സൗദിയ്ക്കും യുഎഇയ്ക്കും പിന്നാലെ ലെബനനെതിരെ കര്‍ശന നിലപാടുമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും. ലബനനിലുള്ള പൗരന്‍മാര്‍ എത്രയും വേഗം അവിടം വിടണമെന്ന് ഖത്തറും കുവൈത്തും നിര്‍ദേശിച്ചു. തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലബനനെതിരെ തിരിയുന്നത്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളാണ് എത്രയും വേഗം ലബനന്‍ വിടാന്‍ അവിടെയുള്ള പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലബനനില്‍ കഴിയുന്ന പൗരന്‍മാര്‍ തിരികെ പോരുന്നതിന് എത്രയും വേഗം ബെയ്റൂട്ടിലെ എംബസികളുമായി ബന്ധപ്പെടണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശിച്ചു. ലെബനനിലേക്ക് പോകുന്നതിനെതിരെയും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗദിയും യുഎഇയും ലബനനിലേക്ക് പോകുന്നത് വിലക്കിയിട്ടുണ്ട്.

ബഹ്റൈനും സൗദിയും ലബനനുമായുള്ള നയതന്ത്രബന്ധങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഷിയ അനുകൂല തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ലബനീസ് സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. അറബ്, മുസ്‌ലീം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇറാനെതിരെ സൗദി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാന്‍ ലബനന്‍ വിസമ്മതിച്ചിരുന്നു. ഇറാനിലെ സൗദി എംബസിക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാതിരുന്ന ലബനനന്‍റെ നടപടിയും ഗള്‍ഫ് രാജ്യങ്ങളെ പ്രകോപിപ്പിച്ചു.

ഹിസ്ബുള്ളയെ സഹായിക്കുന്നു എന്നാരോപിച്ച് ലബനനു പ്രഖ്യാപിച്ച 400 കോടി ഡോളറിന്‍റെ സഹായവും സൗദി പിന്‍വലിച്ചിട്ടുണ്ട്. സൈനിക പൊലീസ് നവീകരണത്തിനായാണ് സൗദി ഈ തുക വാഗ്ദാനം ചെയ്തത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലബനനില്‍ സൗദി, ഹിസ്ബുള്ള അനുകൂലികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി.

LEAVE A REPLY

Please enter your comment!
Please enter your name here