അവിഹിത ഗര്‍ഭത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഏഷ്യക്കാരിയെയും ഇടനിലക്കാരിയായ വനിത ഉള്‍പെടെ മൂന്നു പേരെയും അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. 73 ദിവസം പ്രായമായ കുഞ്ഞിന് 10,000 ദിര്‍ഹമാണ് ഇവര്‍ വിലയിട്ടത്.

രഹസ്യ വിവരം ലഭിച്ച വനിതാ പൊലീസ് ആവശ്യക്കാരെന്ന വ്യാജേന എത്തി ഇവരെ പിടികൂടുകയായിരുന്നു. സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടി വിവിധ സ്ഥലങ്ങളില്‍ ജോലി എടുത്തുവരികയായിരുന്നു 36കാരിയായ യുവതി. ഇവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് പരാതി നിലവിലുണ്ടെന്ന് അബുദാബി പൊലീസിലെ ഓപറേഷന്‍സ് ഡയറക്ടര്‍ മേജര്‍ ഉമൈര്‍ മുഹമ്മദ് അല്‍മുഹൈരി പറഞ്ഞു. നാട്ടില്‍ നഴ്സായിരുന്നുവെന്ന് അവകാശപ്പെടുന്ന ഇടനിലക്കാരിയുടെ സഹായത്തോടെയായിരുന്നു പ്രസവവും വില്‍പനയും. വിറ്റുകിട്ടുന്ന തുക പകുതി വീതം വയ്ക്കാമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. ഇതുമായി ബന്ധപ്പെട്ട് ഒരു ചുമട്ടുതൊഴിലാളിയെയും ഒരു ആശാരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ പിതാവെന്ന് സംശയിക്കുന്നയാള്‍ ഇതോടകം രാജ്യം വിട്ടു. 2006ലെ ഫെഡറല്‍ നിയമപ്രകാരം മനുഷ്യക്കടത്തായാണ് ഇത്തരം കേസുകള്‍ പരിഗണിക്കുക. കുറഞ്ഞത് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. ഇത് ജീവപര്യന്തം വരെയാകാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here