ഒറ്റഇരട്ട അക്കനമ്പര്‍ വാഹനനിയന്ത്രണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ പ്രവൃത്തിദിനത്തില്‍ ഡല്‍ഹിയില്‍ കനത്ത ഗതാഗതക്കുരുക്ക്. മെട്രോകളിലും ബസുകളിലും വന്‍തിരക്കാണനുഭവപ്പെട്ടത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വിലക്ക് ലംഘിച്ച് വാഹനമിറക്കിയ ബിജെപി എംപി വിജയ് ഗോയലില്‍ നിന്ന് പൊലീസ് പിഴയീടാക്കി.

ഡല്‍ഹിയില്‍ ഒറ്റഇരട്ടഅക്ക വാഹനനിയന്ത്രണത്തിന്‍റെ രണ്ടാംഘട്ടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടങ്ങിയതെങ്കിലും ശരിയായ പരീക്ഷണദിനം ഇന്നായിരുന്നു. അവധിദിനങ്ങള്‍ക്ക് ശേഷം ഓഫീസുകളെല്ലാം തുറന്ന് പ്രവര്‍ത്തിച്ച ഇന്ന് മെട്രോകളിലും ബസുകളിലും വന്‍തിരക്കായിരുന്നു. ഓഫീസികളിലെത്താന്‍ പലരും ഏറെ പണിപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ ഒന്നാംഘട്ടം നടപ്പാക്കിയപ്പോള്‍ യാത്രാദുരിതമൊഴിവാക്കാന്‍ സ്കൂള്‍ബസുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്കൂളുകള്‍ക്ക് അവധിയില്ലാത്തതിനാല്‍ ബസുകളുടെ എണ്ണത്തില്‍ കുറവ് വന്നു. ആവശ്യത്തിന് ബസുകള്‍ കൂടുതലായി സര്‍വ്വീസിനിറക്കിയില്ല എന്ന ആരോപണവും ശക്തമാണ്.

ചട്ടമനുസരിച്ച് ഇരട്ടഅക്ക വാഹനങ്ങള്‍ മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയതെങ്കിലും പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. അതിനിടെ വാഹനനിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഒറ്റഇരട്ടഅക്ക നിയന്ത്രണത്തിന്‍റെ പേരില്‍ കേജ് രിവാള്‍ സര്‍ക്കാര്‍ പരസ്യത്തിനായി സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിക്കുന്നുവെന്നാണ് ബിജെപിയുടെ വാദം. പ്രതിഷേധത്തിന്‍റെ ഭാഗമായി നിയമംലംഘിച്ച് ഒറ്റഅക്കനന്പറുള്ള വാഹനവുമായി റോഡിലിറങ്ങിയ ബിജെപി എംപി വിജയ് ഗോയലിന് പൊലീസ് 2000രൂപ പിഴയിട്ടു. ഈ എതിര്‍പ്പുകളൊന്നും വകവക്കാതെ മുന്നോട്ട് പോകുന്ന ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണതോത് കുറഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് ഇന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ അനുനയിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here