കണ്ണൂര്‍ ജില്ലാപഞ്ചായത്തു പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് കാരായി രാജന്‍ രാജിവെച്ച ഒഴിവിലേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും. ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്‍റ് കെ.വി.സുമേഷ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായേക്കും. കാരായി ചന്ദ്രശേഖരന്‍ രാജിവെച്ച ഒഴിവിലേക്ക് തലശേരി നഗരസഭയിലും അടുത്തദിവസം തിരഞ്ഞെടുപ്പ് നടക്കും.

പരിയാരം ഡിവിഷന‍ില്‍ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗമായ കെവി സുമേഷ് നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. എസ് എഫ് ഐ മുന്‍സംസ്ഥാനസെക്രട്ടറി കൂടിയായ സുമേഷ് സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്. ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജന് ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കാതിരുന്നതോടെയാണ് രണ്ടാഴ്ച മുമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്.സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗമായ കാരായി രാജന്‍ നവംബര്‍ 19 നാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലവിട്ടുപോകാന്‍ വിലക്കുണ്ടായിരുന്നതിനാല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്.

പ്രസിന്‍റിന്‍റെ അസാന്നിധ്യത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിപി ദിവ്യയാണ് ഭരണച്ചുമതല വഹിച്ചിരുന്നത്. ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫിന് പതിനഞ്ചും യുഡിഎഫിന് ഒമ്പതും അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് കക്ഷിനേതാവ് തോമസ് വര്‍ഗീസ് മല്‍സരിക്കും. കോടതി വിധി എതിരായതോടെ നഗരസഭാഅധ്യക്ഷ സ്ഥാനം രാജിവെച്ച കാരായി ചന്ദ്രശേഖരന്‍റെ ഒഴിവിലേക്ക് സിപിഎം തലശേരി ഏരിയ കമ്മിറ്റിഅംഗം സി.കെ രമേശനെ അധ്യക്ഷനാക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാകമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ അടുത്തദിവസം നഗരസഭയിലും തിരഞ്ഞെടുപ്പ് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here