തിരുവനന്തപുരം: മനപൂർവ്വം മദ്യദുരന്തം സൃഷ്ടിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഇതിനെതിരെ കനത്ത ജാഗ്രത പാലിക്കാനും ജില്ലാ എക്സൈസ് മേധാവികൾക്ക് എക്സൈസ് കമ്മിഷണറുടെ നിർദ്ദേശം. സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ചൊവ്വാഴ്ച ഫോണിലൂടെയാണ് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വ്യാജമദ്യം എത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

അതിർത്തി ചെക്ക്പോസ്റ്രുകളിൽ പരിശോധന മുമ്പെത്തെക്കാളും കർശനമാക്കിയിട്ടുണ്ട്. മുമ്പ് സ്‌പിരിറ്റ് കടത്ത് അടക്കമുള്ള അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. നിരന്തരം പരിശോധന നടത്തിയിട്ടും ഗോവയിൽ നിന്നും മാഹിയിൽ നിന്നും അനധികൃത വിദേശമദ്യം എത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതരും സമ്മതിക്കുന്നു. പണ്ടത്തെപ്പോലെ വ്യാപകമല്ലെങ്കിലും ഇടയ്ക്കിടെ സ‌്പിരിറ്റിന്റെ വരവുമുണ്ട്. സ‌്പിരിറ്റു കൊണ്ടുവന്ന് വ്യാജമദ്യമുണ്ടാക്കുന്ന രണ്ടു കേന്ദ്രങ്ങൾ ആലുവയിലും മൂവാറ്രുപുഴയിലും അടുത്തിടെ കണ്ടെത്തിയിരുന്നു. കൊല്ലത്ത് 17 കന്നാസുകളിലായി കടത്തിയ 595 ലിറ്റർ സ‌്പിരിറ്റ് പിടികൂടിയിട്ടുണ്ട്. പാലക്കാട്ടു നിന്ന് കൊല്ലത്ത് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഇത്. തിരുവനന്തപുരം ജില്ലയിൽ കള്ളുഷാപ്പുകൾ അധികവും അട‌ഞ്ഞു കിടക്കുന്നതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സ‌്പിരിറ്റ് കേസുകൾ കുറവാണ്. എന്നാൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടിയ കേസുകൾ കൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here