വാണിജ്യ മന്ത്രാലയത്തിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലോകത്തിന്‍റെ ഏതു കോണിലിരുന്നും ഖത്തറില്‍ വ്യവസായം തുടങ്ങാം. ഇതിനാവശ്യമായ ലൈസന്‍സും മറ്റു കാര്യങ്ങളും എംഇസി ഖത്തര്‍ എന്ന മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും. ഖത്തറിലെ നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താന്‍ വാണിജ്യമന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ സൗകര്യം.

ഏതു തരം കമ്പനിയാണ് തുടങ്ങേണ്ടതെന്ന് ആപ്പിന്‍റെ ജനറല്‍ സര്‍വീസ് ബോക്‌സില്‍നിന്ന് തിരഞ്ഞെടുക്കുന്നതോടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് കടക്കാനാവും. സ്ഥാപനത്തിന്‍റെ പേര് തിരഞ്ഞെടുക്കുകയാണ് അടുത്തപടി. ഒരു വ്യക്തിക്കോ ഒന്നിലധികം പേര്‍ ചേര്‍ന്നോ ലിമിറ്റഡ് ലയബിലിറ്റി കമ്പനി തുടങ്ങാം. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ നേരത്തെ തിരഞ്ഞെടുത്ത വാണിജ്യനാമം രേഖപ്പെടുത്തണം.

എന്തൊക്കെയാണ് കമ്പനിയുടെ ഉത്തരവാദിത്വം, നിയന്ത്രണം എങ്ങനെ, കമ്പനിയുടെ അടിസ്ഥാന വിവരങ്ങള്‍, പ്രവര്‍ത്തന രീതി, എത്ര കാലത്തേക്കാണ് കമ്പനി നടത്താനുദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം അപ്‌ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങളില്‍ തെറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ അയക്കാനുള്ള അറിയിപ്പ് ലഭിക്കും.

പരിശോധനയില്‍ തൃപ്തികരമെന്ന് കണ്ടെത്തിയാല്‍ അനുമതി നല്‍കുന്നതിനായി അപേക്ഷകന്‍ മന്ത്രാലയത്തില്‍ നേരിട്ടു ഹാജരാകാനുള്ള അറിയിപ്പ് ലഭിക്കും. കമ്പനി ഭരണഘടനാ വ്യവസ്ഥകള്‍ ഒപ്പുവയ്ക്കുന്നതിനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനുമാണ് മന്ത്രാലയത്തിലേക്ക് നേരിട്ടെത്തുന്നത്. ഈ ഒറ്റ സന്ദര്‍ശനത്തോടെ പുതിയ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാകും.

ലൈസന്‍സ് പുതുക്കല്‍, കമ്പനിരേഖകള്‍ പരിശോധിക്കല്‍, ലഭ്യമായ വാണിജ്യനാമങ്ങള്‍ ഏതൊക്കെയെന്നു തിരയുക, ഭരണപരമായ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ തരം സേവനങ്ങള്‍ മന്ത്രാലയം ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here