ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. ദുർബലരായ യുഎഇയ്ക്കെതിരെ ഒൻപതു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. 82 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ ഇന്ത്യ മറികടന്നു.

സൈഡ് ബെ‍ഞ്ചും ശക്തമെന്ന് ഉറപ്പിച്ചാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്. ഫോമിലുള്ള നെഹ്റയ്ക്കും അശ്വിനും ജഡേജയ്ക്കും വിശ്രമം നൽകിയിട്ടും ഇന്ത്യൻ ബോളിങ്ങിന്റെ കരുത്തുകുറഞ്ഞില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് ഒൻപത് വിക്കറ്റിന് 81 റൺസെടുക്കാനെ കഴിഞ്ഞുള്ളു. എട്ടു റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ യുഎഇയെ ക്രീസിൽ തളച്ചിട്ടു

ഇന്ത്യൻ നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തു. നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുനൽകിയാണ് ഹർഭജന്റെ വിക്കറ്റ് നേട്ടം. അരങ്ങേറ്റക്കാരനായ പവൻ നേഗി മുഹമ്മദ് ഉസ്മാനെ പുറത്താക്കി ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ടൂർണമെന്റിൽ ഇതുവരെ ഫോമിലെത്താനാകാത്ത ശിഖർ ധവാൻ ക്രീസിൽ പരമാവധി സമയം ചിലവഴിക്കാൻ ശ്രദ്ധിച്ചപ്പോൾ രോഹിത് ശർമ പതിവ് ശൈലിയിൽ അടിച്ചുകസറി.28 പന്തിൽ 39 റൺസുമായി രോഹിത് പുറത്തായപ്പോൾ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടി യുവരാജെത്തി.

പ്രതിരോധത്തിലൂന്നി രസംകൊല്ലിയാകാതെ യുവരാജ് തന്നെ വിജയറണ്ണും പായിച്ചു 59 പന്തുകൾ ബാക്കി നിർത്തി. ടീം ഇന്ത്യയ്ക്ക് ഇനി രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം ഞായറാഴ്ച കലാശപ്പോരാട്ടം. ശ്രീലങ്കയേയും പാക്കിസ്ഥാനേയും അട്ടിമറിച്ചെത്തുന്ന ബംഗ്ലദേശുമായി നല്ലൊരു മൽസരം കാണികൾക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here