ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷയായി സൈന നെഹ്‌വാൾ മാത്രം. പുരുഷ താരങ്ങളായ സായ് പ്രണീത്, കെ. ശ്രീകാന്ത്, സമീർ വർമ എന്നിവർ പുറത്തായി. ഒന്നാം റൗണ്ടിൽ‌ മലേഷ്യയുടെ രണ്ടാം സീഡ് ലീ ചോങ് വെയെ അട്ടിമറിച്ച സായ് പ്രണീത് ഇന്നലെ ഡെൻമാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യൻ വിറ്റിംഗ്യൂസിനോടു തോറ്റു (21–12, 11–21, 16–21).

ആദ്യ സെറ്റ് നേടിയ പ്രണീത് വീണ്ടുമൊരു അട്ടിമറിയുടെ തോന്നലുയർത്തിയെങ്കിലും പിന്നീട് വെല്ലുവിളിയുയർത്താതെ കീഴടങ്ങി. ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായ ശ്രീകാന്ത് ജപ്പാന്റെ കെന്റോ മൊമോതയോട് ഏകപക്ഷീയമായ പോരാട്ടത്തിലാണ് കീഴടങ്ങിയത്.

(10–21, 13–21). യോഗ്യതാ റൗണ്ട് കളിച്ചെത്തിയ സമീർ വർമ എട്ടാം സീഡ് ചൈനയുടെ ടിയാൻ ഹുവെയ്ക്കെതിരെ നന്നായി പൊരുതിയെങ്കിലും കീഴടങ്ങി (21–10, 12–21, 19–21). വനിതകളിൽ പി.വി. സിന്ധു ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിനാൽ സൈന നെഹ്‌വാൾ മാത്രമാണ് ഇനി ഇന്ത്യൻ പ്രതീക്ഷ. ക്വാർട്ടറിൽ ചൈനീസ് തായ്പെയിയുടെ തെയ് സു യിങ്ങാണ് സൈനയുടെ എതിരാളി. തായ്‌ലൻഡിന്റെ റാച്ചനോക് ഇന്റനോണും സ്പെയിനിന്റെ കരോളിന മരിനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ.

വനിതാ ഡബിൾസ് താരങ്ങളായ ജ്വാല ഗുട്ട–അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിൾസ് താരങ്ങളായ മനു അത്രി–സുമീത് റെഡ്ഡി എന്നിവരും പുറത്തായി. പുരുഷ സിംഗിൾസിൽ ലീ ചോങ് വെയ് പുറത്തായതിന്റെ ഞെട്ടലടങ്ങും മുൻപ് നിലവിലെ ചാംപ്യനായ ചൈനയുടെ ചെൻലോങ്ങും പുറത്തായി. കൂട്ടുകാരൻ ഷുയി സോങ്ങാണ് ചെനിനെ തോൽപിച്ചത് (21–19, 21–17).

അഞ്ചു വട്ടം ചാംപ്യനായ ചൈനയുടെ ലിൻ ഡാൻ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചടിച്ച് ജയിച്ചു. 20–22ന് ആദ്യ സെറ്റ് നേടിയ ജപ്പാന്റെ ഷോ സസാക്കിയെ അടുത്ത സെറ്റുകളിൽ 21–6, 2–18ന് ലിൻ നിലംപരിചാക്കി. മൂന്നാം സീഡ് ഡെൻമാർക്കിന്റെ യാൻ ഒ ജോർജൻസനാണ് ലിൻ ഡാന്റെ അടുത്ത എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here