റോം: 2016ലെ റിയോ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി.പുരാതന ഒളിമ്പിക്‌സിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ഗ്രീസിലെ ഒളിംപിയയിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ദീപം തെളിച്ചത്. ഇനി ദീപശിഖ വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തും. ഓഗസ്റ്റ് അഞ്ചിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഒളിംപിക് ദീപം തെളിയിക്കും.

ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന ചടങ്ങിൽ പ്രകാശത്തിന്റേയും സംഗീതത്തിന്റേയും ഗ്രീക്ക് ദേവൻ അപ്പോളോയോടുള്ള പ്രാർഥനയ്ക്കുശേഷം പ്രത്യേകമായി തയ്യാറാക്കിയ കണ്ണാടിയിലൂടെ സൂര്യപ്രകാശം കടത്തിവിട്ടാണ് ദീപശിഖ തെളിയിച്ചത്. ചടങ്ങിൽ പങ്കെടുത്തവരെല്ലാം പുരാതന വേഷത്തിലായിരുന്നു.

പന്ത്രണ്ടായിരം പേർക്കാണ് ദീപശിഖയേന്താൻ അവസരം ലഭിക്കുക. ആറുദിവസം ഒളിമ്പിക്‌സിന്റെ ജൻമനാടായ ഗ്രീസിലൂട പ്രയാണം നടത്തും . മെയ് മൂന്നിന് ദീപശിഖ ആതിഥേയരാജ്യമായ ബ്രസീലിലെത്തും. നൂറു ദിവസം ബ്രസീലിലെ അഞ്ഞൂറിലധികം നഗരങ്ങളിലൂടേയും ഗ്രാമങ്ങളിലൂടേയും സഞ്ചരിച്ച് ഓഗസ്റ്റ് അഞ്ചിന് മാറക്കാനയിലെ ഒളിംപിക് വേദിയിൽ ആ തിരി തെളിയും. 206 രാജ്യങ്ങളിൽ നിന്നായി ഏകദേശം 10,500 അത്‌ലറ്റുകൾ ഇത്തവണത്തെ ഒളിമ്പിക്‌സിൽ പങ്കെടുക്കുമെന്നാണ് കണക്ക്. ആഗസ്‌റ്റ് 21 ന് ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് തിരശീല വീഴും .

LEAVE A REPLY

Please enter your comment!
Please enter your name here