വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാർഥിത്വം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കേരളത്തിലേക്ക്. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ വി.എസും പിണറായി വിജയനും മൽസരിക്കുന്ന കാര്യത്തിൽ ധാരണയായില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം അടുത്തയാഴ്ച വരാനിരിക്കെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സിപിഎം തുടങ്ങുന്നത്. 2006ലും 2011ലും ഉണ്ടായതുപോലെ വിഎസിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇത്തവണ ഉണ്ടാകരുതെന്ന് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മറ്റിയിലെ ചര്‍ച്ചക്ക് മുന്‍പ് തന്നെ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സംസ്ഥാന കമ്മറ്റിയിലാകും അന്തിമ തീരുമാനം എടുക്കുക. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനൊപ്പം വിഎസും മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷത്തിന്‍റെയും നിലപാട്.

സീതാറാം യച്ചൂരിയും ഇതിനോട് യോജിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്നകാര്യം പരിഗണിക്കുമെന്ന് വിഎസും വ്യക്തമാക്കിയിട്ടുണ്ട്. പ്രായം കണക്കിലെടുത്ത് വിഎസ് മത്സരിക്കുന്നതൊഴിവാക്കണമെന്ന് ചില കേന്ദ്ര നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സംസ്ഥാന ഘടകത്തിന്‍റെ നിലപാടാകും നിര്‍ണ്ണായകമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here