ട്വന്റി20 ലോകകപ്പ് കിരീടം ആർക്കെന്ന് തീരുമാനിക്കുന്ന ആവേശപ്പോരിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് 156 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 36 പന്തിൽ 54 റൺസെടുത്ത ജോ റൂട്ട‍ും 22 പന്തിൽ 36 റൺസെടുത്ത ബട്ലറുമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. വെസ്റ്റ് ഇൻഡീസിനുവേണ്ടി ബ്രാവോയും ബ്രാത്ത്‌വെയ്റ്റ‍ും മൂന്നും ബദ്രി രണ്ടും റസൽ ഒന്നും വീതം വിക്കറ്റ് വീഴത്തി.

നേരത്തെ, ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച വെസ്റ്റ് ഇൻഡീസ് 23 റൺസിനിടെ മൂന്ന് വിക്കറ്റ് വീഴത്തി മൽസരത്തിൽ മികച്ച തുടക്കമിട്ടിരുന്നു. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് വഴിയൊരുക്കിയ ജേസൺ റോയി (0), അലക്സ് ഹെയ്‌ൽസ് (1), ക്യാപ്റ്റൻ ഒയിൻ മോർഗൻ (12 പന്തിൽ 5) എന്നിവരാണ് പുറത്തായത്. ജേസൺ റോയിയെ ബോളിങ്ങിന് തുടക്കമിട്ട സാമുവൽ ബദ്രി വീഴ്ത്തിയപ്പോൾ ഹെയ്‌ൽസിനെ റസലിന്റെ പന്തിൽ ബദ്രിതന്നെ ക്യാച്ചെടുത്ത് പുറത്താക്കി. മോർഗനെ സ്ലിപ്പിൽ ഗെയ്‌ലിന്റെ കൈകളിലെത്തിച്ച് ബദ്രി തന്നെ മൂന്നാം വിക്കറ്റു സ്വന്തമാക്കി. ബെൻ സ്റ്റോക്സ് (13), മോയിൻ അലി (0) എന്നിവരെ പുറത്താക്കിയ ഡ്വെയിൻ ബ്രാവോയാണ് ഇംഗ്ലണ്ടിനെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിട്ടത്. പിന്നാലെ ജോ റൂട്ടിനെ സുലൈമാൻ ബെന്നിന്റെ കൈകളിലെത്തിച്ച ബ്രാത്ത്‌വെയ്റ്റ് വിൻഡീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

ആര് കപ്പുയർത്തിയാലും അത് ചരിത്രമാണ്. ട്വന്റി20 ലോകകപ്പ് കിരീടം രണ്ടാം തവണ നേടുന്ന ആദ്യ ടീം. ഇംഗ്ലണ്ട് 2010ലും വെസ്റ്റ് ഇൻഡീസ് 2012ലും കപ്പുയർത്തി. കപ്പുയർത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ന്യൂസീലൻഡിനേയും ഇന്ത്യയേയും കീഴടക്കിയാണ് ഇരുടീമുകളുടേയും വരവ്. ബാറ്റിങ് കരുത്തിൽ വിശ്വാസമർപ്പിച്ചാണ് ഇരുടീമുകളും ഫൈനലിൽ ഏറ്റുമുട്ടാനിറങ്ങുന്നത്. വാങ്കഡേ സ്റ്റേഡിയം പോലെ റണ്ണൊഴുക്ക് പ്രതീക്ഷിക്കേണ്ടെങ്കിലും കൊൽക്കത്തയും ബാറ്റ്സ്മാൻമാരുടെ പ്രിയപ്പെട്ട ഗ്രൗണ്ടാണ്. റൺസ് പിന്തുടരുന്നവരേയാണ് ഈഡൻ ഗാർഡൻസ് കൂടുതൽ പിന്തുണച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here