ആണവസുരക്ഷക്കായിരിക്കണം ലോകരാജ്യങ്ങള്‍ പ്രഥമിക പരിഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണിലെ ആണവസുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച്  വൈറ്റ്ഹൗസില്‍ നടന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിനെതിരായ നടപടികള്‍ കടുപ്പിച്ചില്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല. തീവ്രവാദികള്‍ ആത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നാല്‍ നമ്മുടെ പ്രതികരണം വളരെ പഴയരീതിയലാണ്. ബ്രസ്സല്‍സ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് കാണിച്ചുതരുന്നത്- മോദി പറഞ്ഞു.

ആണവ സുരക്ഷാ ഉച്ചകോടി വിളിച്ചുചേര്‍ത്തതിലൂടെ ഒബാമ ലോക സുരക്ഷക്ക് മികച്ച സംഭാവനയാണ് നല്‍കിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു. തീവ്രവാദം ആഗോളശ്യംഖലയാണ്. തീവ്രവാദത്തിന്റെ കണ്ണികള്‍ ലോകവ്യാപകമായി പടര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതിനെതിരായ നടപടികള്‍ രാജ്യങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുകയാണ്.  രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനമില്ല. അവരുടേത് എന്റേത് എന്നിങ്ങനെയുള്ള വിവേചനം തീവ്രവാദ വിഷയത്തില്‍ രാജ്യങ്ങള്‍ ഉപേക്ഷിക്കണം.

തീവ്രവാദത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് തീവ്രവാദത്തിന്റേത് എന്നതാണ് ഒന്നാമത്. രണ്ടാമതായി നമ്മള്‍ ഒരിക്കലും മടക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ അല്ല നോക്കേണ്ടത്. മറിച്ച് നഗരത്തില്‍ കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്ന തീവ്രവാദിയെ ആയിരിക്കണം കണ്ടെത്തേണ്ടത്. മൂന്നാമതായി ആണവസാമഗ്രികളുടെ കള്ളക്കടത്തിനെതിരെ രാജ്യങ്ങള്‍  കര്‍ശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും മോദി ഓര്‍മ്മിപ്പിച്ചു.

ഇരുപതോളം രാജ്യങ്ങളാണ് നാലാമത് ആണവ സുരക്ഷാ ഉച്ചകോടിക്കായി എത്തിയിട്ടുള്ളത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വൈറ്റ്ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്തടുത്തുള്ള സീറ്റുകളിലാണ് ഇരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here