ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയ്ക്കെതിരായ സന്നാഹ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് നാലു റൺസിന്റെ തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്തയക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ധവാൻ 73, റെയ്ന 41 റൺസെടുത്തു. തുടക്കത്തിലേ രോഹിതിനെയും കോഹ്‌ലിയേയും രഹാനെയേയും നഷ്ടമായ ഇന്ത്യയെ കരകയറ്റിയത് ധവാൻ റെയ്ന സഖ്യമാണ്. ധോണി 30 റൺസും യുവരാജ് 16 റൺസുമെടുത്ത് പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. ഇന്ത്യയ്ക്കെതിരെ മികച്ച ബാറ്റിങ് റെക്കോർഡുള്ള ഓപ്പണർ ക്വിന്റൺ ഡികോക്ക് (റിട്ടയേർഡ് ഔട്ട്), ജെ.പി. ഡുമിനി എന്നിവരുടെ അർധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 33 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഡികോക്കിന്റെ അർധസെഞ്ചുറി (56). ഡുമിനി 44 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 67 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി പാണ്ഡ്യ മൂന്നും ബുംമ്ര, ഷാമി എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

സ്കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ അ‍ഞ്ചു റൺസെടുത്ത ഹാഷിം അംലയെ ബുംമ്ര ധോണിയുെട കൈകളിലെത്തിച്ചു. സ്കോർ 33ലെത്തിയപ്പോൾ ഡുപ്ലെസിയും പുറത്തായി. ഏഴു പന്തിൽ 12 റൺസായിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്ത ഡുമിനി-ഡികോക്ക് സഖ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വൻ സ്കോറിനുള്ള അടിത്തറയിട്ടത്. 56 റൺസെടുത്ത ഡികോക്ക് റിട്ടയർ ചെയ്ത് മടങ്ങി.

മില്ലർ (11 പന്തിൽ 18), റൂസ്സോ (ഏഴു പന്തിൽ 11), ഡേവിഡ് വീസ് (0), ക്രിസ് മോറിസ് (ഏഴു പന്തിൽ 14), ബെഹാർദീൻ (രണ്ടു പന്തിൽ അഞ്ച്) എന്നിവർ പെട്ടെന്ന് പുറത്തായി. ആബട്ട് (0), ഫാംഗിസോ (0) എന്നിവർ പുറത്താകാതെ നിന്നു.

നാല് ഓവറിൽ 27 റൺസ് വഴങ്ങിയ ഹർഭജൻ സിങ്ങാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും കുറച്ച് പ്രഹമേറ്റുവാങ്ങിയത്. ബുംമ്ര നാല് ഓവറിൽ 51 റൺസ് വഴങ്ങി. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here