ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്ക് യുഎഇയിലേക്ക് വരണമെങ്കില്‍ ഇ-വീസ നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

സൌദിഅറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കുന്നതിനാണ് ഇ-വീസ നിര്‍ബന്ധമാക്കിയത്. ഇക്കാര്യം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ളൈ ദുബായ് വിമാന കമ്പനികള്‍ ജിസിസി രാജ്യങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരും ഏപ്രില്‍ 29ന് ശേഷം യാത്ര ചെയ്യുന്നവരും പുറപ്പെടുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ ഇ-വീസ എടുത്തിരിക്കണം. 2015 ഒക്ടോബര്‍ മുതലുളള തീരുമാനമാണെങ്കിലും ഇപ്പോഴാണ് കര്‍ശനമാക്കുന്നത്. നിലവില്‍ ജിസിസി രാജ്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവലും ഇ-വീസയും അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇ-വീസ ആക്കുന്നതോടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും വേഗത്തിലാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമമനുസരിച്ച് ജിസിസി താമസക്കാരന് 30 ദിവസത്തേക്കുള്ള ഇ-വീസയാണ് ലഭിക്കുക. ഇത് 60 ദിവസമാക്കി നീട്ടാനും സൌകര്യമുണ്ട്. കുറഞ്ഞത് മൂന്നു മാസം കാലാവധിയുള്ള താമസ വീസയും ആറു മാസ കാലാവധിയുള്ള പാസ്പോര്‍ട്ടും ഉള്ളവര്‍ക്കേ ഇ-വീസ ലഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here