Thursday, April 25, 2024
spot_img
Home ജീവിത ശൈലി ആരോഗ്യവും ഫിട്നെസ്സും തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം

തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം

73
0

വാനമ്പാടിയോട് തേനും വയമ്പും നാവില്‍ തൂവുന്നുണ്ടെന്നു പറയുന്ന കവിയോ, ഭാര്യയെയോ കാമുകിയെയോ ഒരിക്കലെങ്കിലും തേനേ എന്നു വിളിക്കുന്ന വ്യക്തിയോ തേനിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്  ചിന്തിക്കാനിടയില്ല. ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്,കാല്‍സ്യം,മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും.

തേനുണ്ടാവുന്നത് എങ്ങനെ
ഏതാണ്ട് 60,000 തേനീച്ചകള്‍ രണ്ടുലക്ഷം പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന ദ്രാവകം തേനാവുന്നത് നീണ്ട പ്രക്രിയയിലൂടെയാണ്. ഈച്ചകള്‍ കുടിക്കുന്ന ദ്രാവകം അവയുടെ ആമാശയത്തിലുള്ള അറയില്‍ എന്‍സൈമുകളുമായി കലര്‍ന്നതിനു ശേഷം വായിലേക്ക് തിരിച്ചെത്തിക്കുന്നു. കൂട്ടിലെ ആറകളില്‍ പകരുന്ന ഈ ദ്രാവകത്തില്‍നിന്ന്  ജലാംശം ഇല്ലാതാക്കുന്നതിന് ചിറകുകള്‍ വീശി ബാഷ്പീകരണംനടത്തുകയാണ് തേനീച്ചകള്‍ ചെയ്യുന്നത്. അവസാനം കട്ടിയുള്ള തേനായി അത് മാറും.

തേനിന്റെ പതിനൊന്ന് ഉപയോഗങ്ങള്‍
ഉന്മേഷദായനി
പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം തേനുപയോഗിച്ചാല്‍ അവയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും തേന്‍ സഹായിക്കും.

ചുമമരുന്ന്
രണ്ടു സ്പൂണ്‍ തേന്‍കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് തേന്‍.

സുഖനിദ്ര
നിദ്രാവിഹീനങ്ങളല്ലോ എന്ന് പാടാന്‍ വരട്ടെ ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മ മാറിക്കിട്ടും.

മുറി(വ്)മരുന്ന്
മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. ഇതിന്റെ അണുനാശകശേഷി രോഗാണുക്കളുടെ വളര്‍ച്ചയെ തടയും. വീക്കവും വേദനയും കുറയാനും മുറിപ്പാടുകള്‍ മായ്ക്കാനും തേന്‍ സഹായിക്കും.

പ്രതിരോധശേഷി
പ്രഭാതഭക്ഷണത്തിനു മുന്‍പ് ഒരുഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും.അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

മന്ദത മാറ്റാം
മദ്യപാനത്തിനു ശേഷമുണ്ടാകുന്ന എല്ലാതരം അലസതയും എതാനും ടീസ്പൂണ്‍ തേന്‍ കുടിച്ച് മാറ്റാം.

ഹൃദ്രോഗം തടയും
തേന്‍കുടിക്കുന്നതു ശീലമായാല്‍ ഹൃദ്രോഗബാധ പോലും തടയാം. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും.

സ്ലിം ബ്യൂട്ടിയാവാം
ഉറങ്ങുന്നതിനു മുന്‍പ് തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി തേന്‍ ഉപയോഗിക്കുന്നതു കൊണ്ട് കുറയ്ക്കാന്‍ കഴിയും.

സുന്ദരചര്‍മത്തിന്
വരണ്ടചര്‍മം സുന്ദരമാവാന്‍ തേന്‍ നല്ലതാണ്. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു തടയാന്‍ തേന്‍പുരട്ടിയാല്‍ മതി. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം.

താരന്‍ നിയന്ത്രിക്കാം
തേന്‍ കുറച്ച് ചൂട് വെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടുന്നതു ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ഒരാഴ്ചയോളം താരന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലും തടയാം.

മുടിയുടെ പട്ടഴക്
ഒരു സ്പൂണ്‍ തേന്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലോ ഒലിവെണ്ണയിലോ കലര്‍ത്തി കുളിക്കുന്നതിന് 20 മിനിറ്റു മുന്‍പ് തലയില്‍ പുരട്ടി കഴുകിക്കളഞ്ഞാല്‍ പട്ടു പോലെ മൃദുലമായ മുടി സ്വന്തമാക്കാം.
      
തേന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്നെങ്കിലും ഒരു വയസ്സ് തികയുന്നതിനു മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതാണുത്തമം.

 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: