കണ്ണീര്‍ പാടത്തുനിന്നും സ്വപ്നത്തോണിയില്‍ തുഴയെറിഞ്ഞെത്തിയവരാണ് അമേരിക്കന്‍ മലയാളികളില്‍ ഏറിയപങ്കും. പ്രതിദിന പ്രയാസങ്ങളുടെ വറുതിയില്‍ നിന്ന് ഭാവി പ്രതീക്ഷയുടെ പുതു പച്ചപ്പിലേയ്ക്ക് പറന്നിറങ്ങിയവര്‍. രക്തം വിയര്‍പ്പാക്കി രാപ്പകല്‍ കഠിനാധ്വാനം ചെയ്ത ഈ മോഹസമൂഹം പ്രവാസ സ്ഥലിയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും ജന്‍മ നാട്ടിലെ പിറന്ന വീടുകള്‍ക്ക് ബലവത്തായ തൂണുകളൊരുക്കാന്‍ മറന്നില്ല. കര്‍ഭൂമിയില്‍ നിന്ന് വ്യക്തികളായും സംഘടനകളായും ഫെഡറേഷനുകളായുമൊക്കെ അമേരിക്കന്‍ മലയാളികള്‍ ജന്‍ഭൂമിയിലേയ്ക്ക് പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പാലം തീര്‍ത്തവരാണ്.

നാടിന്റെ നന്‍മയിലേയ്ക്ക് നമ്മുടെ പ്രയത്‌നത്തിന്റെ മോശമല്ലാത്ത ഒരു വിഹിതം മുതല്‍ക്കൂട്ടുക എന്ന മഹത്തായ കടമയോടെ അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ചാലകശക്തിയായ ‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്’ എന്ന ‘ഫോമ’ ഇതപ്പര്യന്തമായി നിര്‍വഹിച്ചുവരുന്ന ബഹുമുഖ തലത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്…ശ്ലാഘനീയമാണ്.

ഫോമ പിറവികൊണ്ട നാള്‍ മുതല്‍ ഇന്നുവരെ നാട്ടിലും അമേരിക്കന്‍ മലയാളി സമൂഹത്തിലും വിജയകരമായി നടപ്പാക്കിയിട്ടുള്ള സ്വപ്നപദ്ധതികളും നവപരിപാടികളും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഫെഡറേഷന്റെ പരിണതപ്രജ്ഞനായ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഇതേക്കുറിച്ചെല്ലാം ‘ഇ-മലയാളി’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി പങ്കുവച്ചു. ഫോമയുടെ 2014-’16 കാലഘട്ടത്തിലെ അമരക്കാരന്‍ എന്ന നിലയില്‍ താന്‍ നേതൃത്വം കൊടുത്ത്, തന്റെ ഊര്‍ജസ്വലരായ ടീമംഗങ്ങള്‍ പ്രതിജ്ഞാബദ്ധതയോടെ നിറവേറ്റിയ കാര്യങ്ങളില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ അഭാജാത സമൂഹത്തിലെ രണ്ടും മൂന്നും തലമുറകളെ മലയാളത്തനിമയും ആര്‍ഷഭാരത സംസ്‌കൃതിയും ചോര്‍ന്നുപോകാതെ സംരക്ഷിച്ച് വളര്‍ത്തിയെടുക്കാനുള്ള കൃത്യമായ അജണ്ടകളുമായാണ് ആനന്ദന്‍ നിരവേലിന്റെ ബലവത്തായ കുടക്കീഴില്‍ ഫോമ കാര്യക്ഷമതയോടെ ഈവരുന്ന ജൂലൈ ആദ്യവാരത്തില്‍ നാഷണല്‍ കണ്‍വന്‍ഷന്‍ മഹോല്‍സവത്തിനായി ഫേളോറിഡയിലെ മയാമി ബീച്ചിലേയ്ക്ക് ഏകസ്വരത്തോടെ മാര്‍ച്ച് ചെയ്യുന്നത്. ലോകത്തിന്റെ വെക്കേഷന്‍ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മയാമി ബീച്ചിലെ ‘ഡുവല്‍ ബീച്ച് റിസോര്‍ട്ടി’ല്‍ കലാ-സാംസ്‌കാരിക മാമാങ്കത്തിന്റെ നാല് ദിനരാത്രങ്ങളെ വര്‍ണാഭമാക്കുന്ന ഈ മലയാളി കൂട്ടായ്മ അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ അപൂര്‍വ സംഗമമായിരിക്കുമെന്ന് അനന്ദന്‍ നിരവേല്‍ ആവേശത്തോടും ഉള്‍പ്പുളകത്തോടും കൂടി പറയുന്നു.
ആനന്ദന്‍ നിരവേലുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി…?
* വളരെയധികം സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്. ഫോമയുടെ ചരിത്രത്തില്‍ മാത്രമല്ല, മലയാളി സംഘടനകളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹത്തായ ഒരു ജീവകാരുണ്യ പദ്ധതിക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ആ സ്വപ്ന പദ്ധതിയുടെ വിശദാംശങ്ങള്‍…?
* അമേരിക്കന്‍ മലയാളികളുടെ സേവന വഴിത്താരയില്‍ നാഴികക്കല്ലാവുന്ന ഒരു മഹത് സംരംഭമാണത്. തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററും ഫോമയും തമ്മില്‍ ഒപ്പുവച്ച കരാര്‍. അതായത് ആര്‍.സി.സിയിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന് ഒരു ഔട്ട് പേഷ്യന്റ് എക്സ്റ്റന്‍ഷന്‍ നിര്‍മിച്ച് നല്‍കുന്നതാണീ പദ്ധതി.

എന്തുകൊണ്ടാണ് ഈങ്ങനെയൊരു പ്രോജക്ട് തിരഞ്ഞെടുത്തത്…?
* ഇവിടുത്തെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ആരംഭിച്ചത് 1982ലാണ്. രജിസ്റ്റര്‍ ചെയ്യുന്ന 14 വയസില്‍ താഴെയുള്ളവരുടെ ചികില്‍സയാണിവിടെ നടത്തുന്നത്. കേരളത്തിനുപുറമെ തമിഴ്‌നാട്, കര്‍ണാടക, മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള രോഗ ബാധിതരും ആര്‍.സി.സിയെ ആശ്രയിക്കുന്നു. എന്നാല്‍ രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ സൗകര്യങ്ങളിവിടെയില്ല. നിലവില്‍ ഒരൊറ്റ മുറിയില്‍ വച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. രോഗികള്‍ക്കും കൂടെ എത്തുന്നവര്‍ക്കും വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍ഹിക്കാനോ ഉള്ള സൗകര്യം തീര്‍ത്തും അപര്യാപ്തമാണ്, ദയനീയമാണ്. ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് ഫോമ പദ്ധതി ആവിഷ്‌കരിച്ചത്.

സര്‍ക്കാര്‍ താത്പര്യം…?
* ചികില്‍സയൊക്കെ കൊടുക്കും. പക്ഷേ വേണ്ടകാര്യങ്ങള്‍ ചെയ്യില്ല. നല്ല റോഡുണ്ടാക്കും, എന്നാല്‍ ഡ്രെയിനേജ് കാണില്ല എന്ന് പറയുന്നതുപോലെയാണ് ആര്‍.സി.സിയിലെ സ്ഥിതി. ചികില്‍സയ്ക്കായി ഒരുപാട് പണം സര്‍ക്കാര്‍ മുടക്കുന്നുണ്ട്. പക്ഷെ രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കുന്നതിനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ല. നല്ല ബാത്ത്‌റൂമുകളും സ്വസ്ഥമായി വിശ്രമിക്കാനുള്ള മുറികളുമാണ് ഫോമ ഒരുക്കുന്നത്.

പദ്ധതിയുടെ പുരോഗതി…?
* വരുന്ന ജൂലൈ ഒന്നിന് പൂര്‍ത്തിയാകത്തക്കവിധത്തില്‍ നിര്‍മാണം പുരോഗമിക്കുന്നു. ഒരു ലക്ഷം ഡോളറാണ് മുടക്കുമുതല്‍. ഇതിന്റെ 75 ശതമാനവും പൊതുജനങ്ങളിന്‍ നിന്ന് സമാഹരിച്ചുകഴിഞ്ഞു. 25000 ഡോളര്‍ ആദ്യ ഗഡുവായി നല്‍കി. ബാക്കി തുക വരുന്ന മാസങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. ഫോമ-ആര്‍.സി.സി പ്രോജക്ടിന്റെ ശില്‍പിയായ ഫോമ പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ ജോസ് എബ്രഹാമാണ് ഇതിന്റെ വിജയത്തിനായി ആശ്രാന്ത പരിശ്രമം നടത്തുന്നത്.

താങ്കളുടെ ടേമിലെ ഇതുവരെയുള്ള മറ്റ് പ്രവര്‍ത്തന നേട്ടങ്ങള്‍…?
* ഒരുപാട് പദ്ധതികള്‍ ഏറ്റെടുക്കാതെ ഒരു വലിയ പ്രോജക്ട് വിജയത്തിലേയ്‌ക്കെത്തിക്കുന്നതിലാണ് ഞങ്ങള്‍ ഊന്നല്‍ കൊടുത്തത്. അതാണിപ്പോള്‍ സൂചിപ്പിച്ചത്. കൊച്ചുകൊച്ചു പരിപാടികള്‍ സംഘടിപ്പിച്ച് വലിയ ബൂസ്റ്റ് കൊടുക്കുന്നത് പൊതുവെ അമേരിക്കന്‍ സംഘടനകളുടെ രീതിയാണല്ലോ. ഫോമ അതില്‍ താത്പര്യം കാട്ടുന്നില്ല. പിന്നെ കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കാനുള്ള സംരംഭങ്ങള്‍, യുവജനങ്ങള്‍ക്കായുള്ള സമ്മര്‍ ടു കേരള, പുതുതായി അമേരിക്കയിലെത്തുന്ന മലയാളികള്‍ക്ക് തുടക്കത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക, ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുണ്ടാക്കിയ ഉന്നത വിദ്യാഭ്യാസ പരിപാടി, ക്ലീന്‍ കേരള പദ്ധതി, യംഗ് പ്രഫഷണല്‍ സമ്മിറ്റ് തുടങ്ങിയവ ഫോമയുടെ ചിരകാല അജണ്ടയിലുള്ളതാണല്ലോ.

ഫോമയുടെ സംഘടനാ ശക്തിയെപ്പറ്റി…?
* ഫോമയിലിപ്പോള്‍ 63 സംഘടനകളുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഏറ്റവും വലിയ സംഘടന തന്നെയാണ് ഫോമ. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഫ്‌ളേറിഡയില്‍ തന്നെ എട്ട് അംഗ സംഘടനകളുണ്ട്.

അമേരിക്കള്‍ മലയാളികള്‍ക്കായി ഈന്നല്‍ കൊടുക്കുന്നത്…?
* രണ്ടും മൂന്നും ജനറേഷനില്‍പ്പെട്ടവരെ ഫോക്കസ് ചെയ്യനാണ് ഫോമ ലക്ഷ്യമിടുന്നത്. തീര്‍ച്ചയായും അവര്‍ അമേരിക്കന്‍ സിസ്റ്റത്തിലേയ്ക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ മലയാള സംസ്‌കാരത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നു എന്ന് മനസിലാക്കുമ്പോള്‍ അവരെ ഈ കണ്‍വന്‍ഷനിലെത്തിച്ച് സജീവമായ പങ്കാളിത്തമുറപ്പിക്കും.

ഫ്‌ളോറിഡ കണ്‍വന്‍ഷന്റെ പ്രത്യേകതകള്‍…?
* രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടാണ് കണ്‍വന്‍ഷന്‍. നാലുദിവസത്തെ കണ്‍വന്‍ഷന്‍ സംഘടനാ ചരിത്രത്തിലെ ഏറ്റവം വലിയ കണ്‍വന്‍ഷന്‍ ആയിരിക്കും. എല്ലാ കണ്‍വന്‍ഷനിലും കേരളത്തനിമയാര്‍ന്ന ഭക്ഷണമാണ് കൊടുക്കുന്നതെങ്കില്‍ ഇക്കുറി പുതു തലമുറയ്ക്കിഷ്ടപ്പെടുന്ന അമേരിക്കന്‍ ഫുഡ്ഡാണ് എല്ലാ ദിവസും വിളമ്പുന്നത്. അമേരിക്കന്‍ പ്രൗഢിയിലിലുള്ള ഒരു അന്തരീക്ഷമായിരിക്കും വേദിയിലനുഭവപ്പെടുക. അത് എക്‌സ്‌പെന്‍സീവാണെങ്കിലും പുതിയ തലമുറയെ ആകര്‍ഷിക്കാമാണീ മാറ്റം.

കാരണം…?
* രണ്ടാം തലമുറയെന്നത് വിദ്യാഭ്യാസപരമായും ജോലിസംബന്ധമായും നമ്മേക്കാളൊക്കെ ഉന്നത നിലവാരത്തിലാണ്. അവരെ നമ്മിലേയ്ക്ക് കൊണ്ടുവരിക എന്ന തിരിച്ചറിവിന്റെ ഭാഗമാണിത്. കുട്ടികളുടെയും യൂത്തിന്റെയും പരിപാടികള്‍ക്കാണ് കണ്‍വന്‍ഷനില്‍ പ്രാധാന്യം കൊടുക്കുന്നത്. അവരെ മറ്റ് സംഘടനകള്‍ അംഗീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് യൂത്തിനെ കണ്‍വന്‍ഷനില്‍ അവാര്‍ഡുകളും അംഗീകാരപത്രങ്ങളും കൊടുത്ത് പ്രത്യേകമായി ആദരിക്കും. ഇത്തവണത്തെ സൊവനീറില്‍ മലയാളം അറിയാത്തവര്‍ക്കായി 20 പേജുകള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കും. ഇതില്‍ കുട്ടികളുടെയും യുവജനങ്ങളുടെയും ലേഖനങ്ങളും മറ്റുമുണ്ടാവും. ലേഖനമെഴുതുന്നവര്‍ക്ക് പ്രോല്‍സാഹനമായി പ്രൈസ് മണിയും നല്‍കും. ഇവിടുത്തെ ഏറ്റവും മികച്ച ഡാന്‍സ് ട്രൂപ്പുകളിലൊന്നായ ശിങ്കാരി ഗ്രൂപ്പിന്റെ സംഗീത നൃത്ത വിസ്മയം മയാമിയിലെ വേദിയില്‍ നമുക്ക് ആസ്വദിക്കാം.

നാട്ടിലെ രാഷട്രീയക്കാര്‍, സെലിബ്രിറ്റികള്‍ തുടങ്ങയവരെ ക്ഷണിക്കുമോ…?
* ഇത്തരത്തിലാരെയും വിളിക്കുന്നില്ല. നാട്ടിലെ ഒരു സെലിബ്രിറ്റിയെ കൊണ്ടുവന്ന് അവാര്‍ഡ് കൊടുത്ത് ആദരിക്കുന്നതിലൂടെ അമേരിക്കയിലെ മലയാളി സമൂഹത്തിന് എന്ത് പ്രയോജനം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണീ തീരുമാനം.

അപ്പോള്‍ കണ്‍വന്‍ഷനിലെ ഹൈലൈറ്റ്…?
* അമേരിക്കയിലെ മുഖ്യധാരയിലുള്ള അമേരിക്കന്‍സായ രാഷ്ട്രീയക്കാര്‍ കണ്‍വന്‍ഷന്‍ വേദിയിയുണ്ടാവും. ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കാട്ട് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും. പിന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശ്രദ്ധേയനായ മാര്‍ക്കോ റൂബിയോ കണ്‍വന്‍ഷനില്‍ സംബന്ധിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവരുടെയൊക്കെ സാന്നിധ്യം നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു. ഫ്‌ളോറിഡ സ്റ്റേറ്റില്‍ നിന്ന് മല്‍സരിക്കുന്ന സാജന്‍ കുര്യന്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ കോണ്‍ഗ്രസ് വുമണായി പോരാടുന്ന മേരി തോമസ് എന്നിവും പങ്കെടുക്കും. മേരി തോമസ് ജയിക്കുകയാണെങ്കില്‍ യു.എസ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പോവുന്ന പ്രഥമ ഇന്ത്യന്‍ വനിതയായിരിക്കുമവര്‍.

ഫോമയിലെ സ്ത്രീ പ്രാതിനിധ്യം…?
* എക്‌സിക്യൂട്ടീവ് പൊസിഷനില്‍ വനിതകള്‍ക്കായി മൂന്ന് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. വൈസ് പ്രസിഡന്റ് സാഥാനത്തേയ്ക്ക് ഇക്കുറി വനിതാ പോരാട്ടമുണ്ട്. നാട്ടിലായാലും ഇവിടെയായലും സംഘടനാരംഗത്ത് പുരുഷ മേധാവിത്വമുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിനോട് പ്രതികരിക്കാനോ മല്‍സരിക്കാനോ താത്പര്യമില്ലാഞ്ഞിട്ടായിരിക്കും വനിതകളുടെ സംഘടനയിലെ സാന്നിധ്യം കുറവാണ്.

ഫോമയുടെ ഡ്രീം പ്രോജക്ട്…?
* ആര്‍.സി.സിയില്‍ ട്രീറ്റ്‌മെന്റിന് എത്തുന്നവര്‍ക്ക് പുറത്ത് താമസിക്കുവാനുള്ള പ്രയാസങ്ങള്‍ മനസിലാക്കി 20 പേര്‍ക്ക് കിടക്കാനും മറ്റും സൗകര്യമുള്ള ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള ഹോം എവേ ഫ്രം ഹോം എന്നൊരു സിഗ്നേച്ചര്‍ പദ്ധതി പൈലറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് 20 സെന്റ് ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിക്കുകയുമുണ്ടായി. താമസം നേരിടുകയാണെങ്കില്‍ ഇത് അടുത്ത ഭരണസമിതിക്ക് കൈമാറും.

പുതിയ ഭരണസമിതിയോട് പറയാനുള്ളത്…?
* തികഞ്ഞ ജനാധിപത്യ ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുക. അമേരിക്കന്‍ മലയാളികള്‍ക്ക് എന്താണോ ആവശ്യം അതിന് മുന്‍തൂക്കം കൊടുക്കുക. നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ ശൈലിയില്‍ ജിവിക്കുമ്പോള്‍ മലയാളത്തനിമ ചോര്‍ന്നുപോകാതിരിക്കാന്‍ അവശ്യം വേണ്ട മാര്‍ഗനിര്‍ദേശം നല്‍കി മലയാണ്മയുടെ മഹത്വത്തിന്റെ നെയ്ത്തരി അവരുടെ ഹൃദയശ്രീലകങ്ങളില്‍ തെളിയിക്കുക, അത് കെടാതെ സൂക്ഷിക്കുക.
***
പത്തനംതിട്ട കോന്നി സ്വദേശിയായ ആനന്ദന്‍ നിരവേല്‍ ഗോവ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്ന് ബിരുദമെടുത്തശേഷം 1975ലാണ് അമേരിക്കയിലെത്തിയത്. ’79ല്‍ അഞ്ചലില്‍ നിന്നുള്ള സുഭദ്രയെ വിവാഹം ചെയ്തു. ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലിചെയ്ത നിരവേലും നേഴ്‌സായ സുഭദ്രയും ഔദ്യോഗിക രംഗത്തുനിന്നും വിരമിച്ചവരാണ്. ഡോക്ടര്‍മാരായ അനീസ, ബിന്ദു, അഞ്ജലി എന്നിവരാണ് മക്കള്‍.

തന്റെ കുട്ടികളെ മലയാള ഭാഷയും സംസ്‌കാരവുമായി അടുപ്പിക്കാന്‍ 1990ന്‍ നിരവേല്‍ സജീവമായ സംഘടനാ പ്രവര്‍ത്തനം തുടങ്ങി. ഡിട്രോയിറ്റ് കേരളാ ക്ലബിലായിരുന്നു തുടക്കം. പിന്നെ ഫൊക്കാനയില്‍ നിരവധി പദവികള്‍ വഹിച്ചു. ഫൊക്കാന പിളര്‍ന്നപ്പോള്‍ ഫോമയിലെത്തി. ഫോമയുടെ വിവിധ തലങ്ങളിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. കണ്‍വന്‍ഷന്റെ വിജയമാണിപ്പോള്‍ മനസില്‍. ഇനി സംഘടനാ രംഗത്ത് മല്‍സരിക്കില്ലെന്നുറപ്പിച്ച ആനന്ദന്‍ നിരവേലിന്റെ മൂന്നു മക്കളും സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് വളര്‍ന്നുവന്നത്.

image

LEAVE A REPLY

Please enter your comment!
Please enter your name here