സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്.

വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണങ്ങള്‍
1. പോഷകഗുണം കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ശരീരവ്യായാമം കുറയുന്നതുമൂലവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ആളുകളില്‍ ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പ്രായമാകുമ്പോള്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോള്‍ ചെറുപ്പത്തിലേ ആരംഭിക്കുന്നു. പ്രമേഹത്തിന്റെ കാലയളവ് കൂടുന്നതോടെ വൃക്കരോഗം വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദവും ആളുകളില്‍ രക്തസമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുന്നു. അനിയന്ത്രിതമായ രക്തസമ്മര്‍ദം വൃക്കരോഗത്തിലേക്ക് നയിക്കുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് ഇതിലേതെങ്കിലും ഒരു രോഗം മാത്രമുള്ളവരേക്കാള്‍ വൃക്കരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും വൃക്കരോഗവും ഉള്ളവരില്‍ രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ അത് വൃക്കരോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. 2. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവരില്‍, പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ട്, വൃക്കരോഗങ്ങള്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ ആവശ്യമായ ശ്രദ്ധ ലഭിക്കാറില്ല. 3. വേദനസംഹാരി മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാണ്.
വൃക്കരോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍
1. എന്‍സ്‌സ്റ്റേജ് റീനല്‍ ഫെയിലിയര്‍ എന്നറിയപ്പെടുന്ന ഗൗരവമായ വൃക്കരോഗം വന്നാല്‍ ചികിത്സാമാര്‍ഗങ്ങള്‍ പരിമിതമാണ്. ഈ രോഗത്തിനുള്ള ചികിത്സ, വൃക്ക മാറ്റിവെക്കുന്നതോ ജീവിതകാലം മുഴുവനുമുള്ള ഡയാലിസിസോ (രക്തശുദ്ധീകരണം) ആണ്. 2. ലഘുവും മിതവുമായ വൃക്കത്തകരാറുകള്‍ ഒട്ടേറെ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വൃക്കരോഗം പിടിപെട്ട ആളുകള്‍ക്ക് ക്ഷീണം, തലചുറ്റല്‍, ആരോഗ്യക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഊര്‍ജം കുറയുകയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും ചെയ്യും. പലപ്പോഴും വൃക്കരോഗികള്‍ക്ക് രാത്രികാലങ്ങളില്‍ കൂടുതലായി മൂത്രമൊഴിക്കാനുള്ള പ്രവണത കാണാറുണ്ട്. പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണമായിരിക്കാം ഇത്. ഇതുകൂടാതെ, മൂത്രത്തില്‍ ആല്‍ബുമിന്‍ വര്‍ധിച്ച അളവില്‍ നഷ്ടപ്പെടാം. ഇങ്ങനെ സംഭവിച്ചാല്‍ ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാകും.

3. പലപ്പോഴും വൃക്കരോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമായേക്കാം. രക്തസമ്മര്‍ദം ഉള്ളവരില്‍ വൃക്കരോഗം പിടിപെട്ടാല്‍ രക്തസമ്മര്‍ദം പെട്ടെന്ന് കൂടുതലാകാന്‍ ഇടയാകാറുണ്ട്. വൃക്കരോഗം പിടിപെട്ടവരില്‍ ശരീരത്തിലെ കൊഴുപ്പുകളുടെ അളവ് കൂടാറുണ്ട്. ഇതെല്ലാം ഹൃദ്രോഗങ്ങള്‍ക്കും മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകുന്നു. 4. വൃക്കരോഗമുള്ളവര്‍ക്ക് മരുന്നുകള്‍ മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പിടിപെടാന്‍ സാധ്യതയുള്ളവര്‍
ആര്‍ക്കും ഏത് സമയത്തും വൃക്കരോഗം പിടിപെടാം. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഈ അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്- പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, വൃക്കരോഗങ്ങള്‍ പാരമ്പര്യമായി ഉള്ള കുടുംബത്തിലെ അംഗങ്ങള്‍, സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നവര്‍, മൂത്രത്തില്‍ കല്ലുള്ളവര്‍, പ്രായം ചെന്നവര്‍.
കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍
വൃക്കരോഗം വേഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദം പരിശോധിക്കണം. മൂത്രത്തിലെ ആല്‍ബുമിന്റെ സാന്നിധ്യം വൃക്കയുടെ ഫില്‍റ്ററിങ് യൂണിറ്റിന്റെ തകരാറിനെ സൂചിപ്പിക്കുന്നു. മൂത്രത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടെങ്കില്‍ അത് വൃക്ക വീക്കം, വൃക്കകളില്‍ കല്ല്, മൂത്രത്തില്‍ ഇന്‍ഫെക്ഷന്‍ എന്നിവയെ സൂചിപ്പിക്കുന്നു. വെളുത്ത രക്താണുക്കള്‍ അണുബാധയെ സൂചിപ്പിക്കുന്നു. രക്തത്തിലെ ക്രിയാറ്റിനൈന്‍ ലെവല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ തരുന്ന ലഘുപരിശോധനയാണ്. വൃക്ക തകരാറിലാവുമ്പോള്‍ രക്തത്തിലെ ക്രിയാറ്റിനൈന്റെ അളവ് വര്‍ധിക്കുന്നു.
തകരാര്‍ കണ്ടെത്തിയാല്‍
രക്തപരിശോധനയിലോ മൂത്ര പരിശോധനയിലോ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ വിശദമായ പരിശോധന ആവശ്യമാണ്. വൃക്കയെയും മൂത്രനാളികളെയും സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ വൃക്ക അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയാല്‍ ലഭിക്കും. വൃക്ക എത്രമാത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ഗ്ലോമെറുലാര്‍ ഫില്‍റ്ററേഷന്‍ റേറ്റ് (ജി.എഫ്.ആര്‍.) കണക്കാക്കണം. ക്രിയാറ്റിനൈന്‍ ലെവല്‍, രോഗിയുടെ പ്രായം, തൂക്കം, ലിംഗം എന്നിവയില്‍ നിന്ന് കണക്കാക്കാം. വൃക്കരോഗം ഏത് തരമാണ് എന്ന് തിരിച്ചറിയാനും എത്രമാത്രം തകരാര്‍ സംഭവിച്ചെന്ന് കണക്കാക്കാനും ചികിത്സ ആസൂത്രണം ചെയ്യാനും ചില കേസുകളില്‍ വൃക്കകളുടെ കോശപരിശോധന ആവശ്യമാണ്. ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഇത് വളരെ എളുപ്പം ചെയ്യാവുന്നതാണ്.
മുന്‍കരുതല്‍ നടപടി
വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടുപിടിച്ച് കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പ്രാരംഭദശയിലുള്ള വൃക്കരോഗത്തെ മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കും. വൃക്കരോഗികളില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. വൃക്കരോഗം ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വൃക്കരോഗികളില്‍ രക്തസമ്മര്‍ദം കുറവായിരിക്കണം. രക്തത്തിലെ പഞ്ചസാരയെ കര്‍ശനമായി നിയന്ത്രിക്കണം.

വൃക്കരോഗം കൊണ്ടുള്ള ഒരു പ്രധാനപ്രശ്‌നം അസ്ഥികള്‍ ക്ഷയിക്കുന്നതും ദുര്‍ബലമാകുന്നതുമാണ്. ഒരു ഫോസ്‌ഫേറ്റ് ബൈന്റര്‍ (സാധാരണഗതിയില്‍ ഒരു കാത്സ്യം സാള്‍ട്ട്) ഈ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും. രോഗിക്ക് വൈറ്റമിന്‍ ഡി.യും നല്കണം. രക്തക്കുറവും പരിഹരിക്കപ്പെടണം. അയേണ്‍ സപ്ലിമെന്റും രോഗിക്ക് നല്കണം.

വൃക്ക തകരാറിലാകുന്ന ഘട്ടത്തില്‍ അനീമിയ ചികിത്സിക്കാന്‍ എറിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഫലപ്രദമാണ്. എന്നാല്‍ ഇത് ചെലവേറിയതാണ്. വേദനസംഹാരികള്‍ ഒഴിവാക്കുക. പുകവലിക്കുന്നതും മദ്യപിക്കുന്നതും ഒഴിവാക്കണം. വ്യായാമം ചെയ്യുന്നത് നല്ലതാണ്. വൃക്കരോഗികള്‍ പ്രത്യേക ആഹാരക്രമം സ്വീകരിക്കണം. പ്രോട്ടിന്‍, ഉപ്പ് എന്നിവയുടെ അംശം ഭക്ഷണത്തില്‍ കഴിയുന്നത്ര കുറയ്ക്കണം. ശരീരം വീര്‍ക്കുകയാണെങ്കില്‍ കുടിക്കുന്ന ദ്രാവകങ്ങളുടെ അളവ് കുറയ്ക്കണം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ പഴങ്ങള്‍, ചോക്ലേറ്റ് എന്നിവ പോലുള്ള ഭക്ഷണങ്ങളും കഴിയുന്നത്ര കുറയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here