ജനസംഖ്യയില്‍ 35-40% ജനങ്ങളിലും നിദ്രാസംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിദ്രാരോഗങ്ങള്‍ ഇത്ര സാധാരണമായി കാണുന്ന പ്രശ്‌നമാണെങ്കില്‍ പോലും രോഗിയുടേയോ അടുത്ത ബന്ധുക്കളുടേയോ ശ്രദ്ധയില്‍ പെടുന്നില്ല. ഡോക്ടറുടെ ശ്രദ്ധയിലും കൊണ്ടുവരുന്നില്ല. എന്നാല്‍ നിദ്രാരോഗങ്ങളുടെ ശരിയായ ചികിത്സകൊണ്ട് ഇവകൊണ്ടുണ്ടാകുന്ന മറ്റു ഗുരുതരമായ രോഗങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രോഗി സ്വയം വെളിപ്പെടുത്താറില്ല. ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെക്കുറിച്ച് പരാതി പറയുന്ന ഭാര്യയോട് കയര്‍ക്കുന്ന രംഗമാണ് ക്ലിനിക്കില്‍ കൂടുതലായി കാണാറ്. അതുകൊണ്ടുതന്നെ ഉറക്കസംബന്ധമായ രോഗങ്ങള്‍ പലപ്പോഴും കണ്ണില്‍ പെടാതെ പോകുന്നു.

ഉറക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ മിക്കവാറും രോഗിയില്‍ നിന്നും കിട്ടുക പ്രയാസമാണ്. അതുകൊണ്ട് മിക്കപ്പോഴും രോഗിയോട് അടുപ്പമുള്ള ആളില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയണം. എന്നാല്‍ ഇന്ന് നൂതനമായ പരിശോധനാ രീതികളിലൂടെ ഉറക്കസംബന്ധമായ അസുഖങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നു.

സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നിദ്രയില്‍ ഹൃദയമിടിപ്പ്, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം മുതലായവ ബോധമനസ്സിന്റെ നിയന്ത്രണത്തിലല്ലാതെ നടന്നുകൊണ്ടേയിരിക്കുന്നു. ഇതുകൂടാതെ ഓര്‍മ്മ, കോശങ്ങളുടെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കല്‍, മസ്തിഷ്‌കകോശങ്ങളുടെ വളര്‍ച്ച തുടങ്ങിയ വളരെ വിശിഷ്ടമായ പ്രവര്‍ത്തനങ്ങളും നിദ്രയില്‍ സംഭവിക്കുന്നു.

നിദ്രാരോഗങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
1. ഉറക്കക്കുറവ്
2. അമിതമായ ഉറക്കം
3. നിദ്രയെ തടസ്സപ്പെടുത്തുന്ന അസാധാരണമായ ചലനങ്ങള്‍

അനായാസം നിദ്രയിലേക്ക് വഴുതി വീഴാനുള്ള കഴിവ്, ഇടതടവില്ലാതെ ഒരു നിശ്ചിത സമയം ഉറങ്ങുവാനുള്ള കഴിവ്, രാവിലെ ഉറക്കച്ചടവില്ലാതെ ഉത്സാഹത്തോടുകൂടി ഉണരുവാനുള്ള കഴിവ് ഇവ മൂന്നും ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമാണ്. ഓരോരുത്തരുടെ ഉറക്കത്തിനും അവരവരുടേതായിട്ടുള്ള ഒരു താളമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ ദുരിതപൂര്‍ണ്ണമായ അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ഉറക്കമില്ലായ്മ ഒരു പ്രത്യേക സാഹചര്യം മൂലം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുണ്ടാകാം, അതല്ലെങ്കില്‍ വളരെ കാലത്തേക്ക് നിലനില്‍ക്കാം.

പ്രത്യേക സാഹചര്യം മൂലമുണ്ടാകുന്ന ഉറക്കക്കുറവില്‍ മരുന്നുകള്‍ ഫലവത്താണ്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മയില്‍ ഉറക്കഗുളികകളുടെ അമിതമായ ഉപയോഗം ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല ഇതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം രോഗികളും Cognitive Behavioral Therapy (CBT) കൊണ്ടു സുഖപ്പെടുന്നു. ഈ ചികിത്സാരീതിയില്‍ രോഗിക്ക് സ്വന്തം നിദ്രയെക്കുറിച്ചുള്ള മിഥ്യാധാരണകളും, നിദ്രാസ്വഭാവങ്ങളും മാറ്റി ശരിയായ രീതിയില്‍ രോഗിയുടെ മനസ്സിനെ പാകപ്പെടുത്തുന്നു.

ഇടയ്ക്കിടയ്ക്ക് ഭംഗപ്പെടുന്ന നിദ്ര എന്തുകാരണം കൊണ്ടായാലും ആരോഗ്യത്തിന് നല്ലതല്ല. ഇതിനു കാരണങ്ങള്‍ പലതാകാം.
1. മാനസികാസ്വാസ്ഥ്യങ്ങള്‍
2. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുകയും, ശ്വാസതടസ്സം നേരിടുകയും (Sleep Apnea) ചെയ്യുക.
3. ഉറക്കത്തില്‍ കാലുകള്‍ക്ക് കഴപ്പ്, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ കൊണ്ട് കാലിട്ടടിക്കുകയും, ഉണരുകയും ചെയ്യുക.
4. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക, സംസാരിക്കുക, ഭയക്കുന്ന സ്വപ്നങ്ങള്‍ കാണുക തുടങ്ങിയവ.
ഇവയെ ശരിയായി നിര്‍ണ്ണയിച്ചാല്‍ ഫലപ്രദമായ ചികിത്സയിലൂടെ സുഗമമായ ഉറക്കം വീണ്ടെടുക്കാം.

ട്രെയിന്‍ യാത്രക്കിടയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നവരുടെ ദൃശ്യം വളരെ സാധാരണമാണ്. അയാള്‍ ഗാഢനിദ്രയില്‍ ആയിരിക്കുമെന്നാണ് നമ്മള്‍ കരുതുക. പലപ്പോഴും അങ്ങനെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ കൂര്‍ക്കംവലി ഒരു രോഗലക്ഷണമായി ആരും കാണാറുമില്ല. കൂര്‍ക്കംവലിയെ കുറിച്ച് ചോദിക്കുമ്പോള്‍ മാത്രമായിരിക്കും അതു വെളിപ്പെടുത്താറ്. എന്നാല്‍ കൂര്‍ക്കംവലി ആരോഗ്യകരമായ ഉറക്കത്തിന്റെ ലക്ഷണമല്ല. ചിലരില്‍ ഉറക്കത്തില്‍ ശ്വാസനാളം ഇടുങ്ങിപ്പോകുന്നു. ഇടുങ്ങിയ ശ്വാസനാളത്തില്‍ കൂടിയുള്ള വായു സഞ്ചാരം കൂര്‍ക്കംവലിയായിത്തീരുന്നു.

കൂര്‍ക്കംവലി ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നു. അതുമൂലം പകല്‍ക്ഷീണവും ഉന്മേഷമില്ലായ്മയും ഉണ്ടാകുന്നു. കൂര്‍ക്കംവലിയുള്ള ഭൂരിഭാഗം പേരിലും Sleep Apnea എന്ന രോഗം കാണപ്പെടുന്നു. ഈ രോഗികളില്‍ ഉറക്കത്തില്‍ ശ്വാസനാളം താല്‍ക്കാലികമായി അടഞ്ഞുപോകുന്നു. സെക്കന്റുകള്‍ക്കകം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലച്ചോററിയുന്നു. ഉണരാനായി തലച്ചോറില്‍ നിന്നും നിര്‍ദ്ദേശം വരുന്നു. രോഗി ഞെട്ടിയുണരുന്നു. ഈ താല്‍ക്കാലികമായ ശ്വാസതടസ്സത്തിനെ Apnea എന്നു വിളിക്കുന്നു. ഇത് ഉറക്കത്തില്‍ നൂറുകണക്കിനു തവണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് രോഗി ബോധവാനായിരിക്കില്ല, മറിച്ച് കൂടെക്കിടക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുന്നു.

Sleep Apnea അപകടകാരിയാണ്. എന്നാല്‍ രോഗനിര്‍ണ്ണയവും ചികിത്സയും സാദ്ധ്യമാണ്. പക്ഷാഘാതം, ഹൃദ്രോഗം മുതലായ ഗുരുതരമായ അസുഖങ്ങള്‍ക്ക് ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍, കൊളസ്റ്റ്‌റോള്‍ തുടങ്ങിയവയെ പോലെത്തന്നെ Sleep Apnea യും ഒരു മുഖ്യകാരണമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇവര്‍ക്ക് സുഖനിദ്ര ലഭിക്കാത്തതു മൂലം ദിവസം മുഴുവന്‍ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുന്നു. ഈ രോഗികള്‍ അപകടസാദ്ധ്യതയുള്ള ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉറക്കം തൂങ്ങി അപകടം വരുത്തി വയ്ക്കാന്‍ സാദ്ധ്യത ഏറെയാണ്.

ഇപ്പോള്‍ രാവിലെ പത്രമെടുത്താല്‍ ഒരു റോഡപകടമെങ്കിലും കാണാതെ പത്രം മടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനുള്ള കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ പലപ്പോഴും ചെറുക്കാന്‍ കഴിയാത്ത ഉറക്കമായിരിക്കും കാരണം എന്നു മനസ്സിലാകുന്നു. തന്റേയും മറ്റുള്ളവരുടേയും ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം ആളുകള്‍ തീര്‍ച്ചയായും തന്റെ നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. യാത്രയുടെ തുടക്കത്തില്‍ തനിക്ക് ഉറക്കം വരില്ല എന്ന ആത്മവിശ്വാസം ഏറെ നീണ്ടുനില്‍ക്കാറില്ല.

Sleep Apnea യുടെ രോഗനിര്‍ണ്ണയം sleep study അഥവാ Polysomnography യിലൂടെ സാദ്ധ്യമാണ്. ടെസ്റ്റിനു വേണ്ടി ഒരു രാത്രി സ്ലീപ് ലാബില്‍ കിടന്നുറങ്ങിയാല്‍ മാത്രം മതി. ആ സമയത്തുള്ള മസ്തിഷ്‌ക പ്രവര്‍ത്തനം, കണ്ണുകളുടെ ചലനം, ശ്വാസോച്ഛ്വാസം, പ്രാണവായുവിന്റെ അളവ്, ഹൃദയമിടിപ്പ്, കാലുകളുടെ ചലനം എന്നിവ രേഖപ്പെടുത്തുന്നു. പല രോഗികളിലും ടെസ്റ്റിന്റെ ആദ്യപകുതിയില്‍ തന്നെ Sleep Apnea സ്ഥിതീകരിക്കപ്പെടുന്നു. രണ്ടാം പകുതിയില്‍ അതിന്റെ ചികിത്സ (CPAP) കൊണ്ട് എന്ത് ഫലം കിട്ടും എന്നും പഠിക്കുന്നു.

അമിതവണ്ണം കുറക്കല്‍, മദ്യം, പുകവലി, ഉറക്കഗുളികകള്‍ എന്നിവ ഒഴിവാക്കല്‍, ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുവാന്‍ സഹായിക്കുന്ന പ്രത്യേകതരം തലയിണകളുടെ ഉപയോഗം ഇവയെല്ലാം Sleep Apnea ചികിത്സയുടെ ഭാഗമാണ്. എന്നിരുന്നാലും ഗുരുതര Sleep Apnea രോഗികള്‍ക്ക് CPAP ചികിത്സ ആവശ്യമായി വരുന്നു. ഇടുങ്ങിയ ശ്വാസനാളത്തെ വികസിപ്പിക്കുവാന്‍ വായുസമ്മര്‍ദ്ദം ഉപയോഗിക്കുന്ന രീതിയാണ് CPAP. ചെറിയൊരു ശതമാനം രോഗികള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നു. ടോണ്‍സില്‍, അഡിനോയ്ഡ,് തൊണ്ടയിലും, ശ്വാസനാളത്തിലും അടിഞ്ഞു കിടക്കുന്ന അമിതകൊഴുപ്പ് ഇവ നീക്കം ചെയ്തുകൊണ്ട് ശ്വാസനാളത്തിനെ വികസിപ്പിച്ചെടുക്കുന്നു.
നിദ്രാഭംഗത്തിന് മറ്റൊരു പ്രധാന കാരണമാണ് RLS (Restless Leg Syndrome). കാലുകള്‍ എപ്പോഴും അനക്കിക്കൊണ്ടിരിക്കുവാനുള്ള പ്രവണത, കാലുകള്‍ക്ക് കഴപ്പ്, അല്ലെങ്കില്‍ തരിപ്പ,് അല്ലെങ്കില്‍ ഇഴച്ചില്‍ തോന്നുക-ഇതില്‍ നിന്നും ആശ്വാസം ലഭിക്കുവാനായി രോഗി കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുകയോ, തിരുമ്മുകയോ ചെയ്യുന്നു. ചിലപ്പോള്‍ എഴുന്നേറ്റ് നടക്കേണ്ടതായി വരുന്നു. കാല്‍ വീണ്ടും നിശ്ചലമായി വെക്കുമ്പോള്‍ ഈ വേദന തിരികെ വരുന്നു. ഇതു കൂടുതലും രാത്രിയിലാണ് കാണപ്പെടുന്നത്. ഉറക്കത്തിലേക്ക് വഴുതി വീഴുവാന്‍ ഇതു തടസ്സമായിത്തീരുന്നു. ചിലരില്‍ ഇത് ഉറക്കത്തിലേക്ക് തുടരുന്നു. അങ്ങനെയുള്ളവരില്‍ ഉറക്കം എപ്പോഴും ഭംഗപ്പെട്ടുകൊണ്ടിരിക്കുന്നു.

85-90% RLS രോഗികളിലും PLMS (Periodic Limb Movement Disorder) എന്ന രോഗവും കാണപ്പെടുന്നു. ഇവര്‍ ഉറക്കത്തില്‍ കാലുകള്‍ ഒരു നിശ്ചിത ഇടവേളയില്‍ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തന്മൂലം ഉറക്കത്തിന് അടിക്കടി തടസ്സം ഏര്‍പ്പെടുന്നു. പകല്‍ ക്ഷീണത്തിന് ഇതും ഒരു പ്രധാന കാരണമാകാം.

ഈ രോഗം കൂടുതലും രക്തക്കുറവുള്ളവരിലും, ഗര്‍ഭിണികളിലും, വൃക്ക സംബന്ധമായ രോഗമുള്ളവരിലും കാണപ്പെടുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൂടാതെ ഒരു പാരമ്പര്യ രോഗമായും ഇത് കാണാം. മരുന്നുകളും, വ്യായാമവും കൊണ്ട് രോഗശമനത്തിന് സാധ്യമായതിനാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് പ്രായോഗികമായി പ്രധാനമാണ്.

ക്ലാസ്സ് മുറികള്‍ വിരസമായി അനുഭവപ്പെടുമ്പോള്‍ ഉറക്കം തൂങ്ങുന്ന സതീര്‍ത്ഥ്യരെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഉറക്കം തൂങ്ങി മുമ്പോട്ടായുന്ന ആള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നതുപോലെ ഞെട്ടി പൂര്‍വ്വസ്ഥിതിയിലെത്തുന്നു. ഇതൊരു രോഗമല്ല എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വിരസതയും, തലേദിവസത്തെ ഉറക്കമില്ലായ്മയും ക്ഷീണവും എല്ലാമാണ് ഇങ്ങനെയുള്ള ഉറക്കം തൂങ്ങലിനു കാരണം. പക്ഷേ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പകല്‍ സമയത്തുള്ള ചെറുക്കാന്‍ കഴിയാത്ത പൂച്ചയുറക്കങ്ങള്‍ Narcolepsy എന്ന രോഗത്തിന് ലക്ഷണമാകാം. അസാധാരണമായ ഈ രോഗം അതിന്റെ പ്രത്യേക ലക്ഷണങ്ങള്‍കൊണ്ട് ചിലപ്പോള്‍ അപസ്മാരം, മാനസികരോഗം എന്നിവയുമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇക്കൂട്ടരെ പകല്‍സമയത്ത് ഉറക്കം നിനച്ചിരിക്കാതെ പിടികൂടാം. വണ്ടിയോടിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ എന്നു വേണ്ട ഭക്ഷണം കഴിക്കുമ്പോള്‍ പോലും വരുന്ന ഇത്തരം ചെറുക്കാന്‍ കഴിയാത്ത ഉറക്കം വലിയ അപകടങ്ങളിലേക്ക് വഴി തെളിക്കാം. അമിത ഉറക്കത്തിനു പുറമേ താഴെ പറയുന്നവ Narcolepsy-യുടെ ലക്ഷണങ്ങളാകുന്നു.

1. ചിലപ്പോള്‍ വികാരതള്ളല്‍ മൂലം മാംസപേശികള്‍ പെട്ടെന്ന് അയഞ്ഞ് ശരീരം മുഴുവനുമോ അല്ലെങ്കില്‍ ശരീരത്തിന്റെ ഭാഗത്തിനോ നൈമിഷികമായി ബലക്കുറവ് അനുഭവപ്പെടാം. ഇതിനെ Cataplexy എന്നു പറയുന്നു.

2. മസ്തിഷ്‌കമുണര്‍ന്നാലും ശരീരമുണരാന്‍ വിസമ്മതിക്കുന്ന അവസ്ഥയെയാണ് Sleep Paralysis എന്നു പറയുന്നത്. സെക്കന്റുകളിലേക്കു മാത്രമേ ഇതു നീണ്ടുനില്‍ക്കുന്നുള്ളൂവെങ്കിലും ഈ അനുഭവം വളരെ ഭയപ്പെടുത്തുന്നതാണ്.

3. സ്വപ്നനിര്‍ഭരമായ ഉറക്കം. തലച്ചോറില്‍ hypocretin എന്ന രാസവസ്തുവിന്റെ ഉല്പാദനക്കുറവാണ് Narcolepsy-ക്ക് കാരണം. രോഗനിര്‍ണ്ണയത്തിന് Sleep Study യും, MSLT ടെസ്റ്റും ഉപയോഗിക്കാം. ജീവിതചര്യയിലെ മാറ്റങ്ങളും, മരുന്നുകളും കൊണ്ട് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കും.

ഉറക്കസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ സാധാരണമാണ്. ഉറക്കത്തില്‍ കൂര്‍ക്കംവലി, Sleep Apnea, ഉറക്കത്തില്‍ നടത്തം, പേടിസ്വപ്നങ്ങള്‍, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ മുതലായവ കുട്ടികളിലെ നിദ്രാരോഗങ്ങളില്‍ പെടുന്നു. ഇവയെ ഗൗരവമായി പരിഗണിക്കേണ്ടതാണ്. എന്തെന്നാല്‍ വളര്‍ച്ചക്കുറവ്, സ്വഭാവ വൈകല്യം, പഠന വൈകല്യം, പിരുപിരുപ്പ്, പകല്‍ ഉറക്കംതൂങ്ങല്‍ എന്നിവയെല്ലാം നിദ്രാരോഗങ്ങളെത്തുടര്‍ന്നുണ്ടാകാം. അതുകൊണ്ട് ഇവയെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ നിദ്രാരോഗങ്ങളെക്കുറിച്ചുള്ള അറിവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എപ്പോഴും കാലത്തിനൊപ്പം നീങ്ങുന്ന കേരളവും ഇതിനൊട്ടും പിന്നിലല്ല. 1999-ല്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കേരളത്തിലെ ആദ്യത്തെ സ്ലീപ്പ് ലാബ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ആരംഭിച്ചു. ഇന്നു കേരളത്തിലെ പലഭാഗത്തും നിദ്രാരോഗനിര്‍ണ്ണയത്തിന് സംവിധാനമുണ്ട്. എന്നാലിപ്പോള്‍ ഏറ്റവും ആവശ്യം നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ്.

പട്ടിണിയേക്കാളും കഷ്ടമാണ് ഉറക്കമില്ലായ്മ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നാം. എന്നാല്‍ പഠനങ്ങള്‍ ഇതു തെളിയിക്കുന്നു. എന്നും അടുത്ത പ്രഭാതത്തില്‍ ഉണരും എന്ന പ്രതീക്ഷയോടുകൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിദ്ര ഒരിക്കലും നമ്മുടെ ശത്രുവല്ല, പക്ഷേ ശരിയായി പരിപാലിച്ചാല്‍ എന്നും നിദ്ര നമ്മുടെ നല്ല മിത്രമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here