Home / അമേരിക്ക / സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയിലെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍

സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയിലെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിലെ പ്രധാന തിരുനാളായ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍ ജൂണ്‍ 12 മുതല്‍ 14 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം 6.30 ന് വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ പതാക ഉയര്‍ത്തി തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന ഇംഗ്ലീഷ് ദിവ്യബലിയില്‍ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫൊറോന വികാരി റവ. ഫാ. ഏബ്രാഹം മുത്തോലത്ത്, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ മോണ്‍. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മോണ്‍. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. സേക്രഡ് ഹാര്‍ട്ട് യൂത്ത് ക്വയര്‍ ഇംഗ്ലീഷ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഡിആര്‍ഇ സാബു മുത്തോലത്തിന്റെയും സിസിഡി ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍ ജെനി ഒറ്റത്തൈക്കലിന്റെയും നേതൃത്വത്തില്‍, എല്ലാ മതബോധന സ്‌കൂള്‍ കുട്ടികളെയും അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വാര്‍ഷിക കലോത്സവം അരങ്ങേറി.

13നു (ശനി) വൈകുന്നേരം 5.30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍, മാര്‍ ജേക്കബ് അങ്ങാടിയാത്ത് മുഖ്യകാര്‍മികനായ വിശുദ്ധ കുര്‍ബാനയില്‍, മോണ്‍. തോമസ് മുളവനാല്‍, റവ. ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. സാബു മാലിത്തുരുത്തേല്‍, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ. സാബു മാലിതുരുത്തേല്‍ വചന സന്ദേശം നല്‍കി. സെന്റ് മേരീസ് ഇടവകയിലെ ഗായകസംഘം ആത്മീയഗാനശുശ്രൂഷകള്‍ നയിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മങ്ങള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗമായ സുനില്‍ കോയിത്തറയുടെ സ്വാഗത പ്രസംഗത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ ജേക്കബ് അങ്ങാടിയാത്ത്, മോണ്‍. തോമസ് മുളവനാല്‍, എന്റര്‍ടൈന്‍മെന്റ് ടീം കോഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി എന്നിവര്‍ നിലവിളക്ക് തെളിച്ച് കലാസന്ധ്യ ആരംഭിച്ചു. വൈവിധ്യങ്ങളായ കലാപരിപാടികള്‍കൊണ്ട് നിറഞ്ഞ ഈ വര്‍ഷത്തെ കലാസന്ധ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സുനില്‍ കോയിത്തറ അവതാരകനായിരുന്നു. സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും സെന്റ് മേരീസ് ഇടവകയും ചേര്‍ന്നാണു കലാപരിപാടികള്‍ അവതരിപ്പിച്ചത്.

പ്രധാന തിരുനാള്‍ ദിവസമായ 14ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആരഭിച്ച ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക്, ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സോണി എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര തിരുനാള്‍ സന്ദേശം നല്‍കി. ഗാനശുശ്രൂഷകള്‍ക്ക് സേക്രഡ് ഹാര്‍ട്ട് ഗായകസംഘം നേത്യുത്വം നല്‍കി. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തിരുനാള്‍ പ്രദക്ഷിണവും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ദര്‍ശന തിരുനാളിന്റെ ഭക്തി നിര്‍ഭരമായ പ്രദക്ഷിണത്തിന്, ഷിക്കാഗോ സീറോ മലങ്കര ഇടവകവികാരി ഫാ. ബാബു മടത്തില്‍പറമ്പില്‍ കാര്‍മികത്വം വഹിച്ചു.

സെന്റ് സ്റ്റീഫന്‍, ഹോളി ഫാമിലി കൂടാരയോഗാംഗങ്ങളാണ് തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുനാള്‍ ക്രമീകരണങ്ങള്‍ക്കു കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരും കൂടാരയോഗം കോഓര്‍ഡിനേറ്റര്‍മാരായ ടോണി പുല്ലാപ്പള്ളി, ടോമി കുന്നശേരി എന്നിവരും നേത്യുത്വം നല്‍കി.

തിരുക്കര്‍മങ്ങളില്‍ കാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്‌നിച്ചവര്‍ക്കും തിരുനാളില്‍ പങ്കെടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവര്‍ക്കും ഫൊറോന വികാരി റവ. ഫാ. ഏബ്രാഹം മുത്തോലത്ത് നന്ദി പ്രകാശിപ്പിച്ചു.

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *