വാഷിംഗ്‌ടൺ: സൈബർ ക്രിമിനലുകളോ ഹാക്കർമാരോ എന്നല്ല, സാങ്കേതിക രംഗത്തെ ബുദ്ധി രാക്ഷസന്മാർ വിചാരിച്ചാലും ഇനി നിങ്ങളുടെ വാട്‌സ് ആപ്പ് ചാറ്റുകളിലേക്ക് ഒളിഞ്ഞു നോക്കാനാവില്ല! യൂസർമാരുടെ സ്വകാര്യത ഉറപ്പാക്കാനായി സാങ്കേതിക തലത്തിൽ സുരക്ഷ ശക്തമാക്കിയെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കി. ആടുത്തിടെ ആപ്പിൾ കമ്പനിയും അമേരിക്കയിലെ കുറ്രാന്വേഷണ വിഭാഗമായ എഫ്.ബി.ഐയും തമ്മിലുണ്ടായ നിയമ പോരാട്ടങ്ങളുടെ ചുവടു പിടിച്ചാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പും സുരക്ഷാ നടപടികൾ ശക്തമാക്കിയത്.
ഇനി നിങ്ങൾ ആർക്കാണോ വാട്‌സ് ആപ്പിലൂടെ മെസേജ് അയയ്‌ക്കുന്നത്, ആ വ്യക്തിക്കോ ഗ്രൂപ്പിനോ മാത്രമേ അതു വായിക്കാനാവൂ. ‘വാട്‌സ് ആപ്പിന് പോലും നിങ്ങളുടെ വാട്‌സ് ആപ്പിലെ ചാറ്റുകൾ വായിക്കാനാവില്ല’ എന്നാണ് വാട്‌സ് ആപ്പ് അധികൃതർ പ്രതികരിച്ചത്. രഹസ്യ കോഡുകളാക്കിയാണ് സന്ദേശങ്ങളുടെ സുരക്ഷിതത്വം വാട്‌സ് ആപ്പ് ഉറപ്പാക്കുന്നത്. അടുത്തിടെ അമേരിക്കയിൽ നടന്ന വെടിവയ്‌പ്പ് സംബന്ധിച്ച അന്വേഷണത്തിനിടെ പ്രതികളുടെ ഐഫോൺ അൺലോക്ക് ചെയ്യാൻ സഹകരിക്കണമെന്ന് ആപ്പിളിനോട് എഫ്.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ നയങ്ങളോ രാജ്യത്തിന്റെ നിയമമോ അതിന് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ ആ ആവശ്യം നിരസിച്ചു. ആപ്പിളിനെതിരെ എഫ്.ബി.ഐ കോടതിയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ സാഹചര്യം മുതലെടുത്താണ് വാട്‌സ് ആപ്പും യൂസർമാരുടെ സ്വകാര്യത കൂടുതൽ സുരക്ഷിതമാക്കുന്നത്.  നിയമം വന്നേക്കും
രാജ്യതാത്പര്യത്തേക്കാൾ വലുതാണ് യൂസർമാരുടെ ‘സ്വകാര്യത’ എന്ന ടെക് കമ്പനികളുടെ വാദത്തിനു തടയിടാൻ അമേരിക്ക ഉടൻ പുതിയ നിയമം കൊണ്ടുവന്നേക്കും. ഫ്രാൻസും ബ്രിട്ടണും സമാന നിയമം നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, പുതിയ നിയമം ഹാക്കർമാരെയാകും സഹായിക്കുകയെന്ന വാദവും ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here