ഫിലാഡല്‍ഫിയ: ഏഴുവര്‍ഷക്കാലം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ കര്‍മ്മനിരതനായ ശ്രേഷ്ഠ ഇടയന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പയ്ക്ക് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം യാത്രയയപ്പ് നല്‍കുന്നു. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ പുതുതായി ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്ന അഭി.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പയ്ക്ക് സ്വാഗതവും അരുളും.

ഏപ്രില്‍ ഒന്നിനു വെള്ളിയാഴ്ച ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വൈകിട്ട് ഏഴുമണിക്കാണ് പരിപാടികള്‍ നടക്കുക. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകര്‍, ഭദ്രാസന കൗണ്‍സില്‍, അസംബ്ലി അംഗങ്ങള്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സഭയുടെ സ്ഥലംമാറ്റ ക്രമീകരണമനുസരിച്ച് മുംബൈ ഭദ്രാസനത്തിന്റെ ചുമതലയിലേക്ക് പോകുന്ന അഭി. തിയഡോഷ്യസ് തിരുമേനിക്ക് എല്ലാവിധ യാത്രാമംഗളങ്ങളും നേര്‍ന്നുകൊണ്ട് വൈദീക പ്രതിനിധി കൗണ്‍സില്‍, അത്മായ പ്രതിനിധികള്‍ എന്നിവരോടൊപ്പം പോഷകസംഘടനകളായ സണ്‍ഡേ സ്കൂള്‍, യൂത്ത് ഗ്രൂപ്പ്, യുവജനസഖ്യം, ഇടവക മിഷന്‍, സേവികാസംഘം എന്നിവയുടെ പ്രതിനിധികളും സംസാരിക്കും. അഭിവന്ദ്യ തിയഡോഷ്യസ് തിരുമേനിയുടെ സ്‌നേഹത്തിലും, കരുതലിലും കഴിഞ്ഞ ഏഴു വര്‍ഷക്കാലം ദൈവരാജ്യ പ്രവര്‍ത്തനത്തിലൂടെ ഉന്നത മാതൃക സൃഷ്ടിച്ച നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസാനം ഒന്നാകെ ഈ സമ്മേളനത്തില്‍ തിരുമേനിയോടുള്ള കൃതജ്ഞതയും ആദരവും രേഖപ്പെടുത്തും.

അഭി. ഐസക് മാര്‍ പീലക്‌സിനോസ് തിരുമേനി ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തില്‍ നിന്നുമാണ് നോര്‍ത്ത് അമേരിക്കന് ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുവാന്‍ എത്തുന്നത്. തുടര്‍ന്നുള്ള നാളുകള്‍ ദീര്‍ഘവീക്ഷണത്തോടും, ദൈവകൃപയുടെ തണലിലും ഭദ്രാസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കാന്‍ എത്തുന്ന തിരുമേനിക്ക് ഭദ്രാസനമൊട്ടാകെ ഊഷ്മളമായ സ്വീകരണമരുളും.

ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ ബിനോയ് ജെ. തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ് എന്നിവര്‍ അറിയിച്ചു.

ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here