ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും യുവരാജ് സിങ്ങിന്റെ പിതാവ് യോഗ് രാജ് രംഗത്ത്. ധോണി അഹങ്കാരിയാണ്. രാവണനേക്കാൾ വലിയ ആളാണെന്നാണ് വിചാരം. രാവണന്റെ അഹന്ത നശിച്ചപോലെ ഒരു ദിവസം ധോണിയുടെ നാശവും സംഭവിക്കും. രണ്ടു വർഷം രാജ്യന്തര ക്രിക്കറ്റിൽ നിന്നു വിട്ടു നിന്ന യുവരാജ് മനോഹരമായാണ് തിരിച്ചു വന്നത്. എന്നാൽ ക്യാപ്റ്റൻ അദ്ദേഹത്തെ ഏഴാമതായാണ് ബാറ്റിങ്ങിന് ഇറക്കുന്നത്. എന്താണ് ധോണി തെളിയിക്കാൻ ശ്രമിക്കുന്നത്– യോഗ് രാജ് ചോദിച്ചു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധോണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ധോണിക്ക് യുവരാജിനെ ഇഷ്ടമില്ലെങ്കിൽ അത് സിലക്ടർമാരോട് പറയണം. അദ്ദേഹവുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതും പറയണം. അല്ലാതെ ഇത്തരം പ്രവർത്തനത്തിലൂടെ ടീമിനെ തന്നെയാണ് ധോണി തകർക്കുന്നത്. 2011 ലെ ലോകകപ്പിൽ പതിനഞ്ച് വിക്കറ്റെടുത്ത യുവരാജിനെ അതേ സ്വഭാവമുള്ള പിച്ചുകളിൽ ബോൾ ചെയ്യാതിരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? ലോകം ഇതെല്ലാം കാണുന്നുണ്ട്– യോഗ് രാജ് പറഞ്ഞു.

വിഷമിക്കരുതെന്നാണ് മകന് കൊടുത്ത ഉപദേശം. അവന്റെ ദിവസം എന്നെങ്കിലും വരുമെന്നാണ് ഞാൻ പറയാറുള്ളത്. അത് ഇനി ഏറെ വൈകില്ല. ധോണിയെ രണ്ട് വർഷത്തേയ്ക്ക് ടീമിൽ നിന്ന് ഒഴിവാക്കി നോക്കട്ടെ, ഇതുപോലെ മറ്റ് ഏതെങ്കിലും കളിക്കാരൻ ടീമിലേക്ക് തിരിച്ചുവന്ന് ഒരു റണ്ണെടുക്കുന്നത് കാണട്ടെയെന്നും യോഗ് രാജ് പറഞ്ഞു. നേരത്തെയും യുവരാജിന്റെ പിതാവ് ധോണിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here