രാജ്യാന്തര തലത്തില്‍ കുവൈത്തിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പത്തുവര്‍ഷത്തെ കര്‍മപദ്ധതി വരുന്നു. സാംസ്കാരികം, കല, വിവരവിനിമയം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പത്തു വര്‍ഷം കൊണ്ട് 102 ദശലക്ഷം കുവൈത്ത് ദിനാര്‍ ചെലവഴിച്ചാണ് രാജ്യത്തിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക. വര്‍ഷം തോറും ഒരു കോടി ദിനാറാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കലാ സാംസ്കാരിക രംഗങ്ങളില്‍ രാജ്യാന്തര നിലവാരത്തിലും താഴെയാണ് കുവൈത്തിന്‍റെ സ്ഥാനം. വിവിധ നയതന്ത്ര പദ്ധതികളിലൂടെയും വിവര വിനിമയത്തിലൂടെയും ഈ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്താനാണ് ലക്ഷ്യമിടുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ കുവൈത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും.

സ്വാതന്ത്ര്യം, ജനാധിപത്യം മനുഷ്യാവകാശം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം ടൂറിസം മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കുവൈത്തിന്‍റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. വിദേശ വാര്‍ത്താവിനിമയ മന്ത്രാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കുവൈത്ത് സര്‍വകലാശാലയുമായിരിക്കും പദ്ധതിക്കു നേതൃത്വം നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here