ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു അഞ്ചു വിക്കറ്റ് ജയം. ജയിക്കാൻ 139 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 19.2 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ വിജയം കണ്ടു.

തുടക്കത്തിൽത്തന്നെ ഒരു റൺസെടുത്ത ശിഖർ ധവാനെ നഷ്ടമായി. തൊട്ടുപിന്നാലെ 15 റൺസെടുത്ത് രോഹിത് ശർമയും പുറത്തായി. വൺഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലിയിലായി പിന്നെ പ്രതീക്ഷ മുഴുവൻ. ഒരറ്റത്തു വിക്കറ്റുകൾ നിലംപൊത്തുമ്പോഴും കോഹ്‌ലി അക്ഷോഭ്യനായി നിലകൊണ്ടു. ശ്രദ്ധാപൂർവം റൺസുയർത്താൻ ശ്രമിച്ചു. സുരേഷ് റെയ്നയും (25) യുവരാജ് സിങ്ങും കോഹ്‌ലിയ്ക്കു മികച്ച പിന്തുണ നൽകി. മികച്ച ഫോമിൽ കളിച്ച യുവി 35 റൺസെടുത്തു നിൽക്കെ പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പാണ്ഡ്യ പൂജ്യത്തിനു പുറത്തായതോടെ ആരും ജയിക്കാമെന്ന സ്ഥിതിയായി. ഒടുവിൽ കോഹ്‌ലിക്കൊപ്പം നായകൻ മഹേന്ദ്രസിങ് ധോണി ചേർന്നതോടെ ഇന്ത്യ വിജയം തീരമണഞ്ഞു. കോഹ്‌ലി 56 റൺസുമായി പുറത്താകാതെ നിന്നു. ധോണി ഏഴു റൺസെടുത്തു. കുലേശേഖര രണ്ടും പേരേരയും ഹെറാത്തും ഷനഖയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടാനെ സാധിച്ചുള്ളൂ. 30 റൺസെടുത്ത കപുഗേദരയും 22 റൺസെടുത്ത സിരിവർധനയുമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. ദിൽഷനും ആഞ്ചലോ മാത്യൂസും 18 റൺസ് വീതം നേടി.

ഇന്ത്യയ്ക്കായി ബൂംറ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആശിഷ് നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി. കേവലം ആറു പന്തിൽ 17 റൺസ് നേടിയ തിസാര പെരേയും ഒൻപത് പന്തിൽ 13 റൺസ് നേടിയ കുലശേഖരയും അവസാന ഒാവറുകളിൽ ലങ്കൻ സ്കോറിന് വേഗത നൽകി. പെരേരയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ കുലശേഖരയെ അവസാന പന്തിൽ റൺഔട്ടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here