പുറത്താകാതെ നേടിയ സെഞ്ചുറിയോടെ തമീം ഇഖ്ബാൽ (103) മിന്നൽപ്പിണറായപ്പോൾ ബംഗ്ലദേശിനു ട്വന്റി20 ലോകകപ്പ് യോഗ്യത. നിർണായക യോഗ്യതാമൽസരത്തിൽ ബംഗ്ലദേശ് ഒമാനെ 54 റൺസിന് തകർത്തു. മൽസരത്തിനിടെ മഴയെത്തിയതിനെ തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലദേശ് വിജയം കണ്ടത്. ഇതോടെ ഒമാന്റെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു. തമീം ഇഖ്ബാലാണ് കളിയിലെ കേമൻ.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ രണ്ടു വിക്കറ്റിന് 180 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിടെ രണ്ടു തവണ മഴയെത്തിയതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഒമാന്റെ വിജയലക്ഷ്യം 12 ഓവറിൽ 120 റണ്‍സായി നിജപ്പെടുത്തി. 8.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിൽ നിൽക്കെയാണ് രണ്ടാം തവണയും മഴയെത്തിയത്. ഇതോടെ കളി പുനഃരാരംഭിച്ചപ്പോൾ ഒമാന്റെ വിജയലക്ഷ്യം 22 പന്തിൽ 75 റൺസ് എന്ന നിലയിലായി. എന്നാൽ, 12 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുക്കാനേ അവർക്കായുള്ളൂ. മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അൽ ഹസനാണ് ഒമാനെ തകർത്തത്.

നേരത്തെ, ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിട്ട ഒമാൻ നിരയ്ക്ക് സൗമ്യ സർക്കാറിനെ നേരത്തേ പുറത്താക്കാനായതു മാത്രമാണ് ആശ്വാസമായത്. ആക്രമിച്ചു കളിക്കാൻ വിഷമിച്ച സർക്കാർ 22 പന്തിൽ 12 റൺസോടെ മടങ്ങി. നിലയുറപ്പിച്ചശേഷം ആക്രമിച്ചു കളിച്ച തമീം പുറത്താകാതെ നേടിയ 103 റൺസ് നിർണായകമായി. 63 പന്ത് നേരിട്ട തമീം 10 ഫോറും അഞ്ച് സിക്സറുകളും പറത്തി. 35 പന്തിൽ അർധസെഞ്ചുറി തികച്ച ബംഗ്ലാ ഓപ്പണർ 25 പന്തിൽനിന്നാണ് അടുത്ത 50 റൺസ് അടിച്ചെടുത്ത് മൂന്നക്കം തികച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here