Home / ഫൊക്കാന / ഫൊക്കാനയില്‍ വിവാദങ്ങളില്ല: ജോണ്‍ പി.ജോണ്‍

ഫൊക്കാനയില്‍ വിവാദങ്ങളില്ല: ജോണ്‍ പി.ജോണ്‍

മുപ്പത്തിമൂന്നു വര്‍ഷംപിന്നിടുന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാനയുടെ എക്കാലത്തെയും സൗമ്യമായ ദീപ്തമുഖമാണ് ജോണ്‍.പി.ജോണ്‍. ഒരു ചിരിയില്‍ സംഘടനയുടെ എല്ലാ ഐശ്വര്യവുംവായിക്കാനാവും. ഫൊക്കാനായുടെ കഴിഞ്ഞ വര്‍ഷങ്ങള്‍ വിജയത്തിന്റേത് മാത്രമാണെന്ന് യാതൊരു ശങ്കയും കൂടാതെ ജോണ്‍.പി.ജോണ്‍ കാനഡാ കണ്‍വെന്‍ഷന്റെ പശ്ചാത്തലത്തില്‍ ഉള്‍ക്കൊളളുന്നു. വിശദീകരിക്കുന്നു.

ചോദ്യം: ഫൊക്കാനായുടെ കഴിഞ്ഞ 33 വര്‍ഷങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഉത്തരം: ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. ഫൊക്കാനായുടെ കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ചരിത്രം മാത്രമല്ല, കേരളം വിട്ട് അന്യദേശത്ത് കുടിയേറിയ മലയാളിയുടെ ചരിത്രം കൂടിയാണ്.

ഇന്നും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പ്രവാസി സംഘടനകളെ അപഗ്രഥിക്കുന്നത്അവര്‍ ഇപ്പോള്‍ ജീവിക്കുന്നഇടങ്ങളെ വെച്ചാണ്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും, ബാംഗ്ലൂരിലുമൊക്കെ ജീവിക്കുന്ന മലയാളികളെപ്പോലെ തന്നെയാണ് ഗള്‍ഫ് മലയാളികളും അമേരിക്കന്‍ മലയാളികളും.അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദേശാന്തരാഗമനങ്ങളുടെ വ്യത്യാസമേയുള്ളൂ. പ്രശ്‌നങ്ങള്‍ എല്ലാം ഒന്നുതന്നെ. ഫൊക്കാനായുടെ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ കേരളം വിട്ടുപോയ മലയാളിയുടെ ചരിത്രം കൂടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക വികസനരംഗത്ത് നാളിതുവരെ ഫൊക്കാനാ ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നൂറ് ശതമാനവും ഫലപ്രദമായ മാറ്റങ്ങളാണ് കേരളത്തിന്റെ ജീവകാരുണ്യമേഖലയില്‍ വരുത്തിയിട്ടുള്ളത്.

ചോദ്യം: അവ വിശദീകരിക്കാമോ?
ഉത്തരം: തീര്‍ച്ചയായും. ഫൊക്കാനായുടെ ഉത്ഭവം തന്നെ നോക്കൂ. സംഘടനകള്‍ ഒരു പക്ഷേ, ഭാഷയുടെ അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കുന്ന അവസരത്തിലാണ് ഫൊക്കാനായുടെ പിറവി. മത, ജാതി സമവാക്യങ്ങള്‍ക്ക് ഒരു മറുപടി കൂടി ആയിരുന്നു ഈ സംഘടനയുടെ ഉല്‍പ്പത്തി. എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും അല്പസമയം ഒന്നിച്ചിരിക്കുവാന്‍ ഒരു വേദി. ഈ ചിന്തയില്‍ തുടങ്ങിയ ഫൊക്കാനാ ഇന്ന് എത്രയോ കാതം മുന്‍പോട്ട് പോയിരിക്കുന്നു. നൂറ് കണക്കിന് നേതാക്കന്മാര്‍, കലാകാരന്മാര്‍, പുതിയ പ്രതിഭകള്‍ എന്നിവരെ ഫൊക്കാനാ പ്രവാസി സമൂഹത്തിനു നല്‍കി. ഞങ്ങളുടെ ഒരു കണ്‍വെന്‍ഷന്‍ കഴിയുമ്പോഴേക്കും നൂറ് കണക്കിന് പ്രതിഭകള്‍ പ്രവാസിസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നു.അതു തന്നെയാണ് ഞങ്ങളുടെ പ്രഥമനേട്ടം.

രണ്ടാമതായി കേരളത്തിന്റെ സാംസ്‌കാരി കരംഗത്ത്, പ്രത്യേകിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളില്‍ ഫൊക്കാന ചെലുത്തിയ മാറ്റവും, സംഭാവനയുമാണ്. ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതി ലോകമലയാളി സമൂഹത്തിനുതന്നെ മാതൃക. കൂടാതെ, കേരള സര്‍ക്കാരിന്റെ ലക്ഷം വീട് കോളനി പദ്ധതി മുതല്‍, ആരോഗ്യരംഗത്ത്, പാര്‍പ്പിട രംഗത്ത്, സാംസ്‌കാരികരംഗത്ത് ഒക്കെ നല്‍കിയ സംഭാവനകളെ കേരളീയര്‍ രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ ഏതു മലയാളി കൂട്ടായ്മയുടെയും യഥാര്‍ത്ഥ അടിസ്ഥാനം ഫൊക്കാനയാണ് എന്നതിന്റെ തെളിവാണു പുതിയതായി ഏതു സംഘടന വന്നാലും അവയുടെ ഏതു പദ്ധതിയും ഫൊക്കാനായുടെ മുന്‍കാല പദ്ധതികളുമായുള്ള സാമ്യം തന്നെ.

ചോദ്യം: പിന്നെ എങ്ങനെ ഫൊക്കാനായില്‍ ഒരു പിളര്‍പ്പുണ്ടായി?
ഉത്തരം: ഫൊക്കാനാ ഒരിക്കലും പിളര്‍ന്നിട്ടില്ല. ചില വ്യക്തികള്‍ക്ക് ഫൊക്കാനയുമായി സഹകരിക്കുവാന്‍ വ്യക്തിപരമായ പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. അപ്പോള്‍ സ്വാഭാവികമായും ഒരു പുതിയ സംഘടനയെപ്പറ്റി അവര്‍ ചിന്തിച്ചു. പുതിയ സംഘടന ഉണ്ടായി. സംഘടനയുടെ പേരില്‍ പോലുമുണ്ടായ സാമ്യം തന്നെ നോക്കൂ. അതും ഫൊക്കാനയ്ക്ക് അംഗീകാരമല്ലേ. ഫൊക്കാനയെക്കുറിച്ചല്ലാതെ അവിടെയും മറ്റൊരു ചിന്ത ഉണ്ടാകുന്നില്ല എന്നതു തന്നെ.

ചോദ്യം: ഫൊക്കാനായുടെ പുഞ്ചിരി തൂകുന്ന പ്രസിഡന്റ് എന്ന നിലയില്‍ ഒരു യോജിപ്പിന് ശ്രമിച്ചുകൂടേ?
ഉത്തരം: അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. കാരണം, പുതിയതായി വരുന്ന സംഘടനകള്‍ എല്ലാം അവരുടേയായ അജണ്ടകളുമായി മുന്നോട്ടുപോകുന്നു. അതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. അത്യന്തികമായി അമേരിക്കന്‍ മലയാളികളുടെയും, ലോകമലയാളികളുടേയും വികസനവും വളര്‍ച്ചയുമാണ് അവരുടേയും ലക്ഷ്യം. സംഘടനാപരമായി യോജിപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഗുണപരമായ കാര്യങ്ങളില്‍ പലതിനോടും ഞങ്ങള്‍ക്കും അവര്‍ക്കും യോജിപ്പുണ്ട്. ഫൊക്കാനയാണ് ഇവരുടെയൊക്കെ മാതൃക എന്നതിലാണ് ഞാന്‍ സന്തോഷം കാണുക. ഫോമയിലെ നേതാക്കളെ നോക്കൂ. ഒരു കാലത്ത് ഫൊക്കാനയിലൂടെ വളര്‍ന്നു വന്നവരാണവര്‍. നൂറ് ശതമാനവും അവരുടെ വളര്‍ച്ചയുടെ അടിസ്ഥാനം ഫൊക്കാന അല്ല എന്ന് അവര്‍ക്ക് പോലും പറയാന്‍ പറ്റില്ല.

ചോദ്യം: ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ കാനഡയുടെ ചരിത്ര സംഭവമാകാന്‍ പോകുകയാണല്ലോ. എന്തെല്ലാം പുതുമകളാണ് കണ്‍വെന്‍ഷനില്‍ ഉണ്ടാവുക?
ഉത്തരം: കാനഡ മലയാളികള്‍ ലോകമലയാളികള്‍ക്ക് മാതൃകയാകാന്‍ പോകുന്നു ഈ കണ്‍വെന്‍ഷനിലൂടെ. ഒരു കണ്‍വെന്‍ഷന്‍ എങ്ങനെ നടത്തണം എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന കണ്‍വെന്‍ഷനാകും ജൂലൈ മാസത്തില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍. കനേഡിയന്‍ മലയാളിക്ക് ഒരു പ്രത്യേക ചരിത്രമുണ്ട്. നിലനില്‍പ്പിനായുള്ള സമര ചരിത്രത്തിന്റെ ബാക്കിപത്രം കൂടിയാണ് ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളുടെ ഓരോ ചുവടുവയ്പ്പും വളരെ കണക്കു കൂട്ടി ആയിരിക്കും. അത് ഈ കണ്‍വെന്‍ഷനില്‍ പ്രതിഫലിക്കും.അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. അതിന് ഇ- മലയാളി ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളുടേയും സഹായം ആവശ്യമാണ്.

ചോദ്യം: ഫൊക്കാനാ ഇത്തവണ ചലച്ചിത്ര പുരസ്‌കാരം, സ്റ്റാര്‍ സിംഗര്‍ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടല്ലോ?
ഉത്തരം: സ്റ്റാര്‍ സിംഗര്‍ പോലെയുള്ള പരിപാടികള്‍ ഫൊക്കാനായുടെ തുടക്കം മുതലുള്ള പരിപാടികളായിരുന്നു. ഫൊക്കാനായുടെ യുവജനോത്സവങ്ങളിലെ പ്രധാന ഇനം ആയിരുന്നു ഗാനമത്സരങ്ങള്‍. ചാനലുകളുടെ വരവോടുകൂടിയാണ് സ്റ്റാര്‍ സിംഗര്‍ തുടങ്ങി റിയാലിറ്റി ഷോ ഒക്കെ ഉണ്ടായത്. പുതിയ തലമുറയുടെ അഭിര്‍ചി കൂടി കണക്കിലെടുത്താണ് ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍ മത്സരം. പ്രശസ്തഗായകന്‍ വേണുഗോപാലാണ് പ്രധാന വിധികര്‍ത്താവ്.
മികച്ച പ്രതികരണമാണ് സ്റ്റാര്‍ സിംഗറിന് ലഭിക്കുന്നത്. ചലച്ചിത്ര പുരസ്‌കാരവും അങ്ങനെത്തന്നെ. 2006ല്‍ ഫൊക്കാന കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയാണ് പ്രവാസി സംഘടനകളുടെ ഇടയിലെ ആദ്യത്തെ താരനിശ. ഇത്തവണ പൂര്‍ണ്ണമായും മലയാളി ചലച്ചി ്രതമേഖലയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിരവധി പുരസ്‌കാരങ്ങളാണ് ഫൊക്കാനാ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്നത്. ഫൊക്കാനായുടെ യുവജ നവിഭാഗത്തിനാണ് വിനോദപരിപാടികളുടെ ചുമതല. അതുകൊണ്ടുതന്നെ പരിപാടികള്‍ ഗംഭീരമാകുമെന്ന് എനിക്കുറപ്പുണ്ട്. കണ്‍വെന്‍ഷനെ സംബന്ധിച്ച് മറ്റ് പല പരിപാടികളുമുണ്ട്. അവയൊക്കെ നേരിട്ടു കാണുക. കാണാന്‍ പോകുന്നപൂരം പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ലല്ലോ?

ചോദ്യം: താങ്കള്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണല്ലോ. ഇതിനൊരു രഹസ്യ സ്വഭാവമുണ്ടല്ലോ. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുത് എന്ന വചനമാണോ ഈ തീരുമാനത്തിനു പിന്നില്‍?
ഉത്തരം: സംഘടന ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്നെക്കാളുപരി അമേരിക്കന്‍ മലയാളികള്‍ക്കും, കേരളത്തിലെ ജനങ്ങള്‍ക്കും അിറയാം. വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തിപരമാണ്. അത് എന്റേതുമാത്രമാകട്ടെ.

ചോദ്യം: ലോകമലയാളികളുടെ സംഘടനകളില്‍ പ്രബലമായ സംഘടനയാണല്ലോ ഫൊക്കാനാ. വലിയ സമ്പത്തിന്റെ വരവും പോക്കുമൊക്കെ നേതാക്കന്മാര്‍ക്ക്ബാധ്യതയും വിവാദവും ഉണ്ടാക്കുന്നുണ്ടല്ലോ?
ഉത്തരം: ഫൊക്കാനായുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സാമ്പത്തിക ക്രമക്കേടോ അത്തരത്തിലുള്ള വിവാദങ്ങളോ ഉണ്ടായതായി അറിവില്ല. പല കണ്‍വെന്‍ഷനുകളും കഴിയുമ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?. ഫൊക്കാനയെന്നല്ല ഒരു അമേരിക്കന്‍ മലയാളി സംഘടനയും സമ്പത്തിന്റെ കാര്യത്തില്‍ അത്ര സേഫാണെന്ന് തോന്നുന്നില്ല. പഴയതുപോലെ സ്‌പോണ്‍സര്‍മാരെ ഒന്നും ഒരു സംഘടനയ്ക്കും ലഭിക്കുന്നില്ല എന്നത് സത്യം തന്നെയാണ്.

ഫൊക്കാനായുടെ കെട്ടുറപ്പിനെ ഒരു വിവാദവും ഉപയോഗിച്ച് നേരിടാനാവില്ല. ഫൊക്കാനായുടെ കരുത്ത് വിവാദങ്ങളല്ല. മറിച്ച് വിജയമാണ്. അമേരിക്കന്‍ മലയാളിയുടെ വിജയം. എനിക്ക് അവരെയാണ് വിശ്വാസം. പിന്നെ വിവാദങ്ങള്‍ക്ക് എന്ത് പ്രസക്തി.

ജോണ്‍.പി.ജോണ്‍ ഒരു ചിരിയില്‍ ഒതുക്കുന്നു വിവാദങ്ങളെല്ലാം. ഒരു പക്ഷേ, യഥാര്‍ത്ഥ സംഘടനാ നേതാവിന് വേണ്ടതും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതും ഈ ചിരിയല്ലേ?

അഭിമുഖം: അനില്‍ പെണ്ണുക്കര

Check Also

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് …

Leave a Reply

Your email address will not be published. Required fields are marked *