ന്യൂഡല്‍ഹി: വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ പുറത്താക്കലുള്‍പ്പെടെ കടുത്ത ശിക്ഷാനടപടി പ്രഖ്യാപിച്ചതോടെ ചെറിയ ഇടവേളക്കുശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സമരച്ചൂടിലേക്ക്. ദേശദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയും തടവിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിരന്തര സമരങ്ങളില്‍ മുഴുകിയിരുന്ന കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലെ നടപടികള്‍ തിങ്കളാഴ്ചയാണ് വാഴ്സിറ്റി പ്രഖ്യാപിച്ചത്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗാട്ടൂ എന്നിവരെ പുറത്താക്കാനും കനയ്യ കുമാര്‍ ഉള്‍പ്പെടെ പലരില്‍നിന്നും പിഴയീടാക്കാനുമാണ് സര്‍വകലാശാല തീരുമാനം. അന്വേഷണം പ്രഹസനമായിരുന്നുവെന്നും ശിക്ഷാനടപടികള്‍ അംഗീകരിക്കാനാവില്ളെന്നും വിദ്യാര്‍ഥിഅധ്യാപക സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അന്വേഷണം തികച്ചും പക്ഷപാതപരവും നടപടി പകപോക്കലുമാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്ലാ റാഷിദ് ഷോറ അഭിപ്രായപ്പെട്ടു. അനിശ്ചിതകാല നിരാഹാരസമരം അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്നും രാജ്യവ്യാപകമായി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ തീര്‍ത്ത് നടപടിക്കെതിരെ പൊരുതുമെന്നും അവര്‍ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി അന്വേഷണ സമിതി റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പുകള്‍ വിദ്യാര്‍ഥികള്‍ കത്തിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ അന്യായമാണെന്നും സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കനയ്യ കുമാറിനു 10,000 രൂപ പിഴയാണു ചുമത്തിയിരിക്കുന്നത്. ഗവേഷണ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ കാലയളവിലേക്കും അനിര്‍ബാന്‍ ഭട്ടാചാര്യയെ ജുലൈ 15 വരെയും സര്‍വകലാശാലയില്‍നിന്നു പുറത്താക്കുകയും ചെയ്തു. അഫ്സല്‍ ഗുരു അനുസ്മരണത്തിന്‍റെ പേരില്‍ മാത്രമല്ല, വിദ്യാര്‍ഥികളുടെ പൂര്‍വകാല അച്ചടക്കം കൂടി കണക്കിലെടുത്തുള്ളതാണു നടപടിയെന്നു സര്‍വകലാശാല പ്രതികരിച്ചു. ഇതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരായ ജനാധിപത്യവിരുദ്ധ നടപടി സര്‍വകലാശാല പിന്‍വലിക്കണമെന്നു സിപിഐ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബിജെപി, എബിവിപി, കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം എന്നിവയുടെ ഒത്താശയോടെയാണു സര്‍വകലാശാലാ നടപടിയെന്നും സിപിഐ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here