ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്കു ആറു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ജയിക്കാൻ 161 റൺസ് വേണ്ടിയിരുന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ‌്‌ലിയാണ് ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നതിൽ ചുക്കാൻ പിടിച്ചത്. അവസാന ഓവറുകളിൽ ധോണിയും കോഹ്‌ലിയും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയ്ക്കു സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. ധോണി പുറത്താകാതെ 18 റൺെസടുത്തു പുറത്താകാതെ നിന്നു. അഞ്ചു പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ ഇന്ത്യ സെമിയിൽ പ്രവേശിച്ചു.dhoni27-3.jpg.image.485.364

വിജയലക്ഷ്യമായ 161 റൺസ് തേടിയിറങ്ങിയ ഇന്ത്യ കരുതലോടെയാണ് കളിച്ചത്. വിക്കറ്റ് കളയാതെ റൺസ് കണ്ടെത്താനായിരുന്നു ശ്രമം. എന്നാൽ ഏറെ നേരം ക്രീസിൽ പിടിച്ചു നിൽക്കാൻ ഓപ്പണർമാർക്കു സാധിച്ചില്ല. 13 റൺസെടുത്ത ശിഖർ ധവാനായിരുന്നു ആദ്യം പുറത്തായത്. പിന്നാലെ രോഹിത് ശർമയും (12) പുറത്തായി. സുരേഷ് റെയ്നയ്ക്കും അൽപായുസായിരുന്നു. വെറും 10 റൺസാണ് റെയ്ന നേടിയത്. കോഹ്‌ലി-യുവരാജ് സഖ്യത്തിലായി പിന്നീട് പ്രതീക്ഷ. ക്ഷമയോടെ പിടിച്ചു നിന്ന് റൺസ് കണ്ടെത്താൻ ഇരുവരും ശ്രമിച്ചു. എന്നാൽ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന യുവിയെ വാട്സൺ നല്ലൊരു ഡൈവിങ്ങിലൂടെ ക്യാച്ചെടുത്ത് പുറത്താക്കിയത് ഇന്ത്യയ്ക്കു ക്ഷീണമായി. യുവി 21 റൺസെടുത്തു. ഇതിനിടെയിൽ കോഹ്‌ലി അർധസെഞ്ചുറി തികച്ചു. കോഹ്‌ലിക്കൊപ്പം ധോണി ചേർന്നതോടെ വീണ്ടും സ്കോർ ബോർഡ് ചലിച്ചു. ഇന്ത്യയെ സെമിയിലേക്കു കൈപിടിച്ചുയർത്തിയ കൂട്ടുകെട്ടായിരുന്നു പിന്നീട് പിറന്നത്.khwaja.jpg.image.576.432

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ഓസ്ട്രേലിയക്കു മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ബാറ്റ്സ്മാൻമാർ തുടരെ പന്ത് വേലിക്കെട്ടിനു പുറത്തേക്കു പായിച്ചു. ഖ്വാജെയും ഫിഞ്ചും ചേർന്നു ഇന്ത്യൻ ബോളർമാരായ നെഹ്റയേയും ബുംറെയേയും നിസാരമായാണ് നേരിട്ടത്. ഒടുവിൽ നാലാം ഓവറിൽ ഖ്വാജയെ(26) വിക്കറ്റിനു പിന്നിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കി. അധികം താമസിയാതെ വാർണറെയേയും അശ്വിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. വാർണർ ആറു റൺസെടുത്തു. തുടർന്നു വന്ന സ്മിത്തിനും അധികം ആയുസുണ്ടായില്ല. രണ്ടു റൺസെടുത്ത സ്മിത്തിനെ യുവരാജിന്റെ പന്തിൽ ധോണി പിടിച്ചു.
ഇതോടെ ഓസീസ് പ്രതിരോധത്തിലായി. തുടക്കത്തിലെ റൺപ്രവാഹം നിലച്ചു. അശ്വിനും പാണ്ഡ്യയും പന്തെടുത്തതോടെ ഓസീസ് ബാറ്റ്സ്മാൻമാർ റൺസ് കണ്ടെത്താൻ വിഷമിച്ചു. സിംഗിളുകളും ഡബിളുകളും എടുത്ത് സ്കോർബോർഡ് ചലിപ്പിക്കാനായി പിന്നീട് ശ്രമം. തുടക്കം മുതൽ ആക്രമണകാരിയായിരുന്ന ഫിഞ്ചിനെ പാണ്ഡ്യ ധവാന്റെ കൈകളിൽ എത്തിച്ചത് ഇന്ത്യൻ ക്യാംപിനു ഏറെ ആശ്വാസം പകർന്നു. 34 പന്തുകളിൽ നിന്നും രണ്ടു സിക്സും മൂന്നു ഫോറുകളുമടക്കം 43 റൺസാണ് ഫിഞ്ച് നേടിയത്.
എന്നാൽ തുടർന്നു വന്ന മാക്സ്‌വെൽ മികച്ച ഫോമിലായിരുന്നു. അമിതാവേശം കാണിക്കാതെ റൺസ് കണ്ടെത്താനായിരുന്നു ശ്രമം. ഫിഞ്ച് നിർത്തിയിടത്തു നിന്നും മാക്സ്‌വെൽ തുടങ്ങി. എന്നാൽ ബുംറെ അവസരത്തിനൊത്തുയർന്നു. ആഞ്ഞടിക്കാനുള്ള ശ്രമത്തിൽ സ്റ്റംമ്പിളകി. 28 പന്തുകളിൽ നിന്നും 31 റൺസെടുത്താണ് പുറത്തായത്. വമ്പൻ അടിക്കു ശ്രമിച്ച ഫോക്നർ(10) പുറത്തായി. അവസാന ഓവറുകളിൽ വാട്സണും നെവില്ലും ചേർന്നു സ്കോർ 160 ൽ എത്തിച്ചു. പാണ്ഡ്യ രണ്ടും യുവരാജ് സിങ്, നെഹ്റ, ബുംറെ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here