ചെന്നൈയെക്കുറിച്ച് ഒരുപാട് ഓര്‍മകളുണ്ടാവുമല്ലോ. അന്നത്തെ ഏതെങ്കിലും അനുഭവങ്ങള്‍, മനസ്സില്‍ മുറിപ്പാടുണ്ടാക്കിയത്, ഓര്‍ക്കുന്നുണ്ടോ?
അവിടെ പ്രൊഡ്യൂസര്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം പ്രിവ്യു കാണാനുള്ള തിയേറ്ററുണ്ട്. ഞാനൊരിക്കല്‍ ഒരു സിനിമയുടെ പ്രിവ്യു കാണാന്‍ പോയി. കാശില്ലാതെ പടം കാണാമല്ലോ. അവിടുത്തെ മാനേജര്‍ കല്യാണം എന്നെ ചവിട്ടി പുറത്താക്കി. ഓസിന് കേറുന്നോടാ എന്നും ചോദിച്ചാണ് എന്നെ ഇറക്കിവിട്ടത്. ആ തിയേറ്റര്‍ പിന്നീട് ഞാന്‍ വിലകൊടുത്ത് വാങ്ങിച്ചു. അവിടെ കല്യാണം തന്നെ മാനേജരുമായി. പുള്ളിക്ക് പഴയതൊന്നും ഓര്‍മയുണ്ടായിരുന്നില്ല.”പ്രിയദര്‍ശന്‍ ചിരിച്ചു. കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആ ചിരിയുടെ ശബ്ദം പടരുന്നത് കേള്‍ക്കാം. 

സിനിമയിലുള്ളവര്‍ക്ക് പലതരം ഭ്രമങ്ങള്‍ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. നല്ല വാച്ചുകള്‍, വില കൂടിയ വസ്ത്രങ്ങള്‍…അങ്ങനെ
എനിക്ക് ജീവിതത്തില്‍ ആകപ്പാടെ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നല്ല കാറുകള്‍ വാങ്ങുക. കാറിനോട് വല്ലാത്തൊരു ക്രേസ് ഉണ്ടായിരുന്നു. അന്ന് എന്റെ കൂട്ടുകാര്‍ക്കൊക്കെ കാറുണ്ട്. അച്ഛനോടും അമ്മയോടും ഞാന്‍ ഇടയ്ക്കിടെ ചോദിക്കും, നമുക്കും ഒരു കാര്‍ വാങ്ങിച്ചുകൂടേയെന്ന്. കാറോ ആദ്യമൊരു വീടു വെക്കേട്ടെന്ന് പറയും അച്ഛന്‍. കുറെക്കാലം കാര്‍ ഒരു സ്വപ്‌നമായിത്തുടര്‍ന്നു. പക്ഷേ ആദ്യത്തെ സിനിമയ്ക്ക് കിട്ടിയ പ്രതിഫലം കൊണ്ട് ഞാനൊരു ഫിയറ്റ് കാര്‍ വാങ്ങി. ആ വണ്ടി ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും വണ്‍ ഓഫ് ദ ബെസ്റ്റ് ഫിയറ്റ് ഇന്‍ ഇന്ത്യ. ഞാനെന്റെ മകനെപ്പോലെ നോക്കുന്നൊരു സാധനമാണ്. അത് മാത്രമായിരുന്നു എന്റെ ജീവിതത്തിലെ ആഡംബരം. എക്‌സ്പന്‍സീവായിട്ടുള്ള ബ്രാന്‍ഡഡ് ഐറ്റംസൊന്നും എനിക്ക് വേണ്ട. ഇപ്പോള്‍ കൈയില്‍ കിടക്കുന്ന ഈ വാച്ച്‌പോലും ലിസി വാങ്ങിത്തന്നതാണ്. (പ്രിയന്‍ ആ പ്രിയപ്പെട്ട വാച്ച് കാണിച്ചു, ഏഴ് ലക്ഷം രൂപയുടേതാണ്.) ഞാന്‍ സാധാരണ വാച്ചായിരുന്നു കെട്ടാറ്. ഇത് സിസിഎല്ലിന്റെ ടിക്കറ്റ് വിറ്റ് ദുബായിലെ കാശ് കിട്ടിയപ്പോള്‍ ലിസി എനിക്ക് ഗിഫ്റ്റായിട്ട് തന്നതാണ്. അവള് മേടിച്ചുതന്നതുകൊണ്ട് കെട്ടിയെന്നേയുള്ളൂ. 

കാറുകളോടുള്ള ഭ്രമം പോയോ?
ഇപ്പോള്‍ ഒന്നുമില്ല. ഞാനെന്റെ ജീവിതത്തിന്റെ ഡൗണ്‍ഫാളിന്റെ സമയത്ത് ദേഷ്യത്തില്‍ എല്ലാ കാറുകളും വിറ്റു.

ഡൗണ്‍ഫാളെന്നു പറഞ്ഞാല്‍, ലിസിയുമായുള്ള വേര്‍പിരിയലാണോ ഉദ്ദേശിച്ചത്?
പ്രതീക്ഷിക്കാതെയാണ് ജീവിതത്തില്‍ പലതും സംഭവിച്ചത്. പത്തിരുപത് വര്‍ഷം ഒരുമിച്ച് ജീവിച്ചൊരാള്‍ വിട്ടുപോവുന്നതൊക്കെ വലിയ വിഷമമുള്ള കാര്യമാണ്. ആ നിരാശാ സമയത്ത് ഞാന്‍ വിചാരിച്ചു, ജീവിതമാണ് പ്രധാനം, ആഡംബരമല്ലെന്ന്. ആ ദേഷ്യത്തില്‍ ഞാനെന്റെ എല്ലാ കാറുകളും എടുത്തു വിറ്റു. എന്റെ പ്രിയപ്പെട്ട ഒരുപാട് കാറുകള്‍. എനിക്ക് വണ്ടികളുടെ വലിയ കളക്ഷനുണ്ടായിരുന്നു. ഒരിക്കല്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിട്ടുണ്ട്. ചേട്ടാ ഞാനിത്രയും വലിയ കാറുകളുടെ കളക്ഷന്‍ ഒരിടത്തും കണ്ടിട്ടില്ലെന്ന്. പക്ഷേ ഇപ്പോള്‍ അത്യാവശ്യത്തിനുള്ള വണ്ടിയേ എന്റെ കൈയില്‍ ഉള്ളൂ. 

Priyadarshan

ദാമ്പത്യത്തില്‍ ഇത്ര വലിയ ഭൂകമ്പങ്ങള്‍ വന്നപ്പോള്‍ അത് പ്രിയന്‍ എങ്ങനെ നേരിട്ടു?
എന്നെ സംബന്ധിച്ച് അതൊരു ഷോക്കായിരുന്നു. അതിന്റെ കാരണമൊക്കെ വിട്ടേക്ക്. അതെന്തെങ്കിലും ആവട്ടെ. എനിക്കെന്റെ ഭാര്യയെക്കുറിച്ച് ഒരു പരാതിയുമില്ല. എന്റെ വിജയത്തിന്റെ മുഴുവന്‍ കാരണക്കാരി എന്റെ ഭാര്യയാണ്. ഒരുദിവസം പോലും ഞങ്ങള്‍ തമ്മിലൊരു വഴക്കുണ്ടായിട്ടില്ല. ഞാനെവിടെ പോയാലും എന്തിന് പോയെന്നോ പൈസ എന്തിനുവേണ്ടി ചെലവാക്കിയെന്നോ ഒന്നും അവള്‍ ചോദിച്ചിട്ടില്ല. അതായിരുന്നു എന്റെ വിജയരഹസ്യവും. ലിസി എന്നെ ഒരുവിധത്തിലും ഇറിറ്റേറ്റ് ചെയ്തിട്ടില്ല. എന്റെ കുട്ടികളെ അന്തസ്സായിട്ടാണ് വളര്‍ത്തിയത്. ഒരമ്മ എന്ന നിലയില്‍ ഷി വാസ് ദി ബൈസ്റ്റ് മദര്‍ ഇന്‍ ദ വേള്‍ഡ്. അച്ഛന്‍ കഷ്ടപ്പെട്ടിട്ടാണ് പടമെടുക്കുന്നതെന്നും ആ പണത്തിന് അതിന്റെ വില കൊടുക്കണമെന്നുമൊക്കെ മക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ മകന്‍ വിലയുള്ള ഒരു കാറില്‍ കയറില്ല. ഒരിക്കല്‍ ഞാനൊരു ബീറ്റില്‍ കാറ് വാങ്ങിച്ചിട്ട് സ്‌കൂളില്‍ അവനെ പിക്ക് ചെയ്യാന്‍ പോയി. ഇനി മേലില്‍ അച്ഛന്‍ ഈ കാറ് കൊണ്ടുവരരുതെന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെ വളരെ സിംപിളായിട്ടാണ് ലിസി കുട്ടികളെ വളര്‍ത്തിയത്. പണത്തിന്റെ വില, സ്റ്റാറ്റസ്, അന്തസ്സ് എല്ലാം അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.
 
ഇത്രയും സംതൃപ്തമായൊരു കുടുംബത്തില്‍ പിന്നെ എങ്ങനെയാണ് പ്രശ്‌നങ്ങള്‍ വരുന്നത്?
ഞങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ശരിക്കുമൊരു ഈഗോയുടെ പുറത്തുണ്ടായതാണ്. ഞാനൊരു കണ്‍സേര്‍വേറ്റീവ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണ്. പുരുഷന്റെ മനസ്സിലെ ഭാര്യ എന്നുപറയുന്നതിന് മിക്കവാറും അമ്മയാവും മാതൃക. പക്ഷേ കല്യാണം കഴിക്കുമ്പോള്‍ അമ്മയില്‍ കണ്ടിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പ്രതീക്ഷിക്കരുത്. അത് കിട്ടില്ല. കാരണം വേറൊരു ജനറേഷനില്‍ ജനിക്കുന്നവരാണ് ഇവര്‍. എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ലിസിയെ ഭയങ്കര ഇഷ്ടമായിരുന്നു. നടക്കാന്‍ പറ്റുന്ന കാലം വരെ അച്ഛനാണ് ലിസിയെ എയര്‍പോര്‍ട്ടില്‍ വിടുന്നതും പിക്ക് ചെയ്യുന്നതുമൊക്കെ. അച്ഛന് എന്റെ അനിയത്തിയെക്കാളും ഇഷ്ടമായിരുന്നു ലിസിയെ. അനിയത്തി ഡോക്ടറേറ്റ് എടുത്തൊരു പ്രൊഫസറാണ്. അച്ഛന്‍ അവളോട് പറയുന്നത് ലിസിയുടെ ഡിസിപ്ലിന്‍ കണ്ടുപഠിക്കെന്നാണ്.  ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്നിലെ ‘പ്രിയദര്‍ശന്‍ ലിസി’ എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല. എനിക്കറിയാം, എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ക്ക് എന്നോടുള്ള ബഹുമാനവും എനിക്ക് അവളോടുള്ള ബഹുമാനവുമൊന്നും നഷ്ടപ്പെട്ടില്ലെന്ന്. ഇതൊരു ഈഗോയുടെ മാത്രം പ്രശ്‌നമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here