ജിസിസി രാജ്യങ്ങളില്‍ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായി 76 വിഭാഗങ്ങളില്‍പ്പെട്ട 400 മരുന്നുകളുടെ വില കുറയ്ക്കുന്നു. വിലക്കുറവ് ഈ മാസം 17ന് പ്രാബല്യത്തിലാകുമെന്ന് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ഡോ അയിഷ ഇബ്രാഹിം അല്‍ അന്‍സാരി പറഞ്ഞു. മരുന്നുവില കുറയ്ക്കുന്നത് അയല്‍ രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് അനധികൃതമായി മരുന്നെത്തുന്നത് തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മരുന്നു വില കുറയ്ക്കലിന്‍റെ നാലാം ഘട്ടമാണിത്. ജിസിസിയില്‍ ലഭ്യമായ 4,600 മരുന്നുകളില്‍ 2,873 എണ്ണത്തിന്‍റെ വില ഇതിനോടകം കുറച്ചിരുന്നു.

0.24 മുതല്‍ 82.93 ശതമാനം വരെയാണ് വിവിധ മരുന്നുകളില്‍ വന്നിരിക്കുന്ന വിലക്കുറവ്. ആസ്പിരിന്‍, പെനഡോള്‍, വയാഗ്ര എന്നിവയുടെ വിലയില്‍ വന്‍ കുറവുണ്ടായി. 2014 സെപ്റ്റംബറിലാണ് മരുന്നുകളുടെ വില ആദ്യം കുറച്ചത്. 52 കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന 657 മരുന്നുകള്‍ക്ക് ആദ്യഘട്ടത്തില്‍ അഞ്ചു മുതല്‍ 70 ശതമാനം വരെ വിലകുറച്ചിരുന്നു. ഇതില്‍ 400 മരുന്നുകളും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ളവയായിരുന്നു.

മരുന്നുവില ഏകീകരിക്കുന്നതിന്‍റെ രണ്ടാംഘട്ടമായി 2015 ജനുവരി അവസാനത്തോടെ 457 മരുന്നുകള്‍ക്ക് 28 ശതമാനം വില കുറച്ചിരുന്നു. മൂന്നാംഘട്ടമായി പുതുക്കിനിശ്ചയിച്ചത് 140 മരുന്നുകളുടെ വിലയാണ്. മരുന്നുവില ഏകീകരണത്തിനായുള്ള ജിസിസി സമിതി കഴിഞ്ഞ ജൂലൈയില്‍ ദോഹയില്‍ സമ്മേളിച്ചാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here