ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കാണു വിജയസാധ്യതയെന്ന് വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ. ഒറ്റയ്ക്കു മൽസരം ജയിപ്പിക്കാൻ മിടുക്കുള്ള ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. എങ്കിലും അട്ടിമറി വിജയത്തിനുള്ള കരുത്ത് വിൻഡീസിനുണ്ടെന്ന് ഓർമിപ്പിക്കാനും ഗെയ്ൽ മറന്നില്ല. കോഹ്‌ലി മിന്നുന്ന ഫോമിലാണെങ്കിലും വ്യക്തിയിൽ കേന്ദ്രീകരിച്ചല്ല ഇന്ത്യയ്ക്കെതിരെ തന്ത്രങ്ങൾ മെനയുന്നതെന്നും ടീമിനെ ഒന്നാകെയാണു ലക്ഷ്യമിടുന്നതെന്നും ഗെയ്ൽ പറഞ്ഞു.

‘ ആദ്യ മൽസരം തോറ്റതിനു ശേഷം മൂന്നു വിജയങ്ങളോടെയാണ് ഇന്ത്യയുടെ മുന്നേറ്റം. അതുകൊണ്ടു തന്നെ അവർ താളം കണ്ടെത്തിയെന്നു പറയാം. സെമിയിൽ എത്തുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്. ഇന്ത്യൻ ടീമിലെ ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാട്ടാനാവില്ല. ഓൾറൗണ്ട് മികവുള്ള ടീമാണ്. ഫീൽഡിങ്ങിലും അവർ മികവു കാട്ടുന്നു.’’ ഗെയ്ൽ പറഞ്ഞു. ‘‘ വിരാട് കോഹ്‌ലിയുടെ പ്രകടനത്തിൽ ഒട്ടും അദ്ഭുതമില്ല.

ലോകം കീഴടക്കാൻ മിടുക്കു വിരാടിനുണ്ടെന്ന് ഞാൻ എത്രയോ മുൻപേ പറഞ്ഞിട്ടുണ്ട്. ഇപ്പോഴതു സംഭവിക്കുന്നു. ഉജ്വല ഫോമിലാണിപ്പോൾ കോഹ്‌ലി. വാങ്കഡെ പിച്ച് ബാറ്റിങ്ങിന് അനുകൂലവും. എന്തും സംഭവിക്കാം. കരുത്തു തിരിച്ചറിഞ്ഞു കളിക്കുകയെന്നതാണ് ഞങ്ങൾക്കു ചെയ്യാനുള്ളത്. വിരാടിനെ മാത്രം കേന്ദ്രീകരിച്ചല്ല ഞങ്ങളുടെ കളി. അവരവരുടേതായ ദിനങ്ങളിൽ ഏതു ലക്ഷ്യവും കണ്ടെത്താൻ മിടുക്കുള്ളവർ ഒട്ടേറെപ്പേരുണ്ട് ടീമിൽ. ബാറ്റിങ് ലൈൻ അപ് അത്യുജ്വലം എന്നു തന്നെ പറയണം. ഞങ്ങളുടെ ടീമിലുമുണ്ട് മൽസരം ജയിക്കാൻ പോന്ന ഒട്ടേറെപ്പേർ.’’ ഗെയ്ൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here