കരഞ്ഞു കൊണ്ടേ നാം ജനിക്കുന്നു നാം കരയിപ്പിച്ചുകൊണ്ടേ മരിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം കഴിവിലൂടെ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പെടുത്ത ആ വലിയ സര്‍ഗ്ഗപ്രതിഭ നമ്മെ കരയിപ്പിച്ചു കൊണ്ടു കടന്നുപോയിരിക്കുന്നു. അന്യം നിന്നും പോയികൊണ്ടിരിക്കുന്ന നാടന്‍പാട്ടിനെ പുനര്‍ജീവിപ്പിച്ചുകൊണ്ടുകൊണ്ട് അതിന്റെ നായകനായി യുവഹൃദയങ്ങളെപ്പോലും ഹരം കൊള്ളിപ്പിച്ച ഒരു വ്യത്യസ്ഥ കലാകാരനായിരുന്ന മണി. 1971-ല്‍ ജനവരി മാസം പുതുവര്‍ഷപുലരിയില്‍ ഒരു ഹാസ്യ കലാകാരന്‍ വൈദ്യശാസ്ത്രത്തെപ്പോലും തോല്‍പിച്ച് ചാലക്കുടിയില്‍ ജനനംകൊണ്ടു. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രിക്കാരനായി വന്ന ഒരു ഓട്ടോക്കാരന്റെ അഭിനയമികവുകണ്ട ആബേലച്ചന്‍ മണിയെ തന്റെ കലാകുടുംബത്തിലേക്ക് ക്ഷണിക്കയായിരുന്നു. അച്ചന്റെ അനുഗ്രഹ തലോടന്‍ മണിയെ താരമൂല്യമുള്ളവനാക്കി എന്നുതന്നെ പറയാം. നായകനായും വില്ലനായും സ്വഭാവനടനായും മിമിക്രി ആര്‍ട്ടിസ്റ്റായും ഗായകനായും വളരെ തിളങ്ങിനിന്നിരുന്ന അദ്ദേഹത്തിന്റെ മാസ്മരികതയുള്ള പ്രത്യേകചിരി ആരേയും പെട്ടെന്ന് വശീകരിച്ചിരുന്നു.
അക്ഷരം എന്ന ചിത്രത്തിലൂടെ വന്ന് സല്ലാപം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി പിന്നെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ക്കൂടി പ്രസിദ്ധനായി.
ആറാം തമ്പുരാനിലെ നമ്പൂതിരിയായി അഭിനയിച്ച്‌പ്പോള്‍ ഒരു മണി നമ്പൂതിരിയെ അദ്ദേഹം തനതായ ശൈലിയില്‍ സൃഷ്ടിച്ചുവെന്നതാണ് പ്രത്യേകത. അതുപോലെ സല്ലാപത്തിലേ ചെത്തുകാരനെ ഒരു തനി നാടന്‍ ചെത്തുകാരനാക്കി തന്റെ മികവു പ്രകടിപ്പിച്ചു. നരസിംഹം, ലോകനാഥന്‍, രാക്ഷസരാജാവ്, കരുമാടിക്കുട്ടന്‍, ബെന്‍ ജോണ്‍സണ്‍, വാചാലം, കുടമാറ്റം, വാല്‍ക്കണ്ണാടി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും മുതലായവ ശ്രദ്ധ നേടിയ സിനിമകളാണ്. ഒരു നടന്റെ അഭാവത്തിലേക്ക് തമിഴിലേക്ക് മമ്മ്ൂട്ടിയാണ് മണിയെ പരിചയപ്പെടുത്തികൊടുത്തത്. പിന്നെ ശരവര്‍ഷം പോലെ തമിഴിലും, കന്നടയിലും തെലുങ്കിലും സിനിമകള്‍. അനീതികള്‍ക്കെതിരെ നട്ടെല്ലുയര്‍ത്തി പോരാടുവാന്‍ സിനിമയിലല്ല ജീവിതത്തിലും കഴിഞ്ഞുവെന്നാണ് മറ്റു നടന്‍മാരില്‍ നിന്നും മണിയെ വ്യത്യസ്ഥനാക്കുന്നത്. എല്ലാ അഭിനയവും സാധാരണീയകരണമാക്കിയ ഒരു ദ്രവീഡിയന്‍ പുരുഷ സങ്കല്‍പമായിരുന്നു കരുത്തുറ്റ ഈ നടന്‍. സിനിമയും കലയും ജീവിതവും തമ്മിലുള്ള കൃത്രിമ അതിര്‍വരമ്പുകളെ അദ്ദേഹം കശക്കിയെറിഞ്ഞുകളഞ്ഞു. ഒരു നടനെന്നതിലുപരി സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലും ഒരു പൊളിച്ചെഴുത്ത് നടത്താന്‍ കഴിഞ്ഞു എന്നുള്ളത്്. ചാലക്കുടിയില്‍ അദ്ദേഹം പണിചെയ്തുകൊടുത്ത കെട്ടിടങ്ങളിലേക്കും കാരുണ്യപ്രസ്ഥാനങ്ങളിലേക്കും ഒന്നു തിരിഞ്ഞു നോക്കിയാല്‍ മാത്രം മതിയാകും. ഒരു ആര്യനായക സങ്കല്‍പം മലയാളത്തിലുണ്ടായിരുന്നത് ഒരു പക്ഷെ തിരുത്തിക്കുറിക്കാന്‍ ഈ കറുത്തമുത്തിന് കഴിഞ്ഞുവെന്നുള്ളത് നഗ്നസത്യം തന്നെയാണ്.
ജീവിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിയുക മാത്രമല്ല ഉച്ചനീചത്വങ്ങള്‍ക്കെതിരെ നട്ടെല്ലുയര്‍ത്തി പോരാടി ധാരാളം പാവപ്പെട്ടവര്‍ക്കു അര്‍ഹിക്കുന്ന സഹായം ലഭിക്കുവാന്‍ ഇടവരുമായിരുന്നു. 45 വയസ്സില്‍ മണിയുടെ വിടവാങ്ങല്‍ കേരളത്തിനു തീര്‍ച്ചയായും ഒരു തീരാനഷ്ടമാണ് എന്നുതന്നെ പറയാം.
മമ്മൂട്ടിയും, മോഹന്‍ലാലും, ദിലീപും, ജയറാമും പല വലിയ താരങ്ങളും അമേരിക്കയില്‍ സ്റ്റേജ് ഷോ നടത്തിയിട്ടുണ്ടെങ്കിലും സ്‌റ്റേജ് ഷോയില്‍ മണിയെ വെല്ലുവാന്‍ ആരുമില്ലായിരുന്നുവെന്നുള്ളത് തെളിവുള്ള സത്യമാണ് സ്‌റ്റേജ്‌ഷോയുടെ പേരുപോലും മണികിലുക്കം എന്നായിരുന്നു. പല ദേവാലയങ്ങളുടേയും ഫണ്ട്‌റൈസിങ്ങിനു വേണ്ടി മിയെ കൊണ്ടുവന്നു കാശുണ്ടാക്കിയെങ്കിലും ഒരു പള്ളിക്കാരുപോലും മണിക്കു വേണ്ടി ഒരു അനുശോചനം പറയാത്തതില്‍ പരിഭവമുണ്ട്. മരണത്തിന് ക്രിസ്ത്യാനിയെന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ എന്നില്ല എന്നുള്ള കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ആ അതുല്യ കലാകാരന് അമേരിക്കന്‍ മലയാളികളുടെ അന്ത്യപ്രണാമം.
മോന്‍സി കൊടുമണ്‍

LEAVE A REPLY

Please enter your comment!
Please enter your name here