കുട്ടികൾ സദാസമയവും വീഡിയോ ഗെയിമിലാണെന്ന പരാതിക്കാർക്കൊരു ശുഭവാർത്ത. അല്പസ്വല്പം വീഡിയോ ഗെയിം ചെറിയകുട്ടികളുടെ ബുദ്ധിവികാസത്തിന് ഗുണകരമാണെന്നാണ് പുതിയ വിവരം. ശ്രദ്ധിക്കുക, കളി അധികമാവരുതെന്ന് മാത്രം.

കുട്ടികളുടെ പഠനനിലവാരം, സുഹൃത്തുക്കളുമായുള്ള ഇടപെടൽ എന്നിവയെയെല്ലാം വീഡിയോ ഗെയിം ‘പോസിറ്റീവ്’ ആയും ബാധിക്കുന്നുണ്ടെന്ന് യു.എസ്സിലെ കൊളംബിയ സർവകലാശാലയിലെ മെയിൽമാൻ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ കാതറിൻ കെയ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തിയത്.

ആറുവയസ്സിനും 11 വയസ്സിനുമിടയിലുള്ള, ആഴ്ചയിൽ അഞ്ചുമണിക്കൂറിൽ കൂടുതൽ വീഡിയോ ഗെയിം കളിക്കുന്ന 3000 കുട്ടികളെ നിരീക്ഷിച്ചാണ് സംഘം പഠനം നടത്തിയത്. കുട്ടികൾ എത്രസമയം ഗെയിമിനായി ചെലവിടുന്നു എന്നതും അവരുടെ മാനസികാരോഗ്യം, കഴിവുകൾ എന്നിവയുമാണ് ഇവർ വിലയിരുത്തിയത്.
ഒഴിവുവേളകളിൽ വീഡിയോഗെയിമിൽ ഏർപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികൾ. അല്പസ്വല്പം ഗെയിം കളിക്കുന്നവർ മറ്റുകുട്ടികളെ അപേക്ഷിച്ച് സമൂഹവുമായി ഇടപെടുന്നതിലും മുന്നിലാണെന്ന് കെയ്സ് പറഞ്ഞു.

എന്നാൽ, അമിതസമയം കുട്ടികൾ മൊബൈലിലും കമ്പ്യൂട്ടറിലും ചെലവിടുന്നത് തടയുകതന്നെവേണം. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധകാട്ടണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

സോഷ്യൽ സൈക്യാട്രി ആൻഡ്‌ സൈക്യാട്രിക് എപിഡമോളജി ജേർണലിൽ പഠനത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here