ഖത്തറിൽ പുതിയ തൊഴിൽ താമസാനുമതി നിയമം നടപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ ഉടൻ ആവിഷ്കരിക്കുമെന്നു സൂചന. പ്രാബല്യത്തിലുള്ള സ്പോൺസർഷിപ്(കഫാല) നിയമത്തിനു പകരമായാണ് വിദേശ തൊഴിലാളികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പർ തൊഴിൽ താമസാനുമതി നിയമം നടപ്പാക്കുന്നത്. ഈ ഡിസംബർ 14നാണ് നിയമം പ്രാബല്യത്തിലാവുക.

കഴിഞ്ഞ ഡിസംബർ 13നാണ് പുതിയനിയമം ഗസറ്റിൽ പരസ്യം ചെയ്തത്. ഗസറ്റിൽ പരസ്യപ്പെടുത്തി ഒരു വർഷം കഴിഞ്ഞേ നിയമം പ്രാബല്യത്തിൽ വരൂ എന്ന് നിയമത്തിലെ 50ാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിനു മുമ്പായി വിശദമായ ചട്ടങ്ങളും ഉപവകുപ്പുകളും ആവിഷ്കരിക്കേണ്ടതുണ്ടെന്നും ഇതുടൻ പുറത്തിറക്കുമെന്നും അറബിക് പത്രം റിപ്പോർട്ട് ചെയ്തു.

നിയമം പ്രാബല്യത്തിലാവുന്നതിനു മുമ്പ് അതിലെ വ്യവസ്ഥകളെയും ചട്ടങ്ങളേയും കുറിച്ച് പ്രാദേശിക മാധ്യമങ്ങളിലൂടെയും നവസാമൂഹിക മാധ്യമങ്ങളിലൂടെയും വിശദമായ പ്രചാരണം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള സ്പോൺസർഷിപ് സമ്പ്രദായത്തിനു പകരമായി തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം തൊഴിൽകരാറിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുമെന്നതാണ് പുതിയനിയമത്തിന്റെ കാതലാ മാറ്റം. പുതിയനിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു വിദേശതൊഴിലാളി ഖത്തറിലെത്തുന്നതിനു മുമ്പ് തൊഴിൽകരാർ ഒപ്പുവയ്ക്കേണ്ടതുണ്ട്. നിലവിൽ ഖത്തറിലുള്ള തൊഴിലാളികളും പുതിയ തൊഴിൽ കരാർ ഒപ്പിടേണ്ടിവരും. പുതിയനിയമം പ്രാബല്യത്തിലായാലും പഴയ തൊഴിൽകരാറിന്റെ നിയമസാധുത റദ്ദാവില്ലെന്നാണ് മറ്റുചില നിയമജ്ഞർ പറയുന്നത്. ചട്ടങ്ങളും ബൈലോകളും ആവിഷ്കരിച്ചാലേ ഇക്കാര്യത്തിലൊക്കെ വ്യക്തത വരൂ.

പ്രധാന മാറ്റങ്ങൾ

പുതിയ തൊഴിൽ താമസാനുമതി നിയമപ്രകാരം ക്ലോസ്ഡ് കോൺട്രാക്ടുകൾ രണ്ടു വർഷത്തേക്കും ഓപ്പൺ കോൺട്രാക്ടുകൾ അഞ്ചുവർഷത്തേക്കുമാണ് ഒപ്പുവയ്ക്കുക. ജീവനക്കാരന്റെ വേതനം, വാർഷികാവധി, മറ്റ് ആനുകൂല്യങ്ങൾ, താമസസൗകര്യം തുടങ്ങിയവ ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിലുടമയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെതന്നെ തൊഴിലാളിക്കു രാജ്യം വിട്ടുപോകാനാവും. താൻ രാജ്യംവിട്ടുപോവുന്ന കാര്യം തൊഴിലാളി തൊഴിലുടമയെ അറിയിച്ചാൽ മാത്രം മതി. ഇക്കാര്യത്തിൽ തൊഴിലുടമയ്ക്ക് എതിർപ്പു രേഖപ്പെടുത്താം. തൊഴിലുടമ എതിർത്താൽ തൊഴിലാളിക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പരാതി പരിഹാരസമിതിയെ സമീപിക്കാം. പരാതി പരിഗണിച്ച് സമിതി മൂന്നുദിവസത്തികം ഉത്തരവു നൽകും.

ഒരു ജോലിയിൽ നിന്നു വിരമിച്ച് ഖത്തർ വിടുന്ന തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയ്ക്കു കീഴിൽ ജോലിസ്വീകരിക്കാൻ രണ്ടുവർഷം കാത്തിരിക്കണമെന്ന വ്യവസ്ഥയും പുതിയനിയമം പ്രാബല്യത്തിലാകുന്നതോടെ ഒഴിവാക്കപ്പെടും. ഇവർക്കു പുതിയ തൊഴിൽവീസയിൽ മൂന്നോ നാലോ ദിവസത്തിനകം രാജ്യത്തേക്കു മടങ്ങിയെത്താനാവും. എന്നാൽ ഇതിനു തൊഴിൽ, ആഭ്യന്തരമന്ത്രാലയങ്ങളുടെ അനുമതി ലഭിക്കേണ്ടതുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here