Home / ജീവിത ശൈലി / ഫാഷൻ / ദാ സുന്ദരിയായി

ദാ സുന്ദരിയായി

സുന്ദരനും സുന്ദരിയുമായിരിക്കാൻ മുഖം പോലെ തന്നെ പ്രധാനമാണ് ചർമ്മവും. പാടുകളില്ലാത്തതും പൊരിഞ്ഞിളകുന്നതുമായ സ്‌കിൻ സ്വാഭാവികമായും അഭംഗി വിളിച്ചോതും. പക്ഷേ, ഒന്നു ശ്രദ്ധിച്ചാൽ സൗന്ദര്യം കൊണ്ടു വരാവുന്നതേയുള്ളൂ.

ചർമ്മത്തെ അറിയാം
ചർമ്മത്തിന് മൂന്നു അടുക്കുകളാണ് ഉള്ളത്. എപ്പിഡെർമിക്, ഡെർമിക്, ഹൈപ്പോഡെർമിക്. ഇതിനു പുറമേ രണ്ട് ഗ്രന്ഥികളുമുണ്ട്. സ്നേഹഗ്രന്ഥിയും ശ്വേതഗ്രന്ഥിയും. ചർമ്മത്തിൽ പറ്റുന്ന അഴുക്കുകളെ വിയർപ്പിന്റെ രൂപത്തിൽ പുറം തള്ളുന്നത് ശ്വേതഗ്രന്ഥിയാണ്. എന്നാൽ സ്നേഹഗ്രന്ഥി വക്കിനാവശ്യമായ കൊഴുപ്പ് പുറപ്പെടുവിക്കുന്നു. ഇത് ചർമ്മോപരിതലത്തെ മയപ്പെടുത്തുകയും അധികമായ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചർമ്മത്തിൽ അർദ്ധദ്രാവക വസ്തുവായ സെബം ഉണ്ടാകുന്നുണ്ട്. ഇതാണ് മുഖത്ത് ബ്ളാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവയുണ്ടാക്കുന്നത്.

സാധാരണ ചർമ്മം
സാധാരണ ചർമ്മം മിനുസമുള്ളതും നേർമ്മയുള്ളതുമായിരിക്കും. ഇത്തരം ചർമ്മത്തിന് എല്ലായ്പ്പോഴും ശരിയായ രീതിയിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുവാൻ സാധിക്കും. അതായത് എണ്ണമയമുള്ള ചർമ്മത്തിന്റെയും വരണ്ട ചർമ്മത്തിന്റെയും ഇടയിലുള്ളതാണിത്. അതുകൊണ്ട് സാധാരണചർമ്മം അധികം ഈർപ്പമുള്ളതോ വരണ്ടതോ വഴുവഴുപ്പുള്ളതോ ആയിരിക്കില്ല. ഈ ചർമ്മം എല്ലായ്പ്പോഴും വൃത്തിയുള്ളതായിരിക്കും. ശരിയായ ആരോഗ്യത്തെയും ചർമ്മസംരക്ഷണത്തെയുമാണിത് സൂചിപ്പിക്കുന്നത്. സാധാരണ ചർമ്മത്തിന് പ്രത്യേക പരിരക്ഷയൊന്നും ആവശ്യമില്ല. പതിവായി രണ്ടുനേരം വൃത്തിയാക്കുക മാത്രം മതി.

വരണ്ട ചർമ്മം
വരണ്ട ചർമ്മം കാഴ്ചയിൽ എപ്പോഴും വരണ്ടതായിരിക്കും. ഇതിൽ എപ്പോഴും ചർമ്മം പൊരിഞ്ഞിളകുന്നുണ്ടാകും. വരകളും ചുളികളും വീഴാനുള്ള സാധ്യതയും കൂടുതലാണ്. സ്നേഹഗ്രന്ഥി ആവശ്യത്തിന് സെബം ഉൽപാദിപ്പിക്കാത്തതും ചർമ്മത്തിന് ഈർപ്പത്തെ അധികനേരം നിലനിർത്താൻ കഴിവില്ലാത്തതുമാണ് ഇതിന് കാരണം. വരണ്ട ചർമ്മത്തിന് തണുപ്പുള്ള കാലാവസ്ഥയിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

വരൾച്ച തടയാൻ വേണ്ടത്ര ജലാംശം എത്തിക്കലാണ് ആദ്യ പരിരക്ഷ. ഈ ചർമ്മക്കാർ ദിവസവും 10 – 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
സോപ്പുപയോഗിക്കുന്നത് നല്ലതല്ല. പകരം പയറുപൊടിയോ ചെറുപയർ പൊടിയോ ഉപയോഗിക്കാം. ചർമ്മം വൃത്തിയായി സൂക്ഷിക്കണം. തുടർച്ചയായി വെയിലുകൊള്ളൽ, എയർകണ്ടീഷൻ ചെയ്ത മുറിയിൽ ഏറെ നേരം കഴിച്ചുകൂട്ടൽ, ചൂടേൽക്കൽ എന്നിവ കഴിവതും ഒഴിവാക്കുക.എണ്ണമയമുള്ള ചർമ്മം
സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ചർമ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉത്പാദിപ്പിക്കുന്ന സെബം ചർമ്മോപരിതലത്തിൽ വന്നിരുന്ന് ചർമ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചർമ്മത്തിലേക്ക് പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ ഇത്തരം ചർമ്മം പൊതുവെ മങ്ങിയതായിരിക്കും. ഈ ചർമ്മത്തിൽ ബ്ളാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ കൂടുതലായി ഉണ്ടാകുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുക. പുഴുങ്ങിയ പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കുക. വിറ്റമിൻ ബി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഒഴിവാക്കുക. വൃത്തി തന്നെയാണ് ആദ്യമരുന്ന്.

ക്ലെൻസിംഗും മോയിസ്ചറൈസിംഗും
എല്ലാ ചർമ്മക്കാർക്കും ചെയ്യാൻ കഴിയുന്ന സൗന്ദര്യ സംരക്ഷണ മാർഗമാണ് ക്ലെൻസിംഗും മോയിസ്ചറൈസിംഗും. ആഴ്ചയിൽ രണ്ടു ദിവസം ക്ലെൻസർ, ടോണർ, മോയിസ്ചറൈസർ എന്നിവ ഉപയോഗിക്കാൻ മറക്കരുത്. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ഇത് ശീലമാക്കാം. ചർമ്മം സ്വാഭാവിക ഭംഗിയോടെ ഇരിക്കാൻ ഇത് സഹായിക്കും.

മുഖം നന്നായി കഴുകിയ ശേഷം ഈർപ്പത്തോടെ ക്ലെൻസർ ഇടാം. ഒരു കോട്ടൺ ഉപയോഗിച്ച് ക്ലെൻസർ മുഖത്ത് പുരട്ടിയതിനുശേഷം വൃത്താകൃതിയിൽ നന്നായി മസാജ് ചെയ്യണം. അല്പ സമയം കഴിഞ്ഞ് കോട്ടണോ, സ്പോഞ്ചോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ഇല്ലെങ്കിൽ ക്ലെൻസർ പൂർണ്ണമായും പോകുന്നതു വരെ മുഖം നന്നായി കഴുകണം. ശേഷം ടവ്വൽ ഉപയോഗിച്ച് നന്നായി തുടയ്ക്കാം. ക്ലെൻസിംഗ് കഴിഞ്ഞ് 15 മിനിട്ടിനു ശേഷം ടോണർ മുഖത്തിടാം. നിങ്ങളുടെ ചർമ്മത്തിലെ പ്രകൃതിദത്തമായ പി എച്ച് ലെവൽ (ക്ലെൻസിംഗിലൂടെ നഷ്ടപ്പെടുന്നത്) നിലനിറുത്താനാണ് ടോണർ ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തിന് കൂടുതൽ പ്രതിരോധ ശേഷി നൽകുകയും അണുക്കൾക്കും ബാക്ടീരിയകൾക്കുമെതിരെ പ്രവർത്തിക്കുകയും ചെയ്യും. പല തരത്തിലുള്ള ടോണറുകൾ വിപണിയിൽ ലഭിക്കും. ചിലത് പി എച്ച് ലെവൽ പൂർവ്വസ്ഥിതിയിലെത്തിക്കാൻ സഹായിക്കുന്നതാകും, മറ്റ് ചിലത് ബാക്ടീരിയകൾക്കെതരിരെ പ്രവർത്തിക്കുന്നതാകും. ചർമ്മത്തിന് ചേരുന്നത് ഏതെന്ന് നോക്കി വേണം ടോണർ തിരഞ്ഞെടുക്കാൻ.

ക്ലെൻസിംഗും ടോണിങ്ങും കഴിഞ്ഞാൽ നല്ലൊരു മോയിസ്ചറൈസർ കൂടി ഇടാം. ഇതൊരിക്കലും ഒഴിവാക്കരുത്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മക്കാർ. വരണ്ട ചർമ്മക്കാർക്കും ഇത് ഫലപ്രദം തന്നെ. ടോണർ ഉണങ്ങികഴിഞ്ഞാൽ കുറച്ച് മോയിസ്ചറൈസർ കയ്യിലെടുത്ത് മുഖത്തും കഴുത്തിലുമായി നന്നായി മസാജ് ചെയ്യാം. ദിവസവും ക്ലെൻസർ ഉപയോഗിക്കുന്ന കൂട്ടത്തിൽ ആഴ്ചയിൽ ഒരിക്കൽ മുഖം എക്സ്ഫോളിയേറ്റ് ചെയ്യുന്നതും നന്നായിരിക്കും. മൃതകോശങ്ങളെ നീക്കം ചെയ്യാൻ എക്സ്ഫോളിയേഷൻ സഹായിക്കും. ശേഷം ഒരു ഫേഷ്യൽ മാസ്‌കും ഇടാവുന്നതാണ്.

ഉണർവിനും ഉത്സാഹത്തിനും
സ്പാ എന്നത് പുതിയ പദമല്ല സൗന്ദര്യസംരക്ഷണത്തിൽ. ടെൻഷൻ മൂലം ശരീരത്തിനും മനസിനുമുണ്ടാകുന്ന ക്ഷീണവും തളർച്ചയും മാറ്റുന്ന, യൗവ്വനം നിലനിർത്താനുമുള്ള ചികിത്സാരീതിയായിരുന്നു പണ്ടുകാലങ്ങളിൽ സ്പാ തെറാപ്പി. എന്നാൽ ഇന്നത് ആരോഗ്യപരിചരണങ്ങളും പോഷകാഹാര, വ്യായാമ നിർദ്ദേശങ്ങളും കൂടി ഉൾപ്പെട്ട ഒരു പാക്കേജാണ്.

ഡേ സ്പാ
വിവിധ തരം സ്പാകൾ ഇന്ന് ലഭ്യമാണ്. വൻകിട ഹോട്ടലുകളും ബ്യൂട്ടി സലൂണുകളും വിവിധ സ്പാകളുമായി രംഗത്തുണ്ട്. ക്ലബ് സ്പാ, റിസോർട്ട് സ്പാ, മിനറൽ സ്പാ, ഡേ സ്പാ എന്നിങ്ങനെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ സ്പായെ വിവിധ വിഭാഗങ്ങളായിവേർതിരിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് ഡേ സ്പാകളാണ് കൂടുതൽ പ്രയോജനപ്രദം. ഒറ്റ ദിവസത്തേക്കു മാത്രമായ സ്പാ ട്രീറ്റുമെന്റാണിത്. മുടി മുതൽ പാദം വരെ വേണ്ട മസാജുകളും റീ ചാർജിങ് തെറാപ്പികളും ഡേ സ്പാകളിൽ ലഭിക്കും. വിവിധ തരം ബോഡി മസാജുകൾ തന്നെയാണ് ഇതിലും പ്രധാനം. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള ബോഡി മസാജും അതിനെ തുടർന്ന് സ്റ്റീം ബാത്തും ഡേ സ്പാകളിൽ ലഭിക്കും.

വീട്ടിൽ ചെയ്യാം സ്പാ
തിരക്കുകൾക്കിടയിൽ നിന്ന് ഒന്ന് റിഫ്രഷ് ആകണമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ തന്നെ സ്പാ ചെയ്യാവുന്നതേയുള്ളൂ. ഇതിന് ആകെ വേണ്ടത് സ്ഥലസൗകര്യമുള്ള ഒരു കുളിമുറിയും മസാജിംഗ് ക്രീമും ബോഡി സ്‌ക്രബും മോയിസ്ചറൈസറും മാത്രം. സ്പാ ട്രീറ്റ്‌മെന്റിനായി ഒരു മൂഡ് ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനമാണ്. ഇളം വെളിച്ചത്തിൽ സ്പാ ചെയ്യുന്നതാണ് നല്ലത്. ചെറിയ ശബ്ദത്തിൽ പാട്ട് വയ്ക്കുന്നതും റൂമിൽ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുന്നതും പ്രത്യേക മൂഡ് നൽകും.സ്പായിലെ ആദ്യ പടിയായി ത്വക്കിന് ഉണർവ്വ് നൽകുന്നതിനായി മസാജിംഗ് ക്രീം ശരീരത്തിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ ഇത് ഫലപ്രദമാണ്. അടുത്തത് ആവി പിടിക്കലാണ്. ത്വക്കിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ആവി നൽകുന്നത് നല്ലതാണ്. ഇനി ദേഹത്ത് ബോഡി പാക്ക് ഇടാം. ശേഷം അര മണിക്കൂർ പാട്ട് കേട്ട് വിശ്രമിക്കാം. പിന്നീട് ദേഹം ആദ്യം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി മോയിസ്ചറൈസിംഗ് ക്രീം പുരട്ടാവുന്നതാണ്.

മുഖം തിളങ്ങും
സ്പാ ചെയ്യുമ്പോൾ മുഖത്തിനും പ്രത്യേക സംരക്ഷണം നൽകാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 5 10 മിനിട്ട് ആവി നൽകുക. ശേഷം ടവ്വൽ ഉപോയോഗിച്ച് മുഖം നന്നായി തുടച്ച് പഴുത്ത പപ്പായ ഫേസ് പായ്ക്കായി ഇടാം. പത്തു മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

മുടിക്കു വേണം സ്പാ
ശരീരത്തിനുള്ളതു പോലെ തന്നെ മുടിയുടെ ഭംഗിയ്ക്കും വളർച്ചയ്ക്കും ഹെയർ സ്പാകളുണ്ട്. എല്ലാ സ്പാകളിലും ഹെയർ സ്പാ സൗകര്യവുമുണ്ട്. മുടി ഷാമ്പൂ ചെയ്ത് വൃത്തിയാക്കിയ ശേഷം സ്പാക്രീം പുരട്ടി നന്നായി മസാജ് ചെയ്യണം. ഇതിനു ശേഷം മുടി കഴുകി വൃത്തിയാക്കി പകുതി ഉണക്കിയ ശേഷം ആവി കൊള്ളിക്കാം. തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകണം. താരനുള്ളവർക്ക് പ്രത്യേക എണ്ണകൾ ഉപയോഗിച്ചുള്ള ഹോട്ട് ഓയിൽ മസാജും ഉണ്ട്. പാർലറിൽ പോയി ചെയ്യാൻ കഴിയാത്തവർക്ക് ഹെയർ സ്പാ ട്രീറ്റുമെന്റിനുള്ള സാധനങ്ങൾ വാങ്ങി വീട്ടിലിരുന്ന് തന്നെ ചെയ്യാം.

മുഖക്കുരു മാറ്റാം
സുന്ദരികളാക്കാൻ കൊതിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നം മുഖക്കുരുവാണ്. തികഞ്ഞ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നം ഗുരുതരം തന്നെ. എണ്ണമയമുള്ള സൗന്ദര്യലേപനങ്ങളുടെ അമിതമായ ഉപയോഗം, സൂര്യപ്രകാശം മാസമുറയ്ക്ക് തൊട്ടുമുമ്പുള്ള അവസ്ഥ, മാനസിക പിരിമുറുക്കം, എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം എന്നിങ്ങനെ കാരണങ്ങൾ പലതുണ്ട്. മുഖക്കുരു വെറും ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് കൗമാര പ്രായത്തിലെ ഒരു സാധാരണ ചർമ്മരോഗം കൂടിയാണ്. മുഖക്കുരു ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരംഭത്തിലേ ചികിത്സ എടുത്താൽ പരിണിത ഫലങ്ങളും (ശാശ്വതമായ പാടുകൾ, കുഴികൾ, വിഷാദരോഗം, അപകർഷതാ ബോധം മുതലായവ) ഒഴിവാക്കാം.

Check Also

ഒരു ചിരിയിലുണ്ട് ആറ് ഗുണം

മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും …

Leave a Reply

Your email address will not be published. Required fields are marked *