Home / ജീവിത ശൈലി / ഫാഷൻ / അതെന്താ ഞാൻ ഇങ്ങനത്തെ ഡ്രസിട്ടാല്…?

അതെന്താ ഞാൻ ഇങ്ങനത്തെ ഡ്രസിട്ടാല്…?

fashion

ടൊറന്റോയിലുള്ള അലക്സി ഹോക്കറ്റ് എന്ന പെൺകുട്ടിയുടെ പതിനെട്ടാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മേയ് 26ന്. പിറന്നാൾവാരത്തിൽ തങ്ങൾക്കിഷ്ടമുള്ള ഡ്രസിട്ട് കോളജിൽ വരാമെന്ന ഒരു ‘മനോഹര ആചാരം’ വിദേശരാജ്യങ്ങളിൽ വർഷങ്ങളായുണ്ട്. അലക്സിയും അതുതന്നെ ചെയ്തു. ഒരു ചാരക്കളർ കുട്ടിപ്പാവാടയും കറുപ്പും പച്ചയും കലർന്ന ടോപ്പും ധരിച്ചാണ് കക്ഷി പിറന്നാളിന് കോളജിലെത്തിയത്. വയറിന്റെ കുറച്ചു ഭാഗം പുറത്തുകാണുന്ന വിധത്തിലുള്ളതായിരുന്നു ടോപ്. അങ്ങനെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു അറിയിപ്പ്:

അലക്സിയെ പ്രിൻസിപ്പാൾ വിളിക്കുന്നു.. അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോൾ കക്ഷി ഒന്നേ പറഞ്ഞുള്ളൂ: ‘ഇന്ന് ധരിച്ചത് ഓകെ. പക്ഷേ മേലാൽ ഇമ്മാതിരി വേഷംകെട്ടലുമായി കോളജിന്റെ പടി കടന്നേക്കരുത്…കുറച്ചുകൂടെ വൃത്തിയുള്ള എന്തെങ്കിലുമൊക്കെ ധരിച്ചിട്ടു വേണം നാളെ വരാൻ…’ നാളെ കാണുമ്പോൾ ആ മീശ അവിടെ കണ്ടേക്കരുത് വടിച്ചിട്ടു വന്നേക്കണം എന്ന ഈപ്പൻ പാപ്പച്ചി ലൈനിലുള്ള പ്രിന്‍സിപ്പാളിന്റെ ഡലോഗ് പക്ഷേ അലക്സിക്ക് ഒട്ടും പിടിച്ചില്ല. പിന്നെ പ്രിൻസിപ്പാളുമായി വഴക്കായി, വാക്കേറ്റമായി.

ബാക്കിയുള്ള ക്ലാസുകളും മിസായി. പണി തന്നത് അലക്സിയുടെ ക്ലാസ് ടീച്ചറായിരുന്നു. അദ്ദേഹമാണ് പ്രിൻസിപ്പാളിനോടു ചെന്നു പറഞ്ഞത്, ക്ലാസിലെ ഒരു പെൺകുട്ടി പിറന്നാളാണെന്നും പറഞ്ഞ് സ്പോർട്സ് ബ്രാ പോലുള്ള വഷളനൻ വസ്ത്രവുമിട്ട് വന്നിരിക്കുകയാണെന്ന്. അതുകൂടി കേട്ടതോടെ അലക്സിക്ക് കലികയറി. ആ ഡ്രസിട്ടപ്പോൾ താൻ വളരെ സുന്ദരിയും ആത്മവിശ്വാസവുമുള്ളവളായി തോന്നിയെന്നായിരുന്നു അലക്സിയുടെ പക്ഷം

മറയ്ക്കേണ്ടതെല്ലാം മറച്ചിട്ടുമുണ്ട്. വയറിന്റെ കുറച്ചുഭാഗം പുറത്തുകാണുന്നത് എങ്ങനെ വൃത്തികേടാകും? ചിന്തകളിങ്ങനെ ചൂടുപിടിച്ചപ്പോൾ അലക്സി ഫെയ്സ്ബുക്കിൽ കയറി. തനിക്കുണ്ടായ അനുഭവം വിശദമായെഴുതി. ഒപ്പം തന്റെ പിറന്നാൾ ഡ്രസിട്ടു നിൽക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു. പിറ്റേന്ന് മാന്യമായി വരാനാണ് തന്നോട് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പക്ഷേ എല്ലാവരും താൻ ധരിച്ചതു പോലുള്ള വസ്ത്രവുമായി കോളജിൽ വരണമെന്നുമായിരുന്നു അഭ്യർഥന.

തന്റെ പിറന്നാൾ ദിവസം ക്രോപ് ടോപ് ഡേ ആയും അലക്സി ഫെയ്സ്ബുക്കിൽ പ്രഖ്യാപിച്ചു. #CropTopDay എന്ന ഹാഷ്ടാഗോടെ പോസ്റ്റിങ്ങും പൂർത്തിയാക്കിയതോടെ സംഗതി കയറിയങ്ങു ഹിറ്റായി. കാനഡയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലുള്ളവരും അലക്സിക്ക് ഐക്യദാർഢ്യവുമായെത്തി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമെല്ലാം #CropTopDay എന്ന ഹാഷ്ടാഗ് ട്രെൻഡായി. ഒപ്പം സകല കോളജ് പിള്ളേരും വയറുംകാണിച്ചു കൊണ്ടുള്ള ക്രോപ് ടോപ്പും സ്പോർട്സ് ബ്രായുമെല്ലാം ധരിച്ച് ഫോട്ടോകളും പോസ്റ്റ് ചെയ്യാൻ തുടങ്ങി.

വയറിനു മുകളിൽ ചിലർ ‘അലക്സിക്ക് ഐക്യദാർഢ്യ’മെന്നും എഴുതിവച്ചു. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും അത്തരത്തിൽ വയറുകാണിച്ച് വസ്ത്രം ധരിച്ച് പോസ്റ്റിങ് തുടങ്ങി. പിറ്റേന്ന് സ്കൂളിലെത്തിയ മാഷുമ്മാരും പ്രിൻസിപ്പാളുമാണ് ഞെട്ടിപ്പോയത്. സകല പിള്ളേരും തലേന്ന് അലക്സി ധരിച്ചുവന്ന ഡ്രസിനോടു സമാനമായ ഡ്രസുമിട്ട് കറങ്ങി നടക്കുന്നു

fashion 1

ഒടുക്കം ഇരുന്നൂറോളം വിദ്യാർഥികളെ ലൈബ്രറിയിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയാണ് ഒരു വിധത്തിൽ പ്രശ്നമൊതുക്കിയത്. സമരം വിജയിച്ചതോടെ അലക്സി വീണ്ടുമൊരു പോസ്റ്റിട്ടു:

‘‘തോന്ന്യാസം കാണിച്ചു നടക്കുന്ന തല്ലിപ്പൊളി സ്വഭാവക്കാരിയൊന്നുമല്ല ഞാൻ. ഇതു പക്ഷേ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയായാണ് എനിക്കു തോന്നിയത്. നമ്മുടെ ശരീരത്തെ ഒരു ലൈംഗികവസ്തുവായി മാത്രം കാണുന്ന തരത്തിൽ ചിലരുടെ മനോഭാവത്തിനെതിരെയുള്ള മുന്നറിയിപ്പു കൂടിയാണിത്…’’

എന്തായാലും എല്ലാവർഷവും മേയ് 26 കോളജിൽ ക്രോപ് ടോപ് ഡേ ആയി ആഘോഷിക്കാനാണു കാനഡയിലെ കോളജ് പിള്ളേരുടെ തീരുമാനം. കേരളത്തിലും ഇതുപോലെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ലോ വേസ്റ്റ് ജീൻസ് ഡേയും ടൈറ്റ് ജീൻസ് ഡേയും സ്കിൻ ടൈറ്റ് ചുരിദാർ ഡേയുമൊക്കെ എന്നേ നടന്നേനെ.

Check Also

നിറത്തിലാണോ സൗന്ദര്യം?

യുറോപ്യന്‍ പര്യടനത്തിനിടയിലാണ് അത് സംഭവിച്ചത്. സ്‌പെയിനിലെ മാഡ്രിഡ് സിറ്റിയിലൂടെ ‘മാദാമ്മക്കളറും’ നോക്കി നെടുവീര്‍പ്പിട്ട് ‘ഇവറ്റകളുടെ വെളുപ്പിനു മുമ്പില്‍ നമ്മളൊക്കെ എന്തുവാടീ’ …

Leave a Reply

Your email address will not be published. Required fields are marked *