷിക മേഖലയിലെ വീസയാണ് ഉപയോഗിക്കുന്നത്. അത്തരം വീസ ഒരു വര്‍ഷത്തിനു ശേഷം സ്വകാര്യമേഖലയിലേക്ക് മാറാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നു. വീസക്കച്ചവടം തൊഴിലാക്കിയ പലരും ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ചതോടെയാണ് കാര്‍ഷിക മേഖലയിലെ വീസ മൂന്നു വര്‍ഷത്തിനുശേഷം അതേ മേഖലയിലേക്ക് മാത്രമേ മാറാന്‍ പാടുള്ളൂവെന്ന നിയമം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here