ജിസിസി രാജ്യങ്ങളിൽ ടെലികോം റോമിങ്, ഡേറ്റ, എസ്എംഎസ് നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ നാൽപതു ശതമാനം വരെ കുറയും. ജിസിസിയിലെ ടെലികോം നിരക്കുകൾ കുറയ്ക്കാൻ കഴിഞ്ഞ വര്‍ഷം ദോഹയിൽ ചേര്‍ന്ന ജിസിസി തപാൽ, ടെലികോം, ഐടി മന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു തീരുമാനമെന്ന് ജിസിസി ജനറല്‍ സെക്രട്ടേറിയറ്റിലെ സാമ്പത്തിക കാര്യ അസി. സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമ അല്ല ഷിബ്‌ലി റിയാദില്‍ അറിയിച്ചു.

ഇന്‍കമിങ്, ഔട്ട്‌ഗോയിങ് കോളുകള്‍, എസ്എംഎസ്, ഡേറ്റ നിരക്കുകളിലാണു കുറവു വരുന്നത്. എസ്എംഎസ് സൗജന്യമായി ലഭിക്കുന്ന സേവനം തുടരുമെന്നും അല്‍ ഷിബ്‌ലി അറിയിച്ചു. ഇതിലൂടെ മൊബൈല്‍ ജിസിസി മൊെൈബെല്‍ ഉപയോക്താക്കള്‍ക്ക് 113 കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജിസിസി ടെക്‌നിക്കല്‍ ടീം നിരക്കുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് ജിസിസി തപാല്‍, ടെലികോം, ഐടി മന്ത്രിതല സമിതിക്കു റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണു തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ , എസ്എംഎസ് നിരക്കുകള്‍ മൂന്നു വര്‍ഷം കൊണ്ടും ഡേറ്റ നിരക്കുകള്‍ അഞ്ചു വര്‍ഷം കൊണ്ടും കാര്യമായി കുറച്ചു കൊണ്ടു വരാനായിരുന്നു ജിസിസി മന്ത്രിതല തീരുമാനം. ഖത്തറിലെ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (സിആര്‍എ) നടപ്പാക്കുന്ന റോമിങ് നിരക്കു കുറവ് കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജിസിസിയിലെ മറ്റു പല ടെലികോം കമ്പനികളും നിരക്കു കുറവ് മൂന്‍കൂട്ടി പ്രഖ്യാപിച്ചിട്ടില്ല.

ഖത്തറിൽ കുറയ്ക്കുന്നത് എട്ടു മുതൽ 85 ശതമാനം വരെ

ഖത്തറിൽ എട്ടു മുതല്‍ 85 ശതമാനം വരെയാണു നിരക്കുകളിൽ കുറവു വരുത്തുക. ഖത്തറിലെ രണ്ടു ടെലികോം കമ്പനികളായ ഉറൂഡൂവും വൊഡാഫോണും നിരക്കുകുറച്ചുള്ള പ്രഖ്യാപനം നടത്തിയിട്ടില്ല. മല്‍സരക്ഷമത ഉറപ്പു വരുത്താന്‍ ഇരു കമ്പനികള്‍ക്കും സിആര്‍എ നിര്‍ദേശിച്ച നിരക്കിലും കുറവു വരുത്താം. നിലവിൽ വിദേശത്തു പോകുമ്പോള്‍ ഇന്റര്‍നെറ്റിന് ഒരു എംബിക്ക് 15 റിയാലാണ് ഉറീഡൂവിന്റെ നിരക്ക്. വൊഡാഫോണിന് പത്തും. പുതിയ നിര്‍ദേശ പ്രകാരം ഒരു എംബിക്ക് ഒന്നു മുതല്‍ 4.74 റിയാല്‍ മാത്രമേ ഈടാക്കാനാകൂ.

ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ഫോണിലേക്കു വിളിക്കുമ്പോള്‍ നിലവില്‍ മിനിറ്റിന് ഒരു റിയാലാണ് ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. ഇനി 0.95 റിയാലേ ഈടാക്കാനാകൂ. ഖത്തറിലേക്ക് ഉള്‍പ്പെടെ മറ്റൊരു ജിസിസി രാജ്യത്തേക്കു ഫോണ്‍ ചെയ്താല്‍ മിനിറ്റിന് 2. 40 റിയാലാണ് ഇടാക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ 2.33 റിയാലായി കുറയും. ഖത്തറിനു പുറത്തുള്ളപ്പോള്‍ ലഭിക്കുന്ന ഫോണ്‍ എടുത്താല്‍ മിനിറ്റിന് ഒന്നര റിയാലാണു നിരക്ക്. ഇതും കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എസ്എംഎസ് അയക്കാനും നിരക്കു കുറയും. നിലവില്‍ എസ്എംഎസ് അയക്കാന്‍ ഒരു റിയാലാണു നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here