Home / ഫൊക്കാന / കാനഡ ഉത്സവ ലഹരിയില്‍; ഫൊക്കാന സാരഥിയ്ക്ക് ഇതു അഭിമാനമുഹൂര്‍ത്തം

കാനഡ ഉത്സവ ലഹരിയില്‍; ഫൊക്കാന സാരഥിയ്ക്ക് ഇതു അഭിമാനമുഹൂര്‍ത്തം

കാനഡ ഇപ്പോഴേ ഉത്സവലഹരിയിലാണ്. ഫൊക്കാന സമ്മേളനത്തിനു (ജൂലൈ 1-4) മുന്നു മാസമുണ്ടെങ്കിലും ഒരുക്കങ്ങളെല്ലാം തകൃതിയില്‍ നടക്കുന്നു. ഒന്നിനും ഒരു പിഴവും പാടില്ല. എന്നല്ല അമേരിക്കയിലെ സംഘടനാ ചരിത്രത്തിലെ ചരിത്രംകുറിക്കുന്ന സമ്മേളനമായിരിക്കണമത്- പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍ നിന്നു മാത്രം നൂറില്‍പ്പരം രജിസ്‌ട്രേഷനുകള്‍ ഇതേവരെ ലഭിച്ചു. മറ്റു നഗരങ്ങളില്‍ നിന്നു വേറേയും. കാനഡയില്‍ നിന്നുള്ളവര്‍ കൂടിയാകുമ്പോള്‍ നാനൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കണ്‍വന്‍ഷന്‍ ടൊറന്റോയിലായതിനാല്‍ വാക് ഇന്‍ രജിസ്‌ട്രേഷനും സിംഗിള്‍ ഡേ രജിസ്‌ട്രേഷനും ഏറെയുണ്ടാകും. ചുരുക്കത്തില്‍ കണ്‍വന്‍ഷന്‍ ഇത്തവണ പൊടിപൂരമാകും. ഇത്തവണ നഷ്ടമൊന്നും വരില്ല- ജോണ്‍ പി. ജോണിനു ആത്മവിശ്വാസം.

ജനപങ്കാളിത്തത്തോടൊപ്പം പ്രോഗ്രാമുകളുടെ മികവും നാട്ടില്‍ നിന്നു വരുന്നവരുടെ സാന്നിധ്യവുമാണ് കണ്‍വന്‍ഷനെ അവിസ്മരണീയമാക്കുക. ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെയ്‌ക്കൊപ്പം മറ്റു ഭാരവാഹികളും കാനഡയിലെ ഒമ്പത് അസോസിയേഷനുകളുടെ പ്രസിഡന്റുമാരും വിവിധ കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിചാരിച്ചതിലും ഭംഗിയായി കാര്യങ്ങള്‍ മുന്നേറുന്നതില്‍ ജോണ്‍ പി. ജോണിനു ചാരിതാര്‍ത്ഥ്യം.

ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ അവാര്‍ഡ് നല്‍കുന്ന നൂതന പരിപാടി അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ ഇരുപതോടെ വോട്ടിംഗ് കഴിയും. ഫൊക്കാന ഓണ്‍ലൈന്‍ ഡോട്ട്‌കോമില്‍ പോയാല്‍ വോട്ട് വിവരം കിട്ടും.

ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ലക്ഷ്മി ഗോപാലസ്വാമി, വിജയ് യേശുദാസ്, ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയികള്‍ തുടങ്ങി ഒരുപറ്റം കലാകാരന്മാര്‍ പങ്കെടുക്കും. വോട്ടിംഗില്‍ മുന്നിലെത്തുന്ന കലാകാരന്മാരും ഇവരും ഫിലിം അവാര്‍ഡ് നൈറ്റിനെ മാസ്മരിക സംഭവമാക്കി മാറ്റും.

കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂലൈ ഒന്നിനു (വെള്ളി) വേദിയായ ഹില്‍ട്ടന്‍ ടൊറന്റോ- മാര്‍ക്കം സ്യൂട്ട്‌സിനു മുന്നില്‍ നൂറു കലാകാരികള്‍ പങ്കെടുക്കുന്ന തിരുവാതിരയാണ് ഉദ്ഘ്ടാന ചടങ്ങിനായി തീരുമാനിച്ചിരിക്കുന്നത്. അതിനവിടെ സൗകര്യമുണ്ട്. പക്ഷെ മഴ പെയ്യെരുതെന്നു മാത്രം!

കണ്‍വന്‍ഷന്‍ ഹാളില്‍ തുടര്‍ന്ന് പ്രാദേശിക കലാപരിപാടികള്‍. നാട്ടില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രോഗ്രം. അതിനുശേഷം സ്റ്റാര്‍സിംഗര്‍ മത്സരത്തിന്റെ ഫൈനല്‍. യു.എസ്.എയിലും കാനഡയിലുമുള്ള സംഗീത പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തിന്റെ പ്രധാന വിധികര്‍ത്താവ് ഗായകന്‍ വേണുഗോപാല്‍ ആയിരിക്കും.

ശനിയാഴ്ചത്തെ സാഹിത്യ സമ്മേളനം ശ്രദ്ധേയമായിരിക്കും. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സതീഷ് ബാബു പയ്യന്നൂര്‍, അമേരിക്കയിലെ സാഹിത്യകാരന്മാര്‍ എല്ലാം അണിനിരക്കും. ആ സമയത്ത് മറ്റൊരു പരിപാടിയും ഉണ്ടായിരിക്കില്ല. പല പ്രോഗ്രാമുകളും ഒരേസമയം നടത്തി ഒന്നിനും ആളില്ലാത്ത അവസ്ഥ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഇതേതുടര്‍ന്ന് വിവിധ സെമിനാറുകള്‍. വനിതാ -മാധ്യമ സെമിനാറുകള്‍ ഉള്‍പ്പടെ. രാത്രി എട്ടു മുതല്‍ സിനിമാ അവാര്‍ഡ്. ഇടയ്ക്ക് വിവിധ കലാകാരന്മാരുടെ ഹൃസ്വ പ്രകടനങ്ങള്‍.

ഞായറാഴ്ചയാണ് അടുത്ത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. താന്‍ ആരേയും പ്രത്യേകം എന്‍ഡോഴ്‌സ് ചെയ്യുന്നില്ല- ജോണ്‍ പി. ജോണ്‍ പറഞ്ഞു.

ഞായറാഴ്ച മലയാളി മങ്ക, വിവിധ സെമിനാറുകള്‍ എന്നിവ നടക്കും. വൈകിട്ട് ബാങ്ക്വറ്റില്‍ കലാപരിപാടികളും, പാട്ടുകളും നാട്ടില്‍ നിന്നുവരുന്ന കലാകാരന്മാര്‍ അവതരിപ്പിക്കും. സിനിമാതാരങ്ങളും ചലച്ചിത്ര ഗായകരുമാണ് ഹൃസ്വപരിപാടികള്‍ അവതരിപ്പിക്കുന്നതെന്നതു തന്നെ ശ്രദ്ധേയം.

മിസ് ഫൊക്കാന ജഡ്ജസുമാരില്‍ ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണുള്ളത്. യുവാക്കള്‍ക്കായി പ്രത്യേക ബാങ്ക്വറ്റു തന്നെയുണ്ട്. യുവജനതയുടെ നല്ല പങ്കാളിത്തവുമുണ്ട്. ഉദയകുമാര്‍ വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരം എന്നിവ ആദ്യദിനം തന്നെ നടക്കും.

കേരളീയ ഭക്ഷണം എല്ലാ ദിവസവും ലഭ്യമാകുമെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കണ്‍വന്‍ഷന്‍ വേദിയുടെ താഴെ ഒരേസമയം അറൂനൂറു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കഫിറ്റീരിയയിലാണ് ഭക്ഷണങ്ങള്‍ വിളമ്പുക.

രണ്ടു പേര്‍ക്ക് രജിസ്‌ട്രേഷന് 850 ഡോളറാണ് (1000 കനേഡിയന്‍ ഡോളര്‍). 12 വയസില്‍ താഴെയുള്ള കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ കനേഡിയന്‍ ഡോളര്‍ 1200. 12 വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ 1500 കനേഡിയന്‍ ഡോളര്‍.

എല്ലാം ഭംഗിയായി പോകുന്നു. ഒരു പ്രശ്‌നവുമില്ല.
(ഫൊക്കാനയില്‍ വിവാദങ്ങളില്ല: ജോണ്‍ പി. ജോണുമായുള്ള അഭിമു­ഖം നാളെ)

Check Also

സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ …

Leave a Reply

Your email address will not be published. Required fields are marked *