കൊച്ചി > മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ‘ഉദയ’ പിക്ചേഴ്സിന്റെ ബാനറില്‍ വീണ്ടും സിനിമ പിറക്കുന്നു. മലയാള സിനിമയിലെ പഴയ നിര്‍മാണസംരംഭകരായ ഉദയയുടെ ബാനറില്‍ മുപ്പത് വര്‍ഷത്തിനുശേഷം നിര്‍മാണവുമായി രംഗത്തെത്തുന്നത് ഉദയയുടെ സ്ഥാപകന്‍ കുഞ്ചാക്കോയുടെ കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബനാണ്.

‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ’ അഥവാ കെപിഎസി എന്ന ചിത്രവുമായാണ് കുഞ്ചാക്കോ കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട താന്‍ നിര്‍മാണരംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദയാ സ്റ്റുഡിയോ കൈവശമല്ലെങ്കിലും ആ ബാനറിന്റെ അവകാശം തങ്ങളുടെ കുടുംബത്തിനാണെന്നും കുടുംബത്തിലെ മുഴുവനാളുകളുടെയും പിന്തുണയോടെയാണ് ഈ ബാനറില്‍ സിനിമ നിര്‍മിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. ബിഗ് ബജറ്റ് ചിത്രത്തിന് ഉദയയുടെ പഴയ എംബ്ളം തന്നെയാകും ഉപയോഗിക്കുക. എന്നാല്‍, ഡിസൈനില്‍ അല്‍പ്പം വ്യത്യാസം വരുത്തും.

74 വര്‍ഷം വെള്ളിത്തിരയില്‍ അത്ഭുതം കാഴ്ചവച്ച ബാനറാണിത്. 1942ല്‍ ആരംഭിച്ച നിര്‍മാണക്കമ്പനി ’49ലാണ് ആദ്യമായി വെള്ളിനക്ഷത്രം എന്ന ചിത്രം നിര്‍മിച്ചത്. ജീവിതനൌക, ഉമ്മ, വടക്കന്‍പാട്ടുകളുമായി ബന്ധപ്പെട്ട നിരവധി സിനിമകള്‍ എന്നിങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ ഒട്ടേറെ സിനിമകള്‍ ഉദയയുടെ കീഴില്‍ പിറവിയെടുത്തു. 1986ല്‍ നിര്‍മിച്ച അനശ്വരഗാനങ്ങള്‍ ആണ് അവസാനത്തേത്. 66 സിനിമകളാണ് ഈ ബാനറില്‍ പിറന്നത്.

നാട്ടിലെ സകല പ്രശ്നങ്ങളിലും ഇടപെടുന്ന ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ ജീവിതത്തെ അത്തരമൊരു പ്രശ്നം മാറ്റിമറിക്കുന്ന കഥയാണ് പുതിയ ചിത്രമായ കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ പറയുന്നതെന്ന് കുഞ്ചാക്കോ പറഞ്ഞു. കൊച്ചൌവ്വയെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. പ്രമുഖ എഴുത്തുകാരനായ പൌലോ കൊയ്ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകവും പൌലോ കൊയ്ലോയുടെ വാക്കുകളും കൊച്ചൌവ്വയുടെ ജീവിതത്തിലേക്കും കടന്നുചെല്ലുന്നുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് 14ന് ആരംഭിക്കും. അടിമാലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് അഭിനേതാക്കളെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ പറഞ്ഞു. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. ഓണത്തിന് റിലീസ്ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here