പ്രമേഹത്തെ കീഴടക്കൂ എന്ന സന്ദേശവുമായി ഇന്ന് ലോക ആരോഗ്യദിനം. പത്തുവർഷം കൊണ്ട് ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ വർധനയാണ് ലോകാരോഗ്യസംഘടന രേഖപ്പെടുത്തിയത്. ദേശീയശരാശരിയുടെ മൂന്നുമടങ്ങാണ് കേരളത്തിലെ പ്രമേഹ രോഗബാധിതരുടെ എണ്ണം.

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലെ നിശബ്ദ കൊലയാളിയാണ് പ്രമേഹം. അർബുദത്തേക്കൾ ഭയക്കണം പ്രമേഹത്തെ, കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. ലോകത്താകെ ഒരു ദശാബ്ദത്തിനിടെ 15 മുതൽ 25 ശതമാനം വരെയാണ് പ്രമേഹരോഗബാധിതർ വർധിച്ചത്.പ്രമേഹത്തെ ചെറുക്കാനും ചികിൽസ വ്യാപകമാക്കാനുമുള്ള സന്ദേശമാണ് അതിനാൽ ഈ വർഷം ലോകാരോഗ്യദിനത്തിൽ ആരോഗ്യപ്രവർത്തകർ ഏറ്റെടുക്കുന്നത്. 62 ലക്ഷം പ്രമേഹബാധിതർ ഇന്ത്യയിൽഅധിവസിക്കുന്നെന്നാണ് കണക്ക്. രാജ്യത്തെ പ്രമേഹ തലസ്ഥാനമെന്ന് രാജ്യാന്തര ഡയബറ്റിക് ഫെഡറേഷൻ വിശേഷപ്പിക്കുന്ന കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് രോഗബാധിതരിൽ മുന്നിൽ.

കേരളത്തിലെ പ്രമേഹ രോഗബാധിതരിൽ 66 ശതമാവും അതിഗുരുതരമായ അവസ്ഥയിലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

അലസജീവിതവും അമിതഭക്ഷണവും അതേ തുടർന്നുണ്ടാകുന്ന അമിതവണ്ണവുമാണ് പ്രധാനവില്ലൻ. ഹൃദയാഘാതം പക്ഷാഘാതം , വൃക്കരോഗം അന്ധത തുടങ്ങിയ സങ്കീർണ രോഗാവസ്ഥകളാണ് ഇവരെ കാത്തിരിക്കുന്നത്. ദീർഘകാലം ചികിൽസ നടത്താത്തതും , തിരിച്ചറിയാത്തതുമാണ് രോഗം വഷളാകൻ പ്രധാനകാരണം. ചികിൽസിച്ച് മാറ്റാനാകില്ല പ്രമേഹം. ഒന്നേയുള്ളൂ വഴി. ആരോഗ്യകരമായ ജീവിതക്രമം പാലിച്ച് രോഗം വരാതെ കാക്കുക

LEAVE A REPLY

Please enter your comment!
Please enter your name here