ലിവർപൂൾ ∙ ഡെജാൻ ലോവ്‌റെനിന്റെ തലയ്ക്ക് ആരാധകർ പൊന്നുംവിലയിട്ടുകഴിഞ്ഞു. സ്റ്റേഡിയം നിറ‍ഞ്ഞ കാണികളുടെ ചങ്കിടിപ്പ് ചെണ്ടമേളംപോലെ ഉയർന്ന രാത്രിയിൽ, ഇൻജുറി ടൈമിൽ ലോവ്‌റെനിന്റെ ഹെഡർ ചെന്നുവീണതു ബോറൂസിയ ഡോർട്മുണ്ട് എന്ന ജർമൻ ക്ലബ്ബിന്റെ ഗോൾവലയിലാണ്. ആ അവിശ്വസനീയ ഗോളിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ യൂറോപ്പിലെ രണ്ടാംനിര ചാംപ്യൻ പോരാട്ടമായ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ സെമിയിലെത്തി. സ്കോർ: ലിവർപൂൾ–4, ഡോർട്മുണ്ട്–3. ഇരുപാദങ്ങളിലുമായി 5–4.

ആദ്യപാദത്തിൽ, ഡോർട്മുണ്ടിനെ അവരുടെ ഗ്രൗണ്ടിൽ ലിവർപൂൾ 1–1 സമനിലയി‍ൽ തളച്ചിരുന്നു. മുൻ ഡോർട്മുണ്ട് പരിശീലകൻ യുർഗൻ ക്ലോപ് പരിശീലിപ്പിക്കുന്ന ലിവർപൂളിന്റെ അത്യുജ്വല വിജയം. ചെമ്പടയ്ക്കൊപ്പം ക്ലോപ്പിന്റെ ഏറ്റവും ആവേശകരമായ വിജയവും ഇതാണ്. സ്പാനിഷ് ക്ലബ് സെവിയ്യ, വിയ്യാറയൽ, യുക്രെയൻ ക്ലബ് ഷക്തർ എന്നിവയും ലിവർപൂളിനൊപ്പം സെമിയിലെത്തി.

ആവേശകരമായിരുന്നു ഏൻഫീൽഡിലെ കളി. ഒൻപതു മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടി കളംപിടിച്ചശേഷമാണു ഡോർട്മുണ്ട് വീണുപോയത്. അഞ്ചാം മിനിറ്റിൽ ഹെൻറിക് മിത്രായൻ, ഒൻപതാം മിനിറ്റിൽ പീയർ എമറിക് ഔബാമേയങ് എന്നിവരിലൂടെ ജർമൻ ക്ലബ് ലീഡ് നേടി. 48–ാം മിനിറ്റിൽ ലിവർപൂളിനു വേണ്ടി ഡിവോക് ഒറിഗി ഒരു ഗോൾ മടക്കി. എന്നാൽ, 57–ാം മിനിറ്റിൽ മാർക്കോ റ്യൂസിലൂടെ ഡോർട്മുണ്ട് ഒരുഗോൾ കൂടി നേടി. ഇതോടെ, ലിവർപൂൾ കളി കൈവിട്ടെന്നു സകലരും കരുതി.

പിന്നീടായിരുന്നു ചെമ്പടയുടെ തിരിച്ചുവരവ്. 66–ാം മിനിറ്റിൽ ഫിലിപ് കോട്ടീഞ്ഞോയും 78–ാം മിനിറ്റിൽ മമദൗ സാഖോയും ഗോൾ നേടിയതോടെ സ്കോർ 3–3 സമനില. ഇൻജുറി ടൈമിന്റെ ആദ്യമിനിറ്റിൽ ഡെജാൻ ലോവ്‌റെനിന്റെ ഹെഡർ ഗാലറികളെ ഒരുനിമിഷം അവിശ്വസനീയതയുടെ നിശ്ശബ്ദതയിലാഴ്ത്തി. പിന്നെ ആഘോഷം. ഇരുപാദങ്ങളിലുമായി 5–4നു ലിവർപൂൾ സെമിയിൽ.

സെവിയ്യ പെനൽറ്റി ഷൂട്ടൗട്ടിലാണു സ്പെയിൻകാർതന്നെയായ അത്‌ലറ്റിക് ബിൽബാവോയെ കീഴടക്കിയത്. ആദ്യപാദം സെവിയ്യ 2–1നു ജയിച്ചിരുന്നു. രണ്ടാംപാദം സെവിയ്യയുടെ ഗ്രൗണ്ടിൽ ബിൽബാവോയും ഇതേ സ്കോറിൽ ജയിച്ചതോടെ 3–3 സമനില. പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നു സെവിയ്യ അവസാന നാലിൽ ഒരു ക്ലബ്ബാവുകയായിരുന്നു. പോർച്ചുഗൽ ക്ലബ് ബ്രാഗയെ 4–0നു തോൽപിച്ചാണു ഷക്തർ സെമിയിലെത്തിയത്. ഇരുപാദ സ്കോർ 6–1. ചെക്ക് റിപ്പബ്ളിക് ക്ലബ് സ്പാർട്ട പ്രാഗിനെ 4–2നു വിയ്യാറയൽ തോൽപിച്ചു. ഇരുപാദങ്ങളിലുമായി സ്കോർ 6–3.

LEAVE A REPLY

Please enter your comment!
Please enter your name here