ദോഹയില്‍ അടുത്ത മാസം നടത്തുന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ ചര്‍ച്ചയിലേക്ക് ഇടഞ്ഞു നില്‍ക്കുന്ന ഇറാനും ക്ഷണം. ഒപെക്കില്‍ അംഗങ്ങളായ 13 രാജ്യങ്ങളെയും ഏപ്രില്‍ 17ന് നടക്കുന്ന ചര്‍ച്ചയിലേക്കു ക്ഷണിച്ചതായി ഒപെക് പ്രസിഡന്‍റും ഖത്തര്‍ ഊര്‍ജ വ്യവസായ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സാലാഹ് അല്‍ സാദ അറിയിച്ചു. ഒപെക്കിനു പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദക രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ റഷ്യ, സൗദി അറേബ്യ, ഖത്തര്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ദോഹയില്‍ എടുത്ത തീരുമാനത്തിന്‍റെ തുടര്‍ച്ചയായാണ് യോഗം. ജനുവരി മാസത്തെ തോതില്‍ എണ്ണ ഉല്‍പാദനം നിയന്ത്രിക്കണമെന്നായിരുന്നു അന്നത്തെ ധാരണ. ആഗോള എണ്ണ ഉല്‍പാദത്തിന്‍റെ 73 ശതമാനം പങ്കാളിത്തമുള്ള 15 രാജ്യങ്ങള്‍ ധാരണയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അല്‍സാദ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എണ്ണ വിപണിയില്‍ സ്ഥിരത കൊണ്ടുവരാനുള്ള അടിയന്തര നടപടികള്‍ക്കായാണ് യോഗം ചേരുന്നതെന്നും ലോക വിപണിയിലെ അധിക എണ്ണ ശേഖരം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.

ഉപരോധത്തിനു മുമ്പ് ഉല്‍പാദിപ്പിച്ചിരുന്ന ദിവസേന 40 ലക്ഷം ബാരല്‍ അളവില്‍ എത്തിയതിനു ശേഷമേ ഉല്‍പാദന നിയന്ത്രണ ചര്‍ച്ചകളില്‍ പങ്കെടുക്കൂ എന്നാണ് ഇറാന്‍റെ നിലപാട്. ഉല്‍പാദന നിയന്ത്രണത്തില്‍നിന്ന് ഇളവ് വേണമെന്ന ആവശ്യമുണ്ടെങ്കിലും ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കുമെന്ന് കഴിഞ്ഞയാഴ്ച ടെഹ്‌റാന്‍ സന്ദര്‍ശിച്ച റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു. ഇറാനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ടുള്ള പൊതുധാരണയ്ക്കും ശ്രമമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here