2018 മുതല്‍ യുഎഇ മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പാക്കും. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള ജി.സി.സി രാജ്യങ്ങളുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി. ധനകാര്യസഹമന്ത്രി ഒബെയ്ദ് ഹുമൈദ് അല്‍ തായറാണ് ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

2018ല്‍ എല്ലാ ജി.സി.സി രാജ്യങ്ങളിലും ഏകീകൃത നികുതി സംവിധാനം നടപ്പാക്കാനാണ് ഈ രാജ്യങ്ങള്‍ തമ്മിലുള്ള ധാരണ. എണ്ണയിതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് നികുതി കൊണ്ടുവരുന്നത്. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയായിരിക്കും ഏര്‍പ്പെടുത്തുക. ആദ്യവര്‍ഷം 12 ബില്യണ്‍ ദിര്‍ഹത്തിന്‍റെ അധികവരുമാനം മൂല്യവര്‍ധിത നികുതിയിലൂടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ആരോഗ്യരംഗം, വിദ്യാഭ്യാസം, നൂറോളം ഭക്ഷണ പദാര്‍ഥങ്ങള്‍, സൈക്കിളുകള്‍ തുടങ്ങിയവയെ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചനകള്‍. മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ധനകാര്യസഹമന്ത്രി അറിയിച്ചു.

കുവൈത്തും ഒമാനും അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ മൂല്യവര്‍ധിത നികുതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്തില്‍ ആദായനികുതിയും വില്‍പന നികുതിയും ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ നികുതികള്‍ ഏര്‍പ്പെടുത്തണമെന്ന് രാജ്യാന്തര നാണ്യ നിധി അടക്കമുള്ള സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here