പാന്‍ക്രിയാറ്റിക് കാന്‍സര്‍ നാല് വിധത്തിലുണ്ടെന്നും ഏതാണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ചികിത്സ നല്‍കുന്നത് രോഗത്തെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പഠനം.
ലക്ഷണങ്ങള്‍ പരിശോധിച്ച് അതിനുവേണ്ട ചികിത്സയാണ് നല്‍കേണ്ടത്. ഇത് രോഗികളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
എല്ലാ പാന്‍ക്രിയാറ്റിക് കാന്‍സറും ഒരുപോലെയിരിക്കുമെങ്കിലും ജനിതക ഘടനയില്‍ത്തന്നെയുള്ള വ്യത്യാസങ്ങളും മറ്റും അതില്‍തന്നെ വ്യത്യസ്തതരം കാന്‍സറിന് കാരണമാകുന്നു. നാല് തരം കാന്‍സറുകളാണ് പഠനത്തില്‍ കണ്ടെത്തിയത്. നാലിനും നാല് തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത്. ഏതുതരം പാന്‍ക്രിയാറ്റിക് കാന്‍സറാണ് ബാധിച്ചതെന്ന് കണ്ടെത്തുകയാണ് ആദ്യംവേണ്ടത്.
കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നാണ് വിലയിരുത്തല്‍. ഒരുശതമാനം പേര്‍ക്കുമാത്രമാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ അതിജീവനശേഷിയുള്ളത്.
ശരിയായ സമയത്ത് രോഗംകണ്ടെത്തി ശരിയായ ചികിത്സ നല്‍കുന്നതിലൂടെ രോഗത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുമെന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ലെന്നെ റെയ്നോള്‍ഡ് പറയുന്നത്.
ഏത് തരം പാന്‍ക്രിയാറ്റിക് കാന്‍സറാണ് ബാധിച്ചിരിക്കുന്നതെന്നും അതിന് ഏത് ചികിത്സാരീതിയാണ് ഉതകുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗികള്‍ക്ക് ഏറെക്കാലം ജീവിക്കാമെന്നും ലെന്നെ പറയുന്നു.
വ്യത്യസ്ത തരത്തിലുള്ള പാന്‍ക്രിയാറ്റിക് കാന്‍സറുകളും അതിന്റെ സങ്കീര്‍ണതകളും മനസിലാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മനസിലാക്കിക്കഴിഞ്ഞാല്‍ അതിനാവശ്യമുള്ള ചികിത്സ നല്‍കുക എളുപ്പമാണെന്ന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ. എമ്മ സ്മിത്ത് പറയുന്നു.
456 കാന്‍സര്‍ രോഗികളെയാണ് പഠനവിധേയരാക്കിയത്. ജേണല്‍ നാച്ച്വറിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here